Kerala
ഇന്ന് ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി; കവളപ്പാറയില്‍ മരണം 46 ആയി

നിലമ്പൂര്‍: ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയില്‍ ആറ്
മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 46 ആയി. ഇനിയും 13 പേരെ ഇവിടെ നിന്ന് കണ്ടെത്താനുണ്ട്. ജി പി ആര്‍ (ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാര്‍) സംവിധാനം ഉപയോഗിച്ചാണ് ഇന്ന്
തിരച്ചില്‍ നടക്കുന്നത്. ജി പി ആര്‍ ഉപയോഗിച്ചുള്ള തിരച്ചിലിന് ഹൈദരാബാദ് നാഷണല്‍ ജിയോ ഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള വിദഗ്ധ സംഘം സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.
പ്രിന്‍സിപ്പല്‍ ശാസ്ത്രജ്ഞന്‍, ആനന്ദ് കെ പാണ്ഡെ, രത്‌നാകര്‍ ദാക്തെ, സാങ്കേതിക അസിസ്റ്റന്റ് ദിനേശ് കെ സഹദേവന്‍, സീനിയര്‍ റിസര്‍ച്ച് ഫെല്ലോ ജോന്‍ഡി ഗോഗോയ്, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോകളായ സതീഷ് വര്‍മ, സഞ്ജീവ് കുമാര്‍ ഗുപ്ത എന്നിവരാണ് സംഘത്തിലുള്ളത്.
പാറ, മണ്ണ്, ഐസ്, ജലം, നടപ്പാതകള്‍ തുടങ്ങിയ ഇടങ്ങളില്‍ ജി പി ആര്‍ എസ് ഉപയോഗിച്ച് തിരച്ചില്‍ നടത്താന്‍ സാധിക്കും. അടിഭാഗത്തെ ഭാഗങ്ങള്‍ ചിത്രീകരിക്കുന്ന റഡാര്‍ പള്‍സുകളാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഭൂമിക്കടിയിലെ 20 മീറ്റര്‍ താഴ്ചയില്‍ നിന്നുള്ള സിഗ്നലുകള്‍ വരെ പിടിച്ചെടുക്കാന്‍ ഈ ഉപകരണത്തിനു സാധിക്കും. രണ്ട് സെറ്റ് ജി പി ആര്‍ ഉപകരണം സംഘത്തിന്റെ കൈവശമുണ്ട്.