National
കശ്മീര്‍: കേന്ദ്ര നടപടിക്കെതിരെ ഡി എം കെ 22ന് ഡല്‍ഹിയില്‍ പ്രതിഷേധിക്കും

ന്യൂഡല്‍ഹി: കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370ാം വകുപ്പ് റദ്ദാക്കിയ കേന്ദ്ര നടപടി പിന്‍വലിക്കുക, കരുതല്‍ തടങ്കലില്‍ വെച്ചിരിക്കുന്ന നേതാക്കളെ എത്രയും പെട്ടെന്ന് വിട്ടയക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഡി എം കെ ആഗസ്റ്റ് 22ന് ഡല്‍ഹിയില്‍ പ്രതിഷേധ പ്രകടനം നടത്തും. ജന്തര്‍മന്ദിറില്‍ നിന്ന് രാവിലെ 11 ന് പ്രകടനം ആരംഭിക്കും. ഡി എം കെ എം പിമാര്‍ക്കു പുറമെ ഇതര രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള എം പിമാരും മറ്റു നേതാക്കളും പങ്കെടുക്കും.
370ാം വകുപ്പ് റദ്ദാക്കിയതിനെതിരെ ഇതിനു മുമ്പും ഡി എം കെ രംഗത്തെത്തിയിരുന്നു. ജനാധിപത്യ ധ്വംസനമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് ഡി എം കെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു. ജമ്മു കശ്മീരിലെ ജനങ്ങളുടെ താത്പര്യമന്വേഷിക്കാതെയാണ് തീരുമാനം നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫെഡറല്‍ സംവിധാനത്തിന് കീഴില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതിന്റെ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെയാണ് നിലവിലെ സംസ്ഥാനത്തെ വിഭജിച്ച് കേന്ദ്രഭരണ പ്രദേശമാക്കുന്നതെന്നും സ്റ്റാലിന്‍ ആരോപിച്ചിരുന്നു.