കാര്‍ഷിക വായ്പ മൊറട്ടോറിയം ഒരു വര്‍ഷംകൂടി നീട്ടണം, 2000 കോടി അനുവദിക്കണം; കേരളം കേന്ദ്രത്തിന് നിവേദനം നല്‍കി

Posted on: August 19, 2019 8:10 pm | Last updated: August 20, 2019 at 9:38 am

തിരുവനന്തപുരം: കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം ഒരു വര്‍ഷം കൂടി നീട്ടണമെന്ന് കേരളം കേന്ദ്രത്തോടാവശ്യപ്പെട്ടു. പ്രളയം കണക്കിലെടുത്ത് 2000 കോടി രൂപയുടെ അടിയന്തര വായ്പ അനുവദിക്കണമെന്നും സംസ്ഥാനം കേന്ദ്രത്തിന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പട്ടിട്ടുണ്ട്. പ്രളയക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം സംസ്ഥാനം സന്ദര്‍ശിക്കുമെന്നും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഡല്‍ഹയില്‍ പറഞ്ഞു. ഡിസംബര്‍ 31 വരെയാണ് കാര്‍ഷിക വായ്പകള്‍ക്ക് നിലവില്‍ മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്. കാലാവധി 2020 ഡിസംബര്‍ 31 വരെ നീട്ടണമെന്നാണ് കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ക്ക് നല്‍കിയ നിവേദനത്തില്‍ സംസ്ഥാനം ആവശ്യപ്പെടുന്നത്.

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പലിശ രഹിത കാര്‍ഷിക വായ്പ നല്‍കണം. സഹകരണ ബേങ്കുകളില്‍ നിന്ന് വായ്പയെടുത്ത സാധാരണക്കാരുടെ മറ്റ് കടങ്ങള്‍ പുനഃക്രമീകരിക്കണം. ഇതിനായി നബാര്‍ഡില്‍ നിന്ന് അധികസഹായം അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.അതേ സമയം പ്രളയബാധിത പ്രദേശങ്ങളിലെ സന്ദര്‍ശന തീയതി കേന്ദ്രസംഘം അറിയിച്ചിട്ടില്ല.