Connect with us

Sports

ഷഹ്‌സാദിനെ പുറത്താക്കി

Published

|

Last Updated

ദുബായ്: അഫ്ഗാനിസ്ഥാനെ ഒട്ടേറെ കളികളികളില്‍ ജയിപ്പിച്ചിട്ടുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് ഷഹ്‌സാദിനെ അനിശ്ചിതകാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ഇക്കാര്യം അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായി അറിയിച്ചു.
ക്രിക്കറ്റ് ബോര്‍ഡിന്റെ പോളിസി ലംഘനവുമായി ബന്ധപ്പെട്ടാണ് പുറത്താക്കല്‍ എന്നാണ് റിപ്പോര്‍ട്ട്. ക്രിക്കറ്റ് ബോര്‍ഡ് പോളിസി പ്രകാരം കരാര്‍ ചെയ്യപ്പെട്ട ഒരു കളിക്കാരന്‍ വിദേശ പര്യടനം നടത്തുമ്പോള്‍ ബോര്‍ഡിനെ അറിയിക്കേണ്ടതാണ്.
എന്നാല്‍, ഷഹ്‌സാദ് ഇത് ചെയ്തില്ലെന്നതാണ് കുറ്റകരം. മാത്രമല്ല, ലോകകപ്പ് ക്രിക്കറ്റിനിടെ താരത്തെ തിരിച്ചു വിളിച്ചത് വിവാദമായിരുന്നു.
പരിക്കിനെ തുടര്‍ന്ന് ഷഹ്‌സാദിനെ തിരിച്ചുവിളിച്ചെന്നാണ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍, തന്നെ കാരണമില്ലാതെ പുറത്താക്കുകയാണെന്ന് ഷഹ്‌സാദ് പരസ്യമായി തുറന്നുപറഞ്ഞത് അച്ചടക്ക ലംഘനമായാണ് കണക്കാക്കുന്നത്.

ബോര്‍ഡിന്റെ അച്ചടക്ക കമ്മറ്റിക്ക് മുന്നില്‍ ഷഹ്‌സാദ് ഹാജരാകണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു.
എന്നാല്‍, താരം ഇത് അവഗണിച്ചു. താന്‍ തികച്ചും ആരോഗ്യവാനാണെന്നും ലോകകപ്പില്‍ നിന്നും പുറത്താക്കിയത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നുമാണ് ഷഹ്ദാസ് പറഞ്ഞിരുന്നത്. അച്ചടക്ക കമ്മറ്റി യോഗം ചേര്‍ന്നശേഷം ഷഹ്‌സാദിനെതിരായ കൂടുതല്‍ നടപടി തീരുമാനിക്കും.
അഫ്ഗാനിസ്ഥാന്റെ മുന്‍നിര കളിക്കാരില്‍ ഒരാളായ ഷഹ്‌സാദ് വെടിക്കെട്ട് ബാറ്റിംഗ് നടത്തി എതിരാളികള്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്ന താരമാണ്. ഷഹ്‌സാദിനെ പിന്‍വലിച്ചത് ലോകകപ്പില്‍ അഫ്ഗാനിസ്ഥാന് തിരിച്ചടിയായിരുന്നു.
ഒമ്പത് മത്സരങ്ങളില്‍ ഒന്നുപോലും ജയിക്കാതെയാണ് അഫ്ഗാന്‍ ലോകകപ്പില്‍ നിന്നും മടങ്ങിയത്.

Latest