Kerala
നാടിനെ നടുക്കിയ കുറാഞ്ചേരി ദുരന്തത്തിന് ഒരാണ്ട്

വടക്കാഞ്ചേരി: മഹാ പ്രളയം സങ്കടക്കടലാക്കിയ കുറാഞ്ചേരി ദുരന്തത്തിന് ഒരാണ്ട് തികയുന്നു. കഴിഞ്ഞ വർഷം ആഗസ്റ്റ് 16നുണ്ടായ പ്രളയ താണ്ഡവത്തിൽ പ്രദേശത്തെ 19 പേരുടെ ജീവനാണ് അപകടത്തിൽപ്പെട്ട് പൊലിഞ്ഞത്. പ്രതീക്ഷിക്കാതെ വന്ന അപകടത്തിന്റെ നൊമ്പരങ്ങളടങ്ങിയിട്ടില്ല കുറാഞ്ചേരിക്കാർക്ക്.
തലേദിവസം രാവിലെ മുതൽ കനത്ത പേമാരിയായിരുന്നെങ്കിലും ഇത്രയും ഭയാനകമായ അന്തരീക്ഷം പിറവി കൊള്ളുമെന്ന് ആ നാട് അറിഞ്ഞിരുന്നില്ല. പുലർച്ചെയുണ്ടായ മലയിടിച്ചിലിൽ സംസ്ഥാന പാതയിലേക്ക് പോലും മണ്ണൊലിച്ചുവന്ന് ഗതാഗതം തടസ്സപ്പെട്ടു. വീടുകളെല്ലാം മുന്നൂറിലേറെ മീറ്റർ ദൂരത്തേക്കാണ് തകർന്നൊഴുകിയത്.
കുറാഞ്ചേരിയിൽ ഇറച്ചിക്കട നടത്തുന്ന കൊല്ലം കുന്നേൽ അപ്പച്ചൻ, ഓട്ടോ ഡ്രൈവർ ജെൻസൻ, ഐസ് ഫാക്‍ടറി നടത്തിയിരുന്ന പാറേക്കാട്ടിൽ സജി, പലചരക്ക്- പച്ചക്കറി കട നടത്തിയിരുന്ന കുന്നുകുഴിയിൽ മോഹനൻ എന്നിവരുടെ വീടുകളും കുടുംബങ്ങളുമാണ് മണ്ണിനടിയിൽ അകപ്പെട്ടത്. രാഷ്‌ട്രീയ, സാംസ്‌കാരിക, സാമുഹിക രംഗത്തുള്ളവരും റവന്യൂ, പോലീസ്, അഗ്‌നിശമന സേനാ പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് കുറാഞ്ചേരിയെ അതിജീവനത്തിന്റെ പാതയിലെത്തിച്ചത്.
മോഹനന്റ ഓർമകൾ തളം കെട്ടുന്ന സ്ഥലത്ത് മോഹനേട്ടന്റെ കടയെന്ന് നാമകരണം ചെയ്ത് പുതിയ ഹോട്ടൽ നാട്ടുകാർ ആരംഭിച്ചു.
പ്രളയത്തിൽ തൃശൂർ ജില്ലയിൽ എറ്റവുമധികം ജീവനുകൾ നഷ്ടമായത് കുറാഞ്ചേരിയിലാണ്. തെക്കുംകര ഗ്രാമപഞ്ചായത്തും നഗരസഭയും എല്ലാവർക്കും വീടുകളും നിർമിച്ചു നൽകി.
ദുരന്തഭൂമിയിൽ രാമച്ച തൈകളും മുളംകൂട്ടങ്ങളും നട്ടുപിടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.