National
കശ്മീര്‍: അമിത് ഷാ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ കണ്ടു

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയുമായും കൂടിക്കാഴ്ച നടത്തി. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് സര്‍ക്കാര്‍ റദ്ദാക്കിയ ശേഷം പത്തു ദിവസത്തോളം കശ്മീര്‍ താഴ്‌വരയില്‍ സന്ദര്‍ശനം നടത്തിയ ഡോവല്‍ അടുത്തിടെയാണ് മടങ്ങിയെത്തിയത്. ജനങ്ങളുടെ പ്രതികരണങ്ങള്‍ കേട്ട അദ്ദേഹം ഉന്നതസൈനിക-അര്‍ധ സൈനിക കമാന്‍ഡര്‍മാരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതിനെ തുടര്‍ന്ന് കശ്മീരിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളില്‍ ചിലത് ഇന്ന് തുറന്നിരുന്നു. എന്നാല്‍, പലയിടത്തും കുട്ടികള്‍ എത്തിയില്ല. കുട്ടികളെ സ്‌കൂളില്‍ വിടാന്‍ രക്ഷിതാക്കള്‍ ഭയപ്പെടുകയാണ്. 95 സര്‍ക്കാര്‍ സ്‌കൂളുകള്‍ മാത്രമാണ് ഇന്ന് തുറന്നത്. അതേസമയം, സ്വകാര്യ വിദ്യാലയങ്ങള്‍ തുടര്‍ച്ചയായ 15ാം ദിവസവും അടഞ്ഞുകിടന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്‌കൂളുകള്‍ തുറക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
പ്രൈമറി സ്‌കൂളുകള്‍ തുറന്നതുമായി ബന്ധപ്പെട്ട് അസ്വാസ്ഥ്യജനകമായ കാര്യങ്ങളൊന്നും ഉണ്ടാകുന്നില്ലെങ്കില്‍ മിഡില്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും തുറക്കുമെന്ന് ഉന്നതോദ്യോഗസ്ഥര്‍ പറഞ്ഞു. തുറക്കേണ്ട സ്‌കൂളുകളുടെ പട്ടിക തയാറാക്കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ശ്രീനഗറിലെ 190 പ്രൈമറി സ്‌കൂളുകള്‍ വീണ്ടും തുറക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചു വരികയാണെന്ന് സര്‍ക്കാര്‍ വക്താവും പ്രിന്‍സിപ്പല്‍ സെക്രട്ടറി (പ്ലാനിംഗ്) രോഹിത് കന്‍സല്‍ പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളും പൂര്‍ണമായി തുറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ആദ്യ സ്‌കൂളുകള്‍ തുറക്കട്ടെ. ഘട്ടം ഘട്ടമായി നടപടികള്‍ പൂര്‍ത്തിയാക്കും-കന്‍സല്‍ പറഞ്ഞു.