നെടുങ്കണ്ടം കസ്റ്റഡിമരണം: എസ് ഐ സാബുവിന് ജാമ്യം

Posted on: August 13, 2019 12:14 pm | Last updated: August 13, 2019 at 7:47 pm

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണ കേസിലെ ഒന്നാം പ്രതി എസ് ഐ. കെഎ സാബുവിന് ഹൈകോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം . കേസില്‍ പ്രോസിക്യൂഷന് വീഴ്ച പറ്റിയെന്ന് കോടതി നിരീക്ഷിച്ചു. കസ്റ്റഡി മരണമാണെന്ന് സ്ഥാപിക്കാന്‍ ആവശ്യമായ തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.

എല്ലാ തിങ്കളാഴ്ചയും ക്രൈംബ്രാഞ്ച് എസ് പിക്കു മുന്നില്‍ ഹാജരാവണം, ഇടുക്കി ജില്ലയില്‍ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. രാജ്കുമാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് മേലുദ്യോഗസ്ഥരുടെ നിര്‍ദേശം അച്ചടക്കമുള്ള കീഴുദ്യോഗസ്ഥനായ താന്‍ അനുസരിക്കുക മാത്രമാണ് ചെയ്തതെന്ന് സാബുവിന്റെ ജാമ്യ ഹരജിയില്‍ പറയുന്നു. സെഷന്‍സ് കോടതി ജാമ്യഹരജി തള്ളിയതിനെ തുടര്‍ന്നാണ് സാബു ഹൈകോടതിയെ സമീപിച്ചത. സാമ്പത്തിക തട്ടിപ്പുകേസില്‍ നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്ത രാജ്കുമാര്‍ ക്രൂരമര്‍ദനത്തെത്തുടര്‍ന്ന് ജൂണ്‍ 21നാണ് പീരുമേട് ജയിലില്‍ മരിച്ചത്.