കവളപ്പാറയില്‍ ഒരു മൃതദേഹംകൂടി കണ്ടെടുത്തു; സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 87 ആയി

Posted on: August 13, 2019 9:41 am | Last updated: August 13, 2019 at 11:49 am

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 87 ആയി. ഉരുള്‍പ്പൊട്ടല്‍ വന്‍ദുരന്തം വിതച്ച കവളപ്പാറയില്‍ നിന്നും ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ ഇവിടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. കവളപ്പാറയില്‍ ഇനി 39 പേരെ കണ്ടെത്താനുണ്ട്. തിങ്കളാഴ്ച നടന്ന തിരച്ചിലില്‍ ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു.

ആലപ്പുഴ മണ്ണഞ്ചേരിയില്‍ മധ്യവയസ്‌കന്‍ വെള്ളക്കെട്ടില്‍ വീണുമരിച്ചു. മണ്ണഞ്ചേരി സ്വദേശി അജിത് കുമാര്‍ ധനാരായണന്‍( 50 ) ആണ് മരിച്ചത്.വയനാട് പുത്തുമലയിലും തുടര്‍ച്ചയായി അഞ്ചാം ദിവസവും രക്ഷാപ്രവര്‍ത്തനം തുടരും. കൂടുതല്‍ വാഹനങ്ങള്‍ എത്തിച്ചു ദുരന്ത ഭൂമിയിലെ ചെളിയും മണ്ണും നീക്കല്‍ തുടരും. ഇവിടെ ഇനി ഏഴ് പേരെയാണ് കണ്ടെത്താന്‍ ഉള്ളത്. അനുകൂലമയ കാലാവസ്ഥ തെരച്ചിലിന് സഹായകരമാകുമെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ പ്രതീക്ഷ.