മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വി ബി ചന്ദ്രശേഖര്‍ ആത്മഹത്യ ചെയ്തനിലയില്‍

Posted on: August 16, 2019 1:38 pm | Last updated: August 16, 2019 at 2:12 pm

ചെന്നൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വി ബി ചന്ദ്രശേഖറിനെ(57) വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. ചെന്നൈ മൈലാപ്പൂരിലെ വീട്ടില്‍ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി റോയപേട്ട ആശുപത്രിയിലേക്ക് മാറ്റി.

വ്യാഴാഴ്ച വൈകിട്ട് മുകള്‍ നിലയിലെ മുറിയിലേക്ക് പോയ ചന്ദ്രശേഖര്‍ പിന്നീട് വാതില്‍ തുറന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ജനല്‍ വഴി നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കടബാധ്യതയും സാമ്പത്തിക പ്രതിസന്ധിയുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

തമിഴ്‌നാട് പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ കാഞ്ചിവീരന്‍സ് എന്ന ടീമിന്റെ ഉടമയായിരുന്നു. മൂന്നുകോടി രൂപയാണ് അദ്ദേഹം ടീമിനായി മുടക്കിയിരുന്നത്. ഇതില്‍ നഷ്ടം സംഭവിച്ച് കടബാധ്യത വര്‍ധിച്ചതിനെത്തുടര്‍ന്ന് ബേങ്ക് ജപ്തി നോട്ടീസ് അയച്ചിരുന്നു

1988-90 കാലഘട്ടത്തില്‍ ഇന്ത്യന്‍ ഏകദിന ടീമില്‍ അംഗമായി. എട്ട് അന്താരാഷ്ട്ര ഏകദിന മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി ജേഴ്‌സിയണിഞ്ഞു.