ജാമ്യമില്ലാ കേസ് തടസം; സിപിഐ നേതാവ് പി രാജുവിന് പോലീസ് വിദേശയാത്രക്കുള്ള അനുമതി നിഷേധിച്ചു

Posted on: August 16, 2019 2:11 pm | Last updated: August 16, 2019 at 7:31 pm

കൊച്ചി: സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിന് വിദേശയാത്രക്കായുള്ള ക്ലിയറന്‍സ് പൊലീസ് നിഷേധിച്ചു. ഐജി ഓഫീസ് മാര്‍ച്ച് നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് നിലവിലുള്ള സാഹചര്യത്തിലാണ് പോലീസിന്റെ നടപടി. ദമാസ്‌കസില്‍ അടുത്ത മാസം എട്ടു മുതല്‍ പത്ത് വരെ നടക്കുന്ന രാജ്യാന്തര തൊഴില്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് യാത്ര.

നിലവിലുള്ള പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞതിനാല്‍ കഴിഞ്ഞ മാസം പി രാജു തല്‍ക്കാല്‍ സംവിധാനം വഴി പാസ്‌പോര്‍ട്ട് നേടിയിരുന്നു. ഇതിന് ശേഷം നടത്തിയ പോലീസ് വെരിഫേക്കിഷനില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസുള്ളതായി സ്‌പെഷ്യല്‍ ബ്രാഞ്ച് പാസ്‌പോര്‍ട്ട് ഓഫീസറെ അറിയിച്ചു. വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കാന്‍ ഇത് തടസ്സമാകും. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പോലീസ് ക്ലിയറന്‍സ് നിഷേധിച്ചത്. ഇതേ തുടര്‍ന്ന് പൊലീസ് ക്ലിയറന്‍സിന് അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് പി രാജു.