National
കശ്മീര്‍: ഹരജികളില്‍ പിഴവെന്ന് സുപ്രീം കോടതി; പരിഗണിക്കുന്നത് മാറ്റിവെച്ചു

ന്യൂഡല്‍ഹി: കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയ രാഷ്ട്രപതിയുടെ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു. എന്നാല്‍ വീണ്ടും പരിഗണിക്കുന്ന തിയ്യതി അറിയിച്ചിട്ടില്ല . അതേ സമയം പിഴവുകള്‍ തിരുത്തിയില്ലെയെന്ന് കാണിച്ച് കോടതി ഹര്‍ജിക്കാരനെ വിമര്‍ശിക്കുകയും ചെയ്തിു. ഹര്‍ജി പരിഗണിക്കാന്‍ പോലും അര്‍ഹമല്ലെന്ന് പറഞ്ഞ സുപ്രീം കോടതി മറ്റു ഹരജികളിലും പിഴവുകളുണ്ടെന്ന് കണ്ടെത്തി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ പ്രത്യേക ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.എന്ത് ഹര്‍ജിയാണ് താങ്കള്‍ സമര്‍പ്പിച്ചത്. വായിച്ചിട്ട് ഒന്നും മനസ്സിലായില്ലെന്നും ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു. അഭിഭാഷകനായ എംഎല്‍ ശര്‍മ സമര്‍പ്പിച്ച ഹരജിയിലാണ് വ്യാപക പിഴവുകള്‍ കണ്ടെത്തിയത്. അരമണിക്കൂറോളം പരിശോധിച്ചിട്ടും ഇത് എന്ത് തരം ഹരജിയാണെന്ന് മനസിലാകുന്നില്ലെന്നും തല്‍കാലം പിഴ ഈടാക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഇതേകാര്യം ഉന്നയിച്ച് ജമ്മു കശ്മീരില്‍ നിന്നുള്ള നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയും ഹര്‍ജി നല്‍കിയിരുന്നു. അതേസമയം, കശ്മീരിലെ നിയന്ത്രണങ്ങള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ നീക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. കശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ക്ക് എത്രയും പെട്ടെന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്. കശ്മീരിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടുവരികയാണെന്നും സുപ്രീം കോടതി സുരക്ഷാ സംവിധാനങ്ങളെ വിശ്വസിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാലയങ്ങളും തിങ്കളാഴ്ച തുറക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം, ജമ്മു കശ്മീരില്‍ മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ലെന്ന ആരോപണം കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ നിഷേധിച്ചു. കശ്മീര്‍ ടൈംസിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധ ബാസിന്‍ നല്‍കിയ ഹര്‍ജിയിലാണ് കശ്മീരിലെ വിനിമയ സംവിധാനങ്ങളെല്ലാം തകരാറിലാണെന്നും അതിനാല്‍ പത്രത്തിന്റെ പ്രാദേശിക പ്രസിദ്ധീകരണവും റിപ്പോര്‍ട്ടിങ്ങും പ്രതിസന്ധിയിലാണെന്നും പറഞ്ഞിരിക്കുന്നത്. എന്നാല്‍ കശ്മീര്‍ ടൈംസ് ജമ്മുവില്‍ നിന്നാണ് പ്രസിദ്ധീകരിക്കുന്നതെന്നും അവിടെ നിയന്ത്രണങ്ങളൊന്നും നിലവിലില്ലെന്നും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ വ്യക്തമാക്കി. മാധ്യമവിലക്ക് ഉള്‍പ്പെടെയുള്ള മറ്റു ഹര്‍ജികള്‍ പിന്നീട് പരിഗണിക്കാനായി മാറ്റി.