Kerala
വെള്ളക്കെട്ടില്‍ വീണ കുട്ടികളെ രക്ഷിക്കുന്നതിനിടെ ബന്ധു മരിച്ചു; മഴക്കെടുതിയില്‍ മരണം 95

തിരുന്നാവായ: വെള്ളക്കെട്ടില്‍ വീണ കുട്ടികളെ രക്ഷിക്കുന്നതിനിടെ ബന്ധു കുഴഞ്ഞുവീണു മരിച്ചു.
മലപ്പുറം തിരൂരിലെ തിരുന്നാവായ സ്വദേശി അബ്ദുല്‍ റസാഖാണ് മരിച്ചത്. കുട്ടികളെ രക്ഷപ്പെടുത്തിയ ശേഷമാണ് റസാഖ് കുഴഞ്ഞുവീണത്. തൃശൂര്‍ വെങ്കിടങ്ങു കണ്ണോത്തില്‍ ഒഴുക്കില്‍പെട്ട് യുവതി മരിച്ചു. പുളിക്കല്‍ സ്വദേശി റസിയ ആണ് മരിച്ചത്. റസിയയുടെ കൂടെ വെള്ളത്തില്‍ വീണ കുടുംബാംഗങ്ങളെ രക്ഷപ്പെടുത്തി.
ഇതോടെ, മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 95 ആയി. കവളപ്പാറയില്‍ നിന്ന് ചൊവ്വാഴ്ച നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തു. 23 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. ഇനിയും 36 പേരുടെ മൃതദേഹം കണ്ടുകിട്ടാനുണ്ട്. പകല്‍ സമയത്ത് മഴ ഉണ്ടായിരുന്നില്ലെങ്കിലും മണ്‍കൂമ്പാരത്തില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുക്കാനുള്ള ശ്രമം ദുഷ്‌കരമായി തുടരുകയാണ്. തിരച്ചിലിനായി കൂടുതല്‍ ഹിറ്റാച്ചി മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ചിട്ടുണ്ട്.
കോഴിക്കോടും മലപ്പുറത്തും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. എറണാകുളത്ത് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.