സംസ്ഥാനത്ത് മഴക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം 111 ആയി; 31 പേരെ ഇനിയും കണ്ടെത്തിയില്ല

Posted on: August 16, 2019 7:56 pm | Last updated: August 17, 2019 at 9:59 am

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതികളില്‍ ഇതുവരെ 111 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. 31 പേരെ കാണാതായിട്ടുണ്ട്. 1,116 വീടുകള്‍ പൂര്‍ണമായും 11,935 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 891 ദുരിതാശ്വാസ ക്യാമ്പുകളിലായി 1,47,286 പേര്‍ ഇപ്പോഴും കഴിയുന്നുണ്ട്.
മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മരണം. 48 പേരാണ് ജില്ലയില്‍ മാത്രമായി മരിച്ചത്.

ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയില്‍ 59 പേര്‍ മണ്ണിനടിയില്‍ പെട്ടതായാണ് കണക്ക്. ഇതില്‍ 38 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കോഴിക്കോട് ജില്ലയില്‍ 17ഉം വയനാട്ടില്‍ 12ഉം പേരുടെ ജീവന്‍ പൊലിഞ്ഞു. കണ്ണൂരില്‍ ഒമ്പതു പേരാണ് മരിച്ചത്.

വയനാട്ടില്‍ മാത്രം 535 വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായാണ് ഔദ്യോഗിക കണക്ക്. 5435 വീടുകള്‍ ഭാഗികമായി തകര്‍ന്നു. മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ യഥാക്രമം 210, 113 വീടുകള്‍ പൂര്‍ണമായും 1744, 2022 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ പേരുള്ളത്-193 ക്യാമ്പുകളിലായി 36,893 പേര്‍. വയനാട്-164 ക്യാമ്പ്-27688 പേര്‍, ആലപ്പുഴ-126 ക്യാമ്പ്-25057 പേര്‍ എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്ക്.