Connect with us

Editorial

കുടില ബുദ്ധികളെ ഒറ്റപ്പെടുത്താം

Published

|

Last Updated

എല്ലാ ദുരന്തമുഖങ്ങളിലും ശവംതീനികളുണ്ടാകും. ഏത് വിഷമ ഘട്ടത്തിലും ദുഷിപ്പ് മാത്രം പ്രചരിപ്പിക്കുന്നവരുമുണ്ടാകും. അത്തരക്കാര്‍ സാഡിസ്റ്റുകളാണ്. ഇതര മനുഷ്യരുടെ വേദനയില്‍ ആനന്ദിക്കുന്നവര്‍. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം കടന്ന് സംസ്ഥാനം സാധാരണ നില കൈവരിക്കും മുമ്പേ അനുഭവിക്കുന്ന കെടുതികള്‍ക്കിടയിലും ചില വൈകൃത മനസ്സിനുടമകള്‍ വിദ്വേഷവും കുടുസ്സായ രാഷ്ട്രീയവും പ്രചരിപ്പിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നയാ പൈസ നല്‍കരുതെന്നാണ് ഒരു കൂട്ടര്‍ കൊണ്ടുപിടിച്ച് പ്രചരിപ്പിക്കുന്നത്. കേന്ദ്രം എന്തൊക്കെയോ വാരിക്കോരി തന്നു, അതൊന്നും ചെലവഴിച്ചില്ല, അതുകൊണ്ട് ദുരിതാശ്വാസവുമായി ആരും സഹകരിക്കരുതെന്നാണ് പിന്നെയൊരു സംഘത്തിന്റെ വാദം. പ്രളയവും പേമാരിയും ഉരുള്‍പൊട്ടലുമെല്ലാം ഒരു പ്രത്യേക സംഭവത്തിന്റെ ഭാഗമായുണ്ടായ ശാപമാണെന്നും അനുഭവിക്കട്ടേയെന്ന് ആക്രോശിക്കുന്നവരുമുണ്ട്. മതം, ജാതി, പ്രദേശം എന്നിങ്ങനെ മനുഷ്യരെ വിഭജിക്കുന്ന കമന്റുകള്‍ക്കും ക്ഷാമമില്ല. ഈ വിദ്വേഷ പ്രചാരണത്തിന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് സാമൂഹിക മാധ്യമങ്ങളെയാണ്. എന്നാല്‍ അതെല്ലാം ജനങ്ങള്‍ തള്ളിക്കളഞ്ഞു. ഇത്തരം സാമൂഹിക വിരുദ്ധരെ ഒറ്റപ്പെടുത്തി. അങ്ങനെ നാം ലോകത്തിന് തന്നെ മാതൃകയായി മാറി. സാമൂഹിക മാധ്യമങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുകയാണ് അന്ന് ചെയ്തത്. അതുതന്നെയാണ് ഇപ്പോഴും വേണ്ടത്. വ്യാജ പ്രചാരണങ്ങള്‍ നടത്തി ആശയക്കുഴപ്പം സൃഷ്ടിക്കുന്നവരെ തുറന്ന് കാണിക്കണം. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടിയുണ്ടാകുകയും വേണം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തികച്ചും സുതാര്യമായ സംവിധാനമാണ്. അതിലെ തുക എങ്ങനെ ശേഖരിച്ചു, അത് എന്തിന് ചെലവഴിക്കുന്നു, എത്ര ചെലവഴിക്കുന്നു, എത്ര ബാക്കിയുണ്ട് എന്നിവയെല്ലാം ആര്‍ക്കും പരിശോധനക്ക് വിധേയമാക്കാവുന്നതാണ്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അതേ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് മുഖ്യമന്ത്രിയുടെതും പ്രവര്‍ത്തിക്കുന്നത്. ഒരു വകമാറ്റലും നടക്കില്ല. നടന്നാല്‍ കൈയോടെ പിടിക്കാവുന്നതാണ്.
നിങ്ങള്‍ കൊടുക്കുന്നില്ലെങ്കില്‍ വേണ്ട. നന്മ വറ്റാത്തവര്‍ നന്മ ചെയ്യട്ടെ. എന്തിന് അവരെ ആശയക്കുഴപ്പത്തിലാക്കുന്നു? ഇതിന്റെയെല്ലാം പിന്നില്‍ രാഷ്ട്രീയമുണ്ടായിരിക്കും. എല്ലാവര്‍ക്കും രാഷ്ട്രീയമുണ്ട്. അതുപക്ഷേ ഇത്തിരി ഭക്ഷണത്തിനും മരുന്നിനും കിടപ്പാടത്തിനും മനുഷ്യര്‍ കേഴുമ്പോള്‍ എടുത്തു പയറ്റാനുള്ളതല്ല. രാഷ്ട്രീയ മേല്‍ക്കൈ കിട്ടിയിട്ടില്ല എന്ന ഒറ്റ കാരണം കൊണ്ട് ഒരു പ്രദേശം നശിച്ചു പോകട്ടെ എന്ന് ശാപവാക്ക് ചൊരിയുന്നത് എത്ര കഷ്ടമാണ്.
ദുരിതാശ്വാസ നിധി സംബന്ധിച്ച് ധനമന്ത്രി തോമസ് ഐസക് വിശദീകരിച്ചത് എല്ലാവര്‍ക്കും മനസ്സിലാകുന്ന നിലയിലാണ്. മന്ത്രി എഴുതുന്നു: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുത് എന്ന് ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു കൊണ്ട് പോസ്റ്റുകള്‍ ചിലര്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. പോസ്റ്റുകളില്‍ കാണിക്കുന്ന കാരണം ഈ പണം മന്ത്രിമാരുടെ വിദേശയാത്രക്കും ധൂര്‍ത്തിനുമായി ദുര്‍വിനിയോഗം ചെയ്യുന്നു എന്നതാണ്. വിദേശയാത്രക്കും വാഹനങ്ങള്‍ മേടിക്കുന്നതിനുമൊക്കെ ബജറ്റില്‍ പ്രത്യേകം പണമുണ്ട്. അതുമിതും കൂട്ടിക്കുഴക്കേണ്ട. അത് ധൂര്‍ത്താണോ എന്നുള്ളത് വേറെ ചര്‍ച്ച ചെയ്യേണ്ടതാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന പണം ദുരിതാശ്വാസത്തിനല്ലാതെ മറ്റ് കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാനാകില്ല. ദുരിതാശ്വാസ നിധിയില്‍ രണ്ട് ഘടകങ്ങള്‍ ഉണ്ട്. ഒന്ന് ബജറ്റില്‍ നിന്ന് സര്‍ക്കാര്‍ നല്‍കുന്ന തുക, രണ്ട്, ജനങ്ങള്‍ നല്‍കുന്ന സംഭാവനകള്‍. ജനങ്ങള്‍ നല്‍കിയ അഭൂതപൂര്‍വമായ സംഭാവനയാണ് കഴിഞ്ഞ പ്രളയാനുഭവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകതകളില്‍ ഒന്ന്. 4106 കോടി രൂപയാണ് (20/07/2019 വരെ) പ്രളയ ദുരിതാശ്വാസത്തിലേക്ക് അവര്‍ സംഭാവനയായി നല്‍കിയത്. മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ തുക ഏതെങ്കിലും ആവശ്യത്തിനോ പ്രദേശത്തിനോ വേണ്ടി ചെലവഴിക്കണമെങ്കില്‍ ക്യാബിനറ്റ് തീരുമാനം വേണം. ഇത് റവന്യൂ വകുപ്പ് ഒരു ഉത്തരവായി ഇറക്കണം. ഇതിന്റെയടിസ്ഥാനത്തില്‍ ഫിനാന്‍സ് സെക്രട്ടറി കലക്ടര്‍മാര്‍ക്കോ ബന്ധപ്പെട്ട വ്യക്തികള്‍ക്കോ ബേങ്ക് വഴി പണം കൈമാറണം. ദുരിതാശ്വാസ നിധിയില്‍ നിന്ന് ചെലവഴിക്കുന്ന ഓരോ രൂപക്കും കൃത്യമായ രേഖകള്‍ ഉണ്ട്. ഇത് സി എ ജി ഓഡിറ്റിംഗിന് വിധേയമാണ്. ഇങ്ങനെ പോകുന്നു മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഫിക്‌സഡ് ഡെപ്പോസിറ്റായാണ് പണം നിക്ഷേപിച്ചിരിക്കുന്നതെന്നാണ് പിന്നെ ഉയര്‍ന്ന ആക്ഷേപം. ദുരിതാശ്വാസ തുകയില്‍ നിന്ന് സഹായം ഒറ്റയടിക്കല്ല, ഘട്ടം ഘട്ടമായാണ് നല്‍കുന്നത്. ആ കാലഗണനയനുസരിച്ചാണ് സ്ഥിരം നിക്ഷേപം നടത്തിയതെന്ന് മന്ത്രി വിശദീകരിക്കുന്നു.

