Articles
ബലിപെരുന്നാള്‍ പ്രയാസപ്പെടുന്നവര്‍ക്കൊപ്പം

ബലിപെരുന്നാളാണ് ഇന്ന്. ത്യാഗത്തെയും സമര്‍പ്പണത്തെയും ഓര്‍മിപ്പിക്കുന്ന, വിശുദ്ധ ദിനം. ഈ പെരുന്നാള്‍ ദിനത്തില്‍ കേരളീയര്‍ക്ക് സന്തോഷിക്കാന്‍ വകനല്‍കുന്ന സാഹചര്യമല്ല നിലവിലുള്ളത്. ശക്തമായ മഴയും കാറ്റും ഉരുള്‍പൊട്ടലും, അതേത്തുടര്‍ന്ന് ഉണ്ടായ നദികളുടെ ദിശമാറിയൊഴുക്കും കാരണം ആയിരക്കണക്കിന് ഗ്രാമങ്ങളാണ് ഒറ്റപ്പെട്ടു കഴിയുന്നത്. പ്രത്യേകിച്ചും മലബാര്‍ മേഖലയില്‍. കേരളത്തിലാകെ രണ്ടര ലക്ഷത്തിലധികം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. നമ്മുടെ പെരുന്നാള്‍ കഷ്ടപ്പെടുന്നവരുടെ കൂടി പെരുന്നാളാകണം. അതിനാല്‍ സാധാരണത്തേതില്‍ നിന്ന് ഭിന്നമായി, നമ്മുടെ സഹോദരങ്ങള്‍ക്ക് ഭക്ഷണം ലഭിക്കുന്നു, കിടക്കാന്‍ സ്ഥലമുണ്ട്, മാറിയുടുക്കാന്‍ വസ്ത്രം ലഭ്യമാണ്, തണുത്ത അന്തരീക്ഷത്തില്‍ പുതപ്പുകള്‍ ലഭിക്കുന്നു, രോഗികള്‍ക്ക് മരുന്നുകള്‍ ഉണ്ട് എന്നിവയെല്ലാം ഉറപ്പാക്കണം. അതിനായി ശാരീരികമായും സാമ്പത്തികമായും വിഭവങ്ങള്‍ നല്‍കി സഹായിക്കേണ്ടതും വിശ്വാസികളുടെ ബാധ്യതയാണ്.
ബലിപെരുന്നാളിന്റെ പ്രധാന സന്ദേശം തന്നെ ത്യാഗവും ക്ഷമയും കൈക്കൊണ്ട്, സര്‍വവും അല്ലാഹുവിന് സമര്‍പ്പിച്ചു ജീവിതം ഭക്തിനിര്‍ഭരമാക്കുക എന്നതാണ്. ഹസ്റത്ത് ഇബ്‌റാഹീം നബി(അ), പത്നി ഹാജറ (റ), മകന്‍ ഇസ്മാഈല്‍(അ) എന്നിവര്‍ക്ക് മുമ്പില്‍ അല്ലാഹു വലിയ പരീക്ഷണം ഒരുക്കിയപ്പോള്‍, ഏറ്റവും പ്രധാനം അല്ലാഹുവിന്റെ തൃപ്തിയും അവന്റെ നിര്‍ദേശങ്ങളെ അനുസരിക്കലുമാണെന്നു അവര്‍ തീര്‍ച്ചപ്പെടുത്തി. അങ്ങനെ ഭൗതികമായ എല്ലാ മോഹങ്ങളെയും ഉപേക്ഷിച്ച അവരുടെ ജീവിതത്തിന്റെ പാഠങ്ങളെ സ്മരിക്കുകയും അതില്‍ നിന്ന് മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുകയും വേണം വിശ്വാസികള്‍.
