പ്രളയം: മൃഗസംരക്ഷണ മേഖലക്ക് 15.17 കോടിയുടെ നഷ്ടം

Posted on: August 15, 2019 8:35 am | Last updated: August 15, 2019 at 9:41 pm


തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതിയിൽ മൃഗസംരക്ഷണ മേഖലയിൽ ഏകദേശം 15.17 കോടി രൂപയുടെ നഷ്ടം. ഇതുവരെ ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തിലാണ് മൃഗസംരക്ഷണ വകുപ്പിന്റെ നിഗമനം. ലഭ്യമായ വിവരങ്ങളനുസരിച്ച് 24,559 പശുക്കൾ ഉൾപ്പെടെ ആകെ 6,30,392 വളർത്തുമൃഗങ്ങളാണ് പ്രളയ ദുരിതമനുഭവിക്കുന്നത്. 8,105 പശുക്കൾക്കും 406 ആടുകൾക്കും ക്യാമ്പുകൾ വഴി ചികിത്സയും അനുബന്ധസഹായങ്ങളും നൽകുന്നുണ്ട്.

മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ വെള്ളപ്പൊക്ക ബാധിത ജില്ലകളിൽ മൃഗചികിത്സാ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. ക്യാമ്പുകൾ വഴി മൃഗങ്ങൾക്ക് അടിയന്തര ചികിത്സയും, മരുന്നുകളും നൽകുന്നുണ്ട്. കേരളാ ഫീഡ്‌സ്, മിൽമ മുതലായ പൊതുമേഖലാ സ്ഥാപനങ്ങളുടെ സഹായത്തോടുകൂടി കാലിത്തീറ്റ, ധാതുലവണ മിശ്രിതം, പുൽക്കട്ടകൾ, തീറ്റ ബ്ലോക്കുകൾ എന്നിവ ഈ ക്യാമ്പുകളിൽ കൂടി വിതരണം നടത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.

ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിനുമായി തിരുവനന്തപുരം, കാസർകോട് ഒഴികെയുള്ള ജില്ലകൾക്ക് രണ്ട് ലക്ഷം രൂപ വീതവും, തിരുവനന്തപുരത്തിനും കാസർകോട്ടിനും ഒരു ലക്ഷം രൂപ വീതവും അനുവദിച്ചിട്ടുണ്ട്. ശക്തമായ മഴയും വെള്ളപ്പൊക്കവും മൂലം മൃഗസംരക്ഷണ മേഖലയിലുണ്ടായ വ്യാപക നാശനഷ്ടങ്ങളുടെ കണക്ക് ശേഖരിച്ചു വരുന്നു. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണി വരെയുള്ള മരണം/നഷ്ടത്തിന്റെ കണക്ക്.

ഇതിന് പുറമേ 746 കാലിത്തൊഴുത്തുകൾ, 19 കോഴി ഷെഡ്ഡുകൾ, നാല് ആട് ഷെഡ്ഡുകൾ, മൃഗസംരക്ഷണ വകുപ്പിന്റെ 35 സ്ഥാപനങ്ങൾ, ഒരു പന്നിക്കൂട് എന്നിവ പൂർണമായും നശിച്ചു. 2,197 കാലിത്തൊഴുത്തുകൾക്ക് ഭാഗിക നാശനഷ്ടമുണ്ടായി. 608.75 മെട്രിക് ടൺ കാലിത്തീറ്റയും പ്രളയത്തിൽ നശിച്ചു.

ഇനം – മരണം
പശുക്കൾ – 148
കിടാരി – 56
പശുക്കുട്ടി –  77
എരുമ/പോത്ത് – 11
ആടുകൾ – 111
കോഴി – 87937
താറാവ് – 884
മുയൽ – 1
പന്നി – 66
വാത്ത – 12
ടർക്കി – 3