വംശീയ വിദ്വേഷം പരത്തിയെന്ന ആരോപണം: സാകിർ നായികിനെതിരെ മലേഷ്യൻ മന്ത്രിമാർ

Posted on: August 15, 2019 6:32 am | Last updated: August 15, 2019 at 9:34 pm
സാകിർ നായിക് , മഹാത്വിർ ബിൻ മുഹമ്മദ്

ക്വലാലംപൂർ: വിവാദ പ്രസംഗകനും സലഫി പ്രചാരകനുമായ സാകിർ നായികിനെതിരെ മലേഷ്യൻ മന്ത്രിമാർ രംഗത്ത്. വർഗീയ പരാമർശം നടത്തിയതിന്റെ പേരിലാണ് പ്രതിഷേധവുമായി മന്ത്രിമാർ രംഗത്തെത്തിയത്. സാകിർ നായികിനെ നാടുകടത്തണമെന്ന ആവശ്യവുമായി നാല് മന്ത്രിമാർ രംഗത്തെത്തി. എന്നാൽ, ഇന്ത്യയിലേക്കല്ലാതെ മറ്റെവിടേക്കും സാകിർ നായികിനെ നൽകാമെന്നും അതുവരെ തത്കാലം അദ്ദേഹം ഇവിടെ തന്നെ തുടരുമെന്നും മലേഷ്യൻ പ്രധാനമന്ത്രി മഹാത്വിർ ബിൻ മുഹമ്മദ് വ്യക്തമാക്കി.

മലേഷ്യയിലെ ഹിന്ദുക്കളെ ആക്ഷേപിക്കുന്ന രീതിയിലുള്ളതും വർഗീയ വിദ്വേഷം ജനിപ്പിക്കുന്നതുമായ പരാമർശം നടത്തിയതോടെയാണ് സാകിറിനെതിരെ പുതിയ വിവാദം ഉടലെടുത്തത്. ഇന്ത്യയിലെ ന്യൂനപക്ഷമായ മുസ്‌ലിംകളെക്കാൾ മലേഷ്യയിലെ ഹിന്ദുക്കൾക്ക് നൂറിരട്ടി അവകാശമുണ്ടെന്നും എന്നാൽ, മലേഷ്യൻ സർക്കാറിനേക്കാൾ അവർക്ക് വിശ്വാസം മോദിയെയാണെന്നുമായിരുന്നു സാകിറിന്റെ വിവാദ പരാമർശം. വംശീയതയും മത വിദ്വേഷവും മലേഷ്യയിൽ ഏറെ വിവാദം സൃഷ്ടിക്കുന്ന വിഷയങ്ങളാണ്.
സാകിർ നായികിന് സ്ഥിരാംഗത്വം നൽകിയതുമായി ബന്ധപ്പെട്ട കാര്യങ്ങളും അദ്ദേഹത്തെ നാടുകടത്തണമെന്നതുമടക്കമുള്ള വിഷയം മലേഷ്യൻ മന്ത്രിസഭ ചർച്ച ചെയ്തു. തീവ്രവാദികൾക്ക് പ്രചോദനമായെന്നതടക്കമുള്ള ആരോപണങ്ങൾ നേരിടുന്ന സാകിർ കഴിഞ്ഞ മൂന്ന് വർഷക്കാലമായി മലേഷ്യയിലാണ് കഴിയുന്നത്.

സാകിറിനെ ഇനിയും മലേഷ്യയിൽ തുടരാൻ അനുവദിക്കരുതെന്നും തങ്ങളുടെ ഉത്കണ്ഠ പ്രധാനമന്ത്രി മനസ്സിലാക്കണമെന്നും മലേഷ്യൻ വാർത്താ വിനിമയ മന്ത്രി ഗോബിന്ദ് സിംഗ് ഡിയോ വ്യക്തമാക്കി. രാജ്യത്തെ ഭിന്നിപ്പിക്കുന്ന പ്രസ്താവനയാണ് സാകിറിൽ നിന്നുണ്ടായതെന്നും സ്ഥിരതാമസം റദ്ദാക്കണമെന്നും മാനവവിഭവ മന്ത്രി ഗുണശേഖരൻ വ്യക്തമാക്കി.
അതേസമയം, സാകിർ നായിക്കിനെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലെന്ന ഉറച്ച നിലപാടിലാണ് മലേഷ്യൻ പ്രധാനമന്ത്രി. ജീവൻ അപകടത്തിലായ സാഹചര്യത്തിൽ അദ്ദേഹം മലേഷ്യയിൽ തന്നെ തുടരുമെന്ന് പ്രധാനമന്ത്രി മുഹാത്വിർ ബിൻ മുഹമ്മദ് പറഞ്ഞത്.

