Ongoing News
മരണ നിഴലിലൊരു തീർഥയാത്ര

അരനൂറ്റാണ്ടിനപ്പുറം അറബിക്കടൽ താണ്ടി ജിദ്ദയിൽ കപ്പലിറങ്ങിയ ഹജ്ജോർമകൾ. അവ ഹാജിമാരിൽ തളിർത്തു നിൽക്കുകയാണ്. ഓർക്കുമ്പോൾ കണ്ണിൽ നനവൂറും. മരിച്ചാൽ പുതപ്പിക്കാനുള്ള വെള്ളത്തുണി പെട്ടിയിൽ വെച്ച് പുറപ്പെടുന്ന തീർഥയാത്ര. ഉള്ളൊന്നു പിടയാൻ ഇതുതന്നെ ധാരാളം. 1962 മാർച്ചിലെ റമസാനിൽ ഹജ്ജിനായി വീട്ടിൽ നിന്നിറങ്ങിയ താമരശ്ശേരി കൽത്തറ ബുസ്താനാബാദിലെ എൺപതുകാരനായ എം ടി ഹുസൈൻ കുട്ടി ഹാജി ഓർമകൾ പങ്കുവെക്കുന്നു.
എങ്ങനെ വിവരിക്കണമെന്ന് അറിയാത്ത വികാരമാണ് ഈ യാത്രാ വിശേഷങ്ങൾ. സൗകര്യങ്ങളുടെ പരിമിതി ധാരാളമായിരുന്നെങ്കിലും ഭക്തിസാന്ദ്രമായിരുന്നു അന്തരീക്ഷം. മോഹവും ദാഹവും ഭയവുമെല്ലാം ഒത്തുചേർന്ന മനോനില. യാത്രയിലുടനീളം മരണചിന്തയുടെ നിഴലാട്ടമുണ്ടായിരുന്നു. ബോംബെയിൽ നിന്നായിരുന്നു കപ്പൽ. കാര്യമായ പ്രയാസങ്ങളൊന്നും കപ്പൽ യാത്രയിലുണ്ടായില്ല. ഒരു പാക്കിസ്ഥാനി യാത്രികന്റെ മരണം നൊമ്പരമായി. മയ്യിത്ത് കടലിൽ അടക്കി. ആരാധനക