പുത്തുമല ഉരുൾപൊട്ടൽ: ഒരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെത്തി

Posted on: August 19, 2019 4:13 pm | Last updated: August 19, 2019 at 6:07 pm

മേപ്പാടി: പുത്തുമല ഉരുൾ പൊട്ടൽ ദുരന്തത്തിൽ കാണാതായ ഒരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. ഇനി അഞ്ചു പേരെയാണ് കണ്ടെത്താനുള്ളത്.

300 അടിയിലധികം താഴ്ച്ചയുള്ള കൊക്കയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസും ഫയർഫോഴ്സും നാട്ടുകാരും സ്വാന്തനം വളണ്ടിയർമാരും സംഭവസ്ഥത്തെത്തി മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമത്തിലാണ്. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ദുരന്തം നടന്ന പ്രദേശത്ത് നിന്ന് മൂന്നു കിലോ മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

ഇന്നലെയും ഈ പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. എന്നാൽ ആളെ തിരിച്ചറിയാൻ കഴിയാത്തതിനാൽ മൃതദേഹം സ്വകാര്യ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. ഡി.എൻ.എ ടെസ്റ്റ് പൂർത്തിയായ ശേഷം മുതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്തെ അഗാധമായ കൊക്കയിൽ നിന്നും പുറത്തെത്തിക്കുന്നത് വൻ ദുഷ്‌കരമായിരിക്കുകയാണ്. മുന്നൂറ്‌ അടിയിലധികം താഴ്ചയുള്ള പാറക്കെട്ടുകൾക്കിടയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ചെങ്കുത്തായ സ്ഥലമായതിനാൽ ജീവൻ പണയം വെച്ചാണ് വളണ്ടിയർമാരും പോലീസ് -ഫയർ ഫോഴ്‌സ് സേനകൾ ചേര്‍ന്ന്‌ മൃതദേഹം പുറത്തെത്തിക്കുന്നത്.