‘അദ്ദേഹം ഇന്ന് ഇവിടെയുണ്ട്, എന്നാൽ ഏതെങ്കിലും രാജ്യം അദ്ദേഹത്തെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവരെ ഇവിടേക്ക് സ്വാഗതം ചെയ്യുകയാണ്.’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. സാകിർ നായികിനെ ഇന്ത്യയിലേക്ക് തന്നെ തിരിച്ചയക്കണമെന്ന ആവശ്യം സർക്കാർ തലത്തിൽ നിന്ന് തന്നെ ഉയർന്നത് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായേക്കും.

ഇന്ത്യൻ ഏജൻസികൾ മുമ്പ് രണ്ട് തവണ സാകിർ നായികിന് വേണ്ടി ഇന്റർപോളിനെ സമീപിച്ചിരുന്നെങ്കിലും രണ്ട് തവണയും ഇന്റർപോൾ ഇന്ത്യയുടെ ആവശ്യം നിരാകരിക്കുകയായിരുന്നു. സാകിർ നായികിനെതിരെ മുംബൈയിലെ പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയായിരുന്നു എൻഫോഴ്‌സ്‌മെന്റ് വീണ്ടും ഇന്റർപോളിനെ സമീപിച്ചത്. സാകിർ നായികിനെ മലേഷ്യയിൽ നിന്ന് വിട്ടുകിട്ടാണമെന്നും ഇദ്ദേഹത്തിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് മുന്പും രണ്ട് തവണ ഇതേ ആവശ്യം ഇന്ത്യൻ അന്വേഷണ ഏജൻസികൾ ഉന്നയിച്ചിട്ടും ഇന്റർപോൾ വഴങ്ങിയിരുന്നില്ല.

സാകിർ നായിക് വിദേശത്തും സ്വദേശത്തുമായി 193 കോടിയുടെ സാമ്പത്തിക തിരിമറി നടത്തിയെന്നാണ് കേസ്. സാകിർ നായികിന്റെ 50 കോടിയിലേറെ വില വരുന്ന സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് വിഭാഗം കണ്ടുകെട്ടിയിരുന്നു
സാമ്പത്തിക തിരിമറി കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം പുറപ്പെടുവിച്ചിരുന്നു. ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചാൽ പിന്നെ എല്ലാ അംഗരാജ്യങ്ങളിലുള്ള കുറ്റവാളികളെയും വിട്ടുകൊടുക്കണം. മലേഷ്യ ഇന്റർപോളിന്റെ അംഗരാഷ്ട്രമാണ്.
2010 ൽ ഇന്ത്യയുമായി കുറ്റവാളികളെ കൈമാറ്റം ചെയ്യുന്നതിനുള്ള കരാറിൽ ഇവർ ഒപ്പുവെച്ചിട്ടുമുണ്ടായിരുന്നു. എന്നാൽ സാകിർ നായികിനെ വിട്ടുനൽകാൻ സാധിക്കില്ലെന്നാണ് മലേഷ്യ നിലപാടെടുത്തിരിക്കുന്നത്.

ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് തീവ്രവാദി സംഘടനയായ ഐ എസിലേക്കും മറ്റും ചേക്കേറുന്ന യുവാക്കൾക്ക് പ്രചോദനമായത് സാക്കിറിന്റെ പ്രസംഗമായിരുന്നുവെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. ബംഗ്ലാദേശിലെ തീവ്രവാദി ആക്രമണത്തിെലയും ശ്രീലങ്കയിലെ ഈസ്റ്റർ സ്ഫോടനത്തിലെയും പ്രതികൾ സാക്കിർ നായിക്കിന്റെ അനുയായികളായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.