പാക്കിസ്ഥാനുമായി ചര്‍ച്ച നടക്കുകയാണെങ്കില്‍ അത് പാക് അധീന കശ്മീര്‍ വിഷയത്തില്‍ മാത്രം: രാജ്‌നാഥ് സിംഗ്

Posted on: August 18, 2019 3:45 pm | Last updated: August 19, 2019 at 11:16 am

ന്യൂഡല്‍ഹി: പാക്കിസ്ഥാനെതിരെ രാജ്യത്തിന്റെ കടുത്ത നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കി പ്രതിരോധ വകുപ്പു മന്ത്രി രാജ്‌നാഥ് സിംഗ്. ഉഭയകക്ഷി ചര്‍ച്ച നടക്കുകയാണെങ്കില്‍ അത് ജമ്മു കശ്മീര്‍ വിഷയത്തിലായിരിക്കില്ല, മറിച്ച് പാക് അധീനതയിലുള്ള കശ്മീരുമായി ബന്ധപ്പെട്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒക്ടോബറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹരിയാനയിലെ ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്.

ഭീകരവാദികള്‍ക്ക് പാക്കിസ്ഥാന്‍ നല്‍കുന്ന സഹായവും പിന്തുണയും അവസാനിപ്പിച്ചാല്‍ മാത്രമെ, ചര്‍ച്ചക്ക് തയാറുള്ളൂവെന്ന നിലപാടും പ്രതിരോധ മന്ത്രി ആവര്‍ത്തിച്ചു. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ എന്തോ തെറ്റ് ചെയ്തുവെന്ന് പറഞ്ഞ് അന്താരാഷ്ട്ര സമൂഹത്തിന്റെ വാതിലുകളില്‍ മുട്ടിക്കൊണ്ടിരിക്കുകയാണ് പാക്കിസ്ഥാനെന്ന് അദ്ദേഹം പറഞ്ഞു. ചൈനയുടെ ആവശ്യ പ്രകാരം കശ്മീര്‍ വിഷയത്തില്‍ 370ാം വകുപ്പ് റദ്ദാക്കിയതുള്‍പ്പടെ ജമ്മു കശ്മീരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് യു എന്‍ സുരക്ഷാ കൗണ്‍സില്‍ യോഗം ചേര്‍ന്നതിനു പിന്നാലെയാണ് രാജ്‌നാഥ് സിംഗിന്റെ പ്രതികരണം.

യോഗത്തില്‍ ചൈന മാത്രമാണ് പാക്കിസ്ഥാന് അനുകൂലമായ നടപടി സ്വീകരിച്ചത്. റഷ്യയും ബ്രിട്ടനും ഫ്രാന്‍സും ഇന്ത്യയെ അനുകൂലിച്ചു. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ചൈന ആശങ്ക പ്രകടിപ്പിച്ചു. കശ്മീരിനെ വിഭജിക്കുന്നതില്‍ ചൈന ഇതിനു മുമ്പു തന്നെ അതൃപ്തി അറിയിച്ചിരുന്നു.ഐക്യരാഷ്ട്ര സഭ തര്‍ക്ക പ്രദേശമെന്ന് പ്രഖ്യാപിച്ച കശ്മീരീല്‍ ഇന്ത്യ ഏകപക്ഷീയ നിലപാടാണ് സ്വീകരിച്ചതെന്നും ഇത് അനുവദിക്കാനാകില്ലെന്നും ചൈന നിലപാടെടുത്തു.

കശ്മീരിലെ സാഹചര്യം അപകടകരമാണെന്നും വിഷയത്തില്‍ പാകിസ്ഥാനുമായി ഇന്ത്യ ചര്‍ച്ച നടത്തേണ്ടിയിരുന്നെന്നും ചൈന അഭിപ്രായപ്പെട്ടു. എന്നാല്‍, പ്രശ്നം ഇരു രാജ്യങ്ങളും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കട്ടെ എന്നായിരുന്നു ഫ്രാന്‍സ്, റഷ്യ, ബ്രിട്ടന്‍, അമേരിക്ക എന്നീ മറ്റ് സ്ഥിരാംഗങ്ങളുടെ നിലപാട്.