Kerala
ഭാര്യയെ മുത്വലാഖ് ചൊല്ലി; യുവാവ് അറസ്റ്റില്‍

കോഴിക്കോട്: ഭാര്യയെ മുത്വലാഖ് ചൊല്ലിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെറുവാടി ചുള്ളിക്കാംപറമ്പ് സ്വദേശി കണ്ടത്തില്‍ ഹൗസില്‍ ഉസാമിനെയാണ് വെള്ളിയാഴ്ച രാവിലെ താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്. മുത്വലാഖ് നിരോധന നിയമ പ്രകാരം കേരളത്തിലെ ആദ്യത്തെ അറസ്റ്റാണിത്.
ഉസാമിന്റെ ഭാര്യയായ മുക്കം കുമരനെല്ലൂര്‍ സ്വദേശിനി താമരശ്ശേരി കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരുന്നു. ഈമാസം ഒന്നിന് മുത്വലാഖ് പ്രകാരം മൊഴി ചൊല്ലിയെന്നും താനറിയാതെ മറ്റൊരു വിവാഹം കഴിച്ചുവെന്നും പരാതിയില്‍ വ്യക്തമാക്കി. ഇതു പരിഗണിച്ച കോടതി മുസ്‌ലിം വുമണ്‍സ് പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്‌സ് ആക്ട് 2019 പ്രകാരം അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് ജാമ്യം അനുവദിച്ചു. പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവെക്കാനും അന്വേഷണ ഉദ്യോഗസ്ഥനു മുമ്പില്‍ ഹാജരാകാനും കോടതി ആവശ്യപ്പെട്ടു.