ഒറ്റമരത്തണൽ

"ഇതൊക്കെ കൊടുത്താൽ ദൈവത്തിൽ നിന്നുള്ള കൂലിയുണ്ട്. മറ്റുള്ളവരെ സഹായിക്കലാണല്ലൊ നമ്മുടെ കടമ. നമ്മൾ ഇതൊന്നും എവിടേക്കും കൊണ്ടുപോണില്ലല്ലൊ. കട കാലിയാവുകയൊന്നുമില്ല. സഹജീവികൾക്ക് ദാനം കൊടുക്കുന്നതാണ് ഏറ്റവും വലിയ ലാഭം. എല്ലാം ഇനീം വരും'- പ്രതീക്ഷ കൈവിടാതെ നൗഷാദ് പറയുന്നു.
പ്രചോദനം
Posted on: August 18, 2019 2:46 pm | Last updated: August 18, 2019 at 2:46 pm

നൗഷാദ്, നന്മ വറ്റാത്ത മനസ്സിന്റെ ഉടമയായ വഴിയോര കച്ചവടക്കാരൻ. പ്രളയ ജലത്തിലും ഒഴുകിപ്പോകാതെ നിന്ന നന്മ നിറഞ്ഞ തോണി. “മരിക്കുമ്പോ ഒന്നും കൊണ്ടുപോകൂലല്ലോ, എനിക്കിനിയും പടച്ചവൻ തരു’മെന്ന് പറഞ്ഞ് കൊണ്ടായിരുന്നു അദ്ദേഹം തന്റെ സമ്പാദ്യങ്ങളെല്ലാം വാരിക്കോരി ചാക്കിലാക്കി പ്രളയബാധിതർക്കായി നൽകിയത്. സമ്പാദ്യങ്ങൾ എവിടെ സൂക്ഷിക്കണമെന്ന് അറിയാത്തതിനാലല്ല ഇങ്ങനെയൊരു ഉദ്യമത്തിനിറങ്ങിയത്. അതിജീവനത്തിനായി കേഴുന്ന കേരളത്തിന് പുതു ചരിതം തീർക്കുകയയായിരുന്നു ആ നന്മ മരം.

കനത്ത പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട് കഴിയുന്നവർക്കായി തന്റെ ഉപജീവനമാർഗമായ തുണിക്കടയിലെ വസ്ത്രങ്ങൾ നിരവധി ഭാണ്ഡങ്ങളിലായി നൽകി മാതൃക കാണിച്ച എറണാകുളം ബ്രോഡ്‌വേയിലെ വസ്ത്ര വ്യാപാരി നൗഷാദ് ഏവരുടെയും പ്രശംസ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. അധികമാർക്കും ചെയ്യാനാകാത്ത വലിയ കാരുണ്യമാണ് വൈപ്പിൻ മാലിപ്പുറം സ്വദേശിയായ പനച്ചിക്കൽ വീട്ടിൽ നൗഷാദ് ചെയ്തത്. ബലിപെരുന്നാൾ ആഘോഷത്തിനുള്ള പണം കണ്ടെത്താൻ വിൽപ്പനക്കെത്തിച്ച വസ്ത്രങ്ങൾ യാതൊരു മടിയും കൂടാതെ സഹ ജീവികൾക്ക് ദാനം ചെയ്ത് മഹാ മാതൃക തീർക്കുകയായിരുന്നു ആ മനുഷ്യൻ.

വയനാട്ടിലെ ദുരിതാശ്വാസ ക്യമ്പുകളിൽ കഴിയുന്നവർക്കായി പെരുന്നാൾ തലേന്ന് സഹായം തേടിയെത്തിയ നടൻ രാജേഷ് ശർമയും സംഘവും ഉൾപ്പെട്ട സന്നദ്ധ പ്രവർത്തകരെ അത്ഭുതപ്പെടുത്തിയാണ് വസ്ത്രങ്ങളെല്ലാം ഒന്നൊഴിയാതെ പ്രളയബാധിതർക്കായി നൽകിയത്. “നാളെ പെരുന്നാളല്ലേ, എന്റെ പെരുന്നാൾ ഇങ്ങനെയാ’ എന്ന് പറഞ്ഞായിരുന്നു നൗഷാദ് വസ്ത്രങ്ങളെല്ലാം സംഭാവന കൊടുത്തത്. കഴിഞ്ഞ പ്രളയത്തിലും സഹായം നൽകിയിരുന്ന നൗഷാദ് വലത് കൈകൊണ്ട് കൊടുക്കുന്നത് ഇടത് കൈ പോലും അറിയരുതെന്ന് വിശ്വസിക്കുന്നയാളായിരുന്നു. ഇത്തവണ നടൻ രാജേഷ് ശർമ വസ്ത്രങ്ങൾ നൽകുന്ന രംഗം ഫേസ്ബുക്കിൽ ലൈവാക്കിയതോടെയാണ് നൗഷാദിനെ ലോകമറിഞ്ഞത്. ഇതിന് ശേഷം തിരക്കുകളൊഴിഞ്ഞ സമയം നൗഷാദിന് ലഭിച്ചിട്ടില്ല. സ്‌നേഹാദരങ്ങളിൽ വീർപ്പുമുട്ടുകയാണ് ഇദ്ദേഹം.

