കടയിലെ മുഴുവൻ വസ്ത്രങ്ങളും പ്രളയ ബാധിതർക്ക് നൽകി ഹാരിഷ

Posted on: August 18, 2019 3:57 pm | Last updated: August 18, 2019 at 3:58 pm
ഹാരിഷയും മക്കളും തന്റെ വസ്ത്രക്കടയിൽ

കൊച്ചി: കൊച്ചി നൗഷാദിന് പിന്നാലെ കൊച്ചിയിൽ നിന്ന് വീണ്ടും അതിജീവനത്തിന് കൈത്താങ്ങായി വസ്ത്ര വ്യാപാരി. ഇത്തവണ മട്ടാഞ്ചേരി കോമ്പാറമുക്ക് സ്വദേശിനി ഹാരിഷയെന്ന യുവതിയാണ് തന്റെ കടയിലെ മുഴുവൻ വസ്ത്രങ്ങളും പ്രളയ ദുരിത ബാധിതർക്കായി നൽകിയത്. ഇവരുടെ സത്പ്രവൃത്തി ഇപ്പോൾ യുട്യൂബിൽ വൈറലായിരിക്കുകയാണ്. ടിക്‌ടോക്കിലൂടെ പ്രശസ്തമായ അമ്മാമേം കൊച്ചുമോനും എന്ന ഗ്രൂപ്പിന്റെ ലൈവ് കണ്ടിട്ടാണ് ഹാരിഷ ഇവർക്ക് തന്റെ കടയിലുള്ള വസ്ത്രങ്ങൾ തരാമെന്ന സന്ദേശം ഇട്ടത്.

വസ്ത്രങ്ങൾ എത്തിച്ച് തരാമെന്ന് പറഞ്ഞെങ്കിലും ദുരിതാശ്വാസ പ്രവർത്തകർ ഇവരുടെ കടയിലെത്തി ശേഖരിക്കുകയായിരുന്നു. കോമ്പാറമുക്കിൽ ഉമ്മാസ് കലക്‌ഷൻ എന്ന പേരിലാണ് ഇവർ വസ്ത്രവ്യാപാരം നടത്തുന്നത്. കടയിലെ കുറച്ച് വസ്ത്രങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ദുരിതാശ്വാസ പ്രവർത്തകർ എത്തിയതെങ്കിലും അവരെ ഞെട്ടിച്ച് മുഴുവൻ വസ്ത്രങ്ങളും നൽകുകയായിരുന്നു ഹാരിഷ. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഭർത്താവ് ഫൈസലിനോട് ഇത് സംബന്ധിച്ച് ഹാരിഷ പറഞ്ഞപ്പോൾ പൂർണ സമ്മതം നൽകുകയായിരുന്നു.

ങ്ങൾക്കിപ്പോൾ കിടക്കാനെങ്കിലും ഇടമുണ്ട്. എന്നാൽ എല്ലാം നഷ്ടപ്പെട്ടവരുടെ വേദന കണ്ടില്ലെന്ന് നടിച്ചാൽ ദൈവം പൊറുക്കില്ലെന്നും ഹാരിഷ പറയുന്നു. രണ്ട് പെൺകുട്ടികളുടെ മാതാവായ ഹാരിഷയുടെ വരുമാന മാർഗമായ കടയിലെ മുഴുവൻ വസ്ത്രങ്ങളും നൽകിയത് കൊണ്ട് ബുദ്ധിമുട്ടാകുകയില്ലേയെന്ന ചോദ്യത്തിന് തരുന്നതും എടുക്കുന്നതും ദൈവമല്ലേയെന്ന മറുപടിയാണ് ലഭിച്ചത്.
ഇനി കട വീണ്ടും തുറക്കുക പ്രയാസമാണെന്നും തയ്യൽ അറിയാവുന്നത് കൊണ്ട് ആ ജോലിയുമായി മുന്നോട്ട് പോകുമെന്നും ഹാരിഷ പറഞ്ഞു. നിലമ്പൂരിലെ ദുരിതാശ്വാസ ക്യാമ്പിലേക്കാണ് വസ്ത്രങ്ങൾ നൽകിയത്.
ശാരദാ മന്ദിറിൽ അഞ്ചാം തരത്തിൽ പഠിക്കുന്ന ഫൈഹയും മട്ടാഞ്ചേരി ഗുജറാത്തി വിദ്യാലയയിൽ പത്താം തരത്തിൽ പഠിക്കുന്ന ഫിദയുമാണ് ഹാരിഷയുടെ മക്കൾ.