വസ്തുത ഇതായിരിക്കെയാണ് “അധ്വാനിച്ചുണ്ടാക്കിയ പണം വെറുതേ കൊടുക്കണോ” എന്നൊക്കെ ചോദിച്ച് ചിലര്‍ ഉദ്‌ബോധനത്തിനിറങ്ങുന്നത്. പ്രാദേശിക വേര്‍തിരിവ് സൃഷ്ടിക്കാനും ചിലര്‍ ശ്രമിക്കുന്നത് കണ്ടു. തിരുവനന്തപുരം കലക്ടര്‍ തന്നെ അത്തരത്തില്‍ സംസാരിച്ചുവെന്നത് ഖേദകരമാണ്. കലക്ഷന്‍ പോയിന്റുകളില്‍ ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കുന്നത് തിടുക്കത്തില്‍ വേണ്ട എന്ന തരത്തിലായിരുന്നു കലക്ടറുടെ സന്ദേശം. ദുരന്തത്തിന്റെ വ്യാപ്തി വല്ലാതെ പെരുപ്പിച്ച് കാണിച്ച് ഭീതി വിതക്കുന്ന ചിലരുമുണ്ട്. അതിനായി അവര്‍ കഴിഞ്ഞ വര്‍ഷത്തെ ചിത്രങ്ങളും ദൃശ്യങ്ങളും ഉപയോഗിക്കുന്നു.
നാം കൈകോര്‍ത്ത് നില്‍ക്കേണ്ട ഘട്ടമാണിത്. ആയിരക്കണക്കായ മനുഷ്യര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. രോഗം പടരാനുള്ള സാധ്യതയേറെയാണ്. സര്‍ക്കാറിനെയും ഉദ്യോഗസ്ഥ സംവിധാനത്തെയും വിശ്വാസത്തിലെടുക്കാം. തെറ്റുകളുണ്ടെങ്കില്‍ ശാന്തമായി ചൂണ്ടിക്കാട്ടാം. ചെറിയ പിഴവുകള്‍ പോലും പര്‍വതീകരിക്കപ്പെടുമെന്ന ബോധ്യം സര്‍ക്കാറിനെ നയിക്കുന്നവര്‍ക്കും ഉണ്ടാകട്ടെ. കുടില ബുദ്ധികളെ ഒറ്റപ്പെടുത്താം. ഒന്നിച്ച് നീങ്ങാം.

Latest