നവ മാധ്യമങ്ങളിലും നൗഷാദിന് അഭിനന്ദന പ്രവാഹം തുടരുകയാണ്. നൗഷാദിന്റെ നന്മയെ പ്രകീർത്തിച്ചുള്ള പോസ്റ്റുകളാണ് പലരും പങ്കുവെക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെയുള്ള ഭരണകർത്താക്കളും പ്രത്യേകം അനുമോദിച്ചിരുന്നു. സിനിമാ നടന്മാരായ മമ്മൂട്ടി, ജയസൂര്യ ഉൾപ്പെടെയുള്ള ഒട്ടേറെ പേർ നൗഷാദുമായി ടെലിഫോണിലും വാട്‌സ് ആപ്പിലും ബന്ധപ്പെട്ട് അഭിനന്ദനം അറിയിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്ന് പോലും നൗഷാദിനെ അഭിനന്ദിച്ച് ഫോൺ വിളികൾ എത്തിക്കൊണ്ടിരിക്കുന്നു. ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് അദ്ദേഹം സ്വപ്‌നേപി കരുതിയിരുന്നില്ല.
പ്രവാസ ലോകത്ത് നിന്ന് അദ്ദേഹത്തെ തേടി ഒരുപാട് സമ്മാനങ്ങളും ഓഫറുകളുമാണ് വരുന്നത്. നൗഷാദിനും കുടുംബത്തിനും യു എ ഇ സന്ദർശിക്കാനുള്ള സൗകര്യം ഏർപ്പെടുത്തുമെന്നും പണം സമ്മാനമായി നൽകുമെന്നും നിരവധി പ്രവാസികൾ വാഗ്ദാനം നൽകിയിട്ടുണ്ട്. എന്നാൽ, ഇതൊന്നും സ്വീകരിക്കാൻ നൗഷാദ് ഇതുവരെ തയ്യാറായിട്ടില്ല.

ഒമ്പത് വർഷം സഊദി അറേബ്യയിൽ പഴം- പച്ചക്കറി കച്ചവടം നടത്തിയ നൗഷാദ്, സ്വദേശിവത്കരണം വന്നതോടെയാണ് നാടണഞ്ഞത്. അഞ്ച് വർഷത്തോളമായി ബ്രോഡ്‌വേയിൽ തുണിക്കച്ചവടം ചെയ്താണ് ഉപജീവനം കണ്ടെത്തുന്നത്. പ്ലസ്ടു വിദ്യാർഥിയായ ഫഹദ്, വിവാഹിതയായ ഫർസാന എന്നിവരാണ് മക്കൾ. നിസയാണ് ഭാര്യ. അഡ്വാൻസ് മാത്രം കൊടുത്തപ്പോൾ ബന്ധു നൽകിയ വീട്ടിലാണ് ഇവരുടെ താമസം. വീട് വെച്ച് നൽകാമെന്നുൾപ്പെടെയുള്ള സഹായ വാഗ്ദാനങ്ങളുമായി പലരും സമീപിച്ചപ്പോഴെല്ലാം ദുരിത ബാധിതരെ സഹായിക്കാനാണ് നൗഷാദ് തിരിച്ച് ആവശ്യപ്പെടുന്നത്.
ഇബ്‌റാഹീം നബിയുടെയും മകൻ ഇസ്മാഈൽ നബിയുടെയും ത്യാഗ നിർഭരമായ ജീവിത സന്ദേശം പകരുന്ന ബലി പെരുന്നാൾ സുദിനത്തിൽ തന്നെയായിരുന്നു നൗഷാദെന്ന മനുഷ്യൻ തന്റെ സമ്പാദ്യങ്ങളെല്ലാം സമർപ്പിച്ച് മാതൃകയായത്. “ഇതൊക്കെ കൊടുത്താൽ ദൈവത്തിൽ നിന്നുള്ള കൂലിയുണ്ട്. മറ്റുള്ളവരെ സഹായിക്കലാണല്ലൊ നമ്മുടെ കടമ. നമ്മൾ ഇതൊന്നും എവിടേക്കും കൊണ്ടുപോണില്ലല്ലൊ. കട കാലിയാവുകയൊന്നുമില്ല. സഹജീവികൾക്ക് ദാനം കൊടുക്കുന്നതാണ് ഏറ്റവും വലിയ ലാഭം. എല്ലാം ഇനീം വരും’- പ്രതീക്ഷ കൈവിടാതെ നൗഷാദ് പറയുന്നു.

നൗഷാദിന് പിൻഗാമിയായി ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിയായ വ്യാപാരിയും തന്റെ വസ്ത്രശാലയിലെ ലക്ഷക്കണക്കിന് രൂപ വില വരുന്ന മുഴുവൻ വസ്ത്രങ്ങളും പ്രളയബാധിതർക്കായി സംഭാവന ചെയ്ത് മാതൃകയായിട്ടുണ്ട്. അബ്ദുല്ല അണ്ടോളിലെന്ന വ്യാപാരിയാണ് അണ്ടോളിൽ ബ്യൂട്ടിക് എന്ന സ്ഥാപനത്തിലെ വസ്ത്രങ്ങൾ സന്നദ്ധ സംഘടന നടത്തിയ വിഭവ സമാഹരണത്തിനിടെ സംഭാവന നൽകിയത്. തിരുവനന്തപുരത്തെ ആദർശ്, കോഴിക്കോട്ടെ ലിനു അണ്ടനെ നിരവധി പേർ.

നൗഷാദുമാർ ഇനിയും പിറവിയെടുക്കുക തന്നെ ചെയ്യും. വറ്റാത്ത കാരുണ്യ പ്രവർത്തനം കാഴ്ചവെക്കുന്ന ഇത്തരം നന്മ മരങ്ങൾ ഉള്ളിടത്തോളം എത്ര വലിയ ദുരന്തങ്ങളെയും നാം അതിജീവിക്കുകയും ചെയ്യും.

പി പി ജാഫർ അബ്ദുർറഹീം
[email protected]