Wayanad
നാടൊരുമിച്ചു; ദുരിതാശ്വാസ ക്യാമ്പ് വിവാഹ വേദിയായി

കല്‍പറ്റ: ഉരുള്‍പൊട്ടലില്‍ സര്‍വവും ഒലിച്ചുപോയ പുത്തുമലക്കരികിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഇന്ന് നടന്നത് ആ ക്യാമ്പിന്റെ ലക്ഷ്യങ്ങള്‍ക്കുമപ്പുറമുള്ള ഒരു ചടങ്ങാണ്. കണ്ണീരിന്റെയും ആശങ്കയുടെയും നെടുവീര്‍പ്പുകളുടെയും അന്തരീക്ഷത്തെ സന്തോഷത്തിന്റെ തലത്തിലേക്ക് നയിച്ച സവിശേഷമായ ഒരു ചടങ്ങ്. റാബിയയുടെയും ശാഫിയുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ്-അവരുടെ വിവാഹം.
പുത്തുമലക്കടുത്ത ചൂരല്‍മല പരേതനായ ചാലമ്പാടന്‍ മൊയ്തീകുട്ടി–ജുമൈലത്ത് ദമ്പതികളുടെ മകള്‍ റാബിയയും പേരാമ്പ്ര പള്ളിമുക്ക് നടത്തലക്കല്‍ അബൂബക്കര്‍–സൈനബ ദമ്പതിമാരുടെ മകന്‍ മുഹമ്മദ് ഷാഫിയുമാണ് മേപ്പാടി സെന്റ് ജോസഫ്സ് യുപി സ്‌കൂളിലെ ക്യാമ്പില്‍ വിവാഹിതരായത്.
ചൂരല്‍മലയിലെ മദ്രസയിലായിരുന്നു ഇതേ ദിവസം വിവാഹം നടക്കേണ്ടിയിരുന്നത്. മണ്ണിടിഞ്ഞ് മലവെള്ളം റാബിയുടെ വീടിനകത്തേക്ക് കയറിയപ്പോള്‍ . വിവാഹ വസ്ത്രങ്ങളടക്കം നശിച്ചു. തോട്ടം തൊഴിലാളിയായ ജുമൈലത്ത് മകളോടൊപ്പം ദുരിതാശ്വാസ ക്യാമ്പില്‍ എത്തി. ആ ഉമ്മയുടെയും മകളുടെയും നൊമ്പരം നാട് ഏറ്റെടുത്തപ്പോഴാണ് ദുരിതാശ്വാസ ക്യാമ്പ് വിവാഹ വേദിയായത്.
കണ്ണുനിറയേണ്ടി വന്നില്ല; പോയതെല്ലാം നാടൊരുമിച്ചുനല്‍കി എന്നാണ് റാബിയ പറയുന്നത്. ആഭരണങ്ങളടക്കം എല്ലാകാര്യങ്ങളും ഒരുക്കിയത് നല്ല മനസ്സുകളാണ്.
ഈ നാടിന്റെ ഒത്തൊരുമയുടെയും പാരസ്പര്യത്തിന്റെയും സ്‌നേഹവായ്പ്പിന്റെയും അടയാളമായി വിവാഹം മാറിയെന്ന് മുഖ്യമന്ത്രി നവദമ്പതികള്‍ക്ക് ആശംസകളറിയിച്ചു.