ആഢംബരത്തിന്റെയും പെരുമ നടിക്കലിന്റെയും പെരുന്നാള്‍ ആകരുത് നമ്മുടെത്. കാരണം സമ്പത്തും പദവിയും അല്ല അല്ലാഹുവിന്റെ അടുക്കല്‍ ഒരാളുടെ ശ്രേഷ്ടത നിശ്ചയിക്കുന്നത്. അല്ലാഹു കല്‍പ്പിച്ച പ്രകാരം നമുക്ക് ജീവിക്കാനാകണം. അതിനാല്‍ തന്നെ നമ്മുടെ ചെലവഴിക്കലുകളില്‍ സൂക്ഷ്മത വേണം. ചുറ്റുമുള്ളവരെ നല്ലവണ്ണം ശ്രദ്ധിക്കണം. രണ്ട് കൂട്ടം പുതുവസ്ത്രം നമ്മുടെ കുട്ടികള്‍ എടുത്തുവെങ്കില്‍, അനിവാര്യമായ ഈ സമയത്തെ മനസ്സിലാക്കി ഒരു കൂട്ടം വസ്ത്രം ഇല്ലാത്തവര്‍ക്ക് നല്‍കാന്‍ നമുക്കാകണം.
ഒരാഴ്ച മുമ്പ് ആരും പ്രതീക്ഷിച്ചില്ല ഇത്ര വലിയ പ്രയാസത്തിലേക്കാണ് നമ്മുടെ നാട് നീങ്ങുന്നതെന്ന്. എല്ലാവരും പെരുന്നാളിനെ സ്വീകരിക്കാനിരിക്കുകയായിരുന്നു. വസ്ത്രങ്ങളും ധാന്യങ്ങളും വാങ്ങി റെഡിയാക്കി വെച്ചവരുണ്ട്. പക്ഷേ, കനത്ത മഴയുണ്ടാക്കിയ ആഘാതത്തില്‍ എത്രയോ പേര്‍ക്ക് എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. ആ ഘട്ടങ്ങളില്‍ ദുരിതമില്ലാത്ത അവസ്ഥയില്‍ കഴിയുന്നവരാണ് അവര്‍ക്ക് കൈത്താങ്ങാകേണ്ടത്. ജാതിയുടെയോ മതത്തിന്റെയോ വേര്‍ത്തിരിവുകള്‍ക്കപ്പുറം എല്ലാവരെയും സഹായിക്കണം. അങ്ങനെ സഹായിക്കാനാണ് അല്ലാഹുവിന്റെ റസൂല്‍ (സ്വ) വിശ്വാസികളോട് അരുളിയിട്ടുള്ളതും.
വിശുദ്ധമായ ഹജ്ജിനായി ലക്ഷക്കണക്കിന് വിശ്വാസികള്‍ മക്കയില്‍ സംഗമിച്ചിരിക്കുകയാണ്. ഇബ്‌റാഹീം നബി(അ)യുടെയും കുടുംബത്തിന്റെയും തീവ്രമായ ത്യാഗത്തെ ബഹുമാനിക്കുന്ന കര്‍മങ്ങളാണ് ഹജ്ജിലോരോന്നും. ലളിതമായ വസ്ത്രങ്ങളുമായി മനുഷ്യന്‍ എന്നത് നിസ്സാരനാണ് എന്ന ബോധത്തോടെ സര്‍വവും അല്ലാഹുവിനായി സമര്‍പ്പിച്ച് ലബ്ബൈക്ക വിളിക്കുന്ന വിശ്വാസികള്‍. അല്ലാഹുവിലേക്ക് ജീവിതം സമര്‍പ്പിച്ച്, അവന്‍ കല്‍പ്പിക്കുന്ന മാര്‍ഗത്തില്‍ ഏറ്റവും ഉത്തമമായി ഈ ലോകത്തെ നമ്മുടെ വ്യവഹാരങ്ങള്‍ രൂപപ്പെടുത്താനാണ് ഹജ്ജ് ഉദ്‌ഘോഷിക്കുന്നത്.
ബലിപെരുന്നാളിന്റെ സുന്നത്തുകളായി നബി (സ്വ) പഠിപ്പിച്ച കാര്യങ്ങള്‍ വിശ്വാസികള്‍ നിര്‍വഹിക്കുമ്പോള്‍ നമ്മുടെ സാഹചര്യത്തെ കൂടി നന്നായി പരിഗണിക്കണം. മാംസം വാങ്ങിക്കാന്‍ ശേഷിയില്ലാത്ത വിശ്വാസികള്‍ക്ക് ഉള്ഹിയ്യത്തിന്റെ മാംസത്തില്‍ നിന്ന് ഒരു ഭാഗം എത്തിക്കാന്‍ മഹല്ല് കമ്മിറ്റികളും വ്യക്തികളും ശ്രദ്ധിക്കണം. കേമമായി പെരുന്നാള്‍ ആഘോഷിക്കാന്‍ പദ്ധതിയിട്ടവര്‍ അല്‍പം ലളിതമാക്കി നമ്മുടെ ഭക്ഷ്യ സാധനങ്ങളുടെ ഒരു ഭാഗം, അല്ലെങ്കില്‍ പണം ദുരിതാശ്വാസ ക്യാമ്പുകളില്‍ ഒന്നുമില്ലാത്തവര്‍ക്ക് എത്തിക്കാന്‍ യത്‌നിക്കണം. നമ്മുടെ അയല്‍വാസികളോ കുടുംബക്കാരോ പ്രയാസപ്പെടുന്നവര്‍ ഉണ്ടോ എന്ന് ശ്രദ്ധിക്കണം.
കുടുംബ ബന്ധം പുലര്‍ത്തുന്നത് പെരുന്നാളിലെ സുന്നത്തായ കര്‍മമാണ്. നമ്മുടെ അടുത്തതോ അകന്നതോ ആയ കുടുംബക്കാര്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളെ അറിയാനും പരിഹാരം കാണാനും സാധിക്കണം. വീടും ഇടവും നഷ്ടപ്പെടുന്നവര്‍ക്ക് പെരുന്നാള്‍ സദ്യ കൊണ്ടുകൊടുക്കാനും അവരെ സന്തോഷിപ്പിക്കാനും നമുക്കാകണം.
വയനാട്ടിലെയും നിലമ്പൂരിലെയും അവസ്ഥ ഇപ്പോഴും ആശ്വാസകരമല്ല. ഉരുള്‍പൊട്ടലില്‍ മരിച്ച ആളുകളുടെ എല്ലാവരുടെയും മയ്യിത്ത് കണ്ടെടുക്കാന്‍ പറ്റിയിട്ടില്ല. സര്‍ക്കാര്‍ വളരെ വലിയ പരിശ്രമങ്ങള്‍ നടത്തുന്നു. ഈ ഘട്ടത്തില്‍ സര്‍ക്കാറിന്റെ എല്ലാ നിര്‍ദേശങ്ങളും നാം പാലിക്കണം. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് ജില്ലാ ഭരണകൂടങ്ങളും ജനപ്രതിനിധികളും പുറത്തുവിടുമ്പോള്‍ അവ സംഘടിപ്പിക്കാനും സഹായം നല്‍കാനും നാം ആവേശം കാണിക്കണം. വിനോദ യാത്രകള്‍ക്ക് ഈ സമയം ഉപയോഗിക്കരുത്. അവധി ദിനങ്ങളായതിനാല്‍ വെള്ളക്കെട്ടുകളിലും നദികളിലും പോയി സാധാരണ പോലെ ആഘോഷിക്കരുത്. മക്കളുടെ കാര്യം രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം.
എല്ലാത്തിനുമുപരി നാം പ്രാര്‍ഥനാ നിരതമാകണം. പെരുന്നാള്‍ ദിനം പ്രാര്‍ഥനക്ക് ഏറെ ഉത്തരം കിട്ടുന്ന സമയമാണ്. നാം നേരിട്ടുകൊണ്ടിരിക്കുന്ന ദുരിതങ്ങളില്‍ നിന്ന് മോചനം ലഭിക്കാനും വേദനയനുഭവിക്കുന്നവര്‍ക്ക് എത്രയും വേഗം ശാന്തി കൈവരാനും പ്രാര്‍ഥിക്കുക. വിശ്വാസിയുടെ ആയുധം പ്രാര്‍ഥനയാണല്ലോ.
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