പുത്തുമലയിലേത് ഉരുള്‍പൊട്ടലല്ല , ശക്തമായ മണ്ണിടിച്ചിലെന്ന് റിപ്പോര്‍ട്ട്

Posted on: August 13, 2019 10:23 am | Last updated: August 13, 2019 at 12:15 pm

കല്‍പ്പറ്റ:വയനാട് പുത്തുമലയില്‍ സംഭവിച്ചത് മനുഷ്യനിര്‍മിതമായ ദുരന്തം. ഇവിടെയുണ്ടായത് ഉരുള്‍പൊട്ടലല്ല മറിച്ച് അതിശക്തമായ മണ്ണിടിച്ചിലെന്ന് മണ്ണ് സംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്. മേഖലയില്‍ നടന്ന അനിയന്ത്രിതമായ മരംമുറിയും ഏലം കൃഷിക്കായി നടത്തിയ മണ്ണിളക്കലും മണ്ണിടിച്ചിലിന് കാരണമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ദുരന്തമുണ്ടായ സ്ഥലത്ത് വിശദമായ പഠനം നടത്തണമെന്നാവശ്യപ്പെട്ട് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ചരിഞ്ഞ പ്രദേശങ്ങളില്‍ സംഭരിക്കപ്പെടുന്ന വെള്ളം മര്‍ദ്ദംകൂടി ഒരു പ്രത്യേക ഭാഗത്തു കൂടി അതിശക്തമായി പുറത്തേക്കൊഴുകുന്നതാണ് ഉരുള്‍പൊട്ടല്‍. എന്നാല്‍ പുത്തുമലയില്‍ ഇതല്ല സംഭവിച്ചത്. വലിയ തോതിലുള്ള മണ്ണിടിച്ചിലാണ്.

ഏകദേശം അഞ്ച് ലക്ഷം ടണ്‍ മണ്ണും ഇത്രത്തോളം തന്നെ ഘനമീറ്റര്‍ വെള്ളവുമാണ് ഇടിഞ്ഞുതാഴ്ന്ന് ഒഴുകി പരന്നതെന്ന് മണ്ണ് സംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് പതിറ്റാണ്ട് മുമ്പ് നടന്ന മരം മുറിയും ഏലം കൃഷിക്കായി നടത്തിയ മണ്ണിളക്കലും മണ്ണിടിച്ചിലിന് കാരണമായെന്ന് മണ്ണ് സംരക്ഷണ വകുപ്പ് പറയുന്നത് ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്.

മുറിച്ച മരങ്ങളുടെ വേരുകള്‍ ദ്രവിച്ചതോടെ വിടവുകളിലൂടെ വെള്ളം പാറയിലേക്ക് ഒഴുകിയിറങ്ങി. കൃഷിക്കായുള്ള മണ്ണിളക്കല്‍ കൂടി നടന്നതോടെ മണ്ണിന്റെ ജലാഗിരണ ശേഷി വര്‍ധിച്ചു. അതിതീവ്ര മഴ പെയ്യുക കൂടി ചെയ്തതോടെ പൈപ്പിംഗ് പ്രതിഭാസത്തിലുടെ മണ്ണ് പാറയില്‍ നിന്ന് വേര്‍പെട്ടു. പുത്തുമല മണ്ണിടിച്ചിലിനെക്കുറിച്ച് വിശദമായ പഠനം നടത്തണമെന്നും ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഭൂവിനിയോഗം പുനക്രമീകരിക്കണമെന്നും മണ്ണ് സംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.