വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച മൂന്ന് പാക് സൈനികരെ ഇന്ത്യന്‍ സൈന്യം വധിച്ചു

Posted on: August 15, 2019 4:46 pm | Last updated: August 16, 2019 at 10:06 am

ന്യൂഡല്‍ഹി: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് മൂന്ന് പാകിസ്ഥാന്‍ സൈനികരെ ഇന്ത്യന്‍ സേന വധിച്ചു. നായിക് തന്‍വീര്‍, റംസാന്‍, ലാന്‍സ് നായിക് തൈമൂര്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നിയന്ത്രണരേഖയിലെ കൃഷ്ണഗാട്ടി സെക്ടറില്‍ ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് വെടിവയ്പ്പുണ്ടായത്. അതേസമയം അഞ്ച് ഇന്ത്യന്‍ സൈനികരെ വധിച്ചുവെന്ന പാക്കിസ്താന്റെ വാദം കളവാണെന്നും ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി.

അതിര്‍ത്തിയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഇന്ത്യന്‍ സൈനികരെ വധിച്ചുവെന്ന് പാക്കിസ്താന്‍ സൈനിക വക്താവ് ആസിഫ് ഗഫൂര്‍ അവകാശപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പാക്കിസ്താന്റെ വാദത്തെ ഇന്ത്യ തള്ളിയത്. ഇന്ത്യന്‍ സൈനികരെ വധിച്ചുവെന്ന പാക് വാദം ഭാവന മാത്രമാണെന്ന് ഇന്ത്യ വ്യക്തമാക്കി.

ഉറി, രജൗധരി തുടങ്ങിയ നിയന്ത്രണ രേഖയിലെ മേഖലകളില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതോടെ ശക്തമായ വെടിവെയ്പ്പുണ്ടാവുകയായിരുന്നു. തുടര്‍ന്നാണ് ഇന്ത്യന്‍ സേന മൂന്ന് പാകിസ്ഥാന്‍ സൈനികരെ വധിച്ചത്. അതേസമയം അഞ്ച് ഇന്ത്യന്‍ സൈനികരെ വധിക്കുകയും നിരവധി സൈനികര്‍ക്ക് പരിക്ക് പറ്റുകയും ചെയ്‌തെന്ന പാകിസ്ഥാന്‍ വാദം ഇന്ത്യ തള്ളി.

ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയ കനത്ത സുരക്ഷ ഇപ്പോഴും തുടരുകയാണ്. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നേരത്തെ അതിര്‍ത്തിയില്‍ അടക്കം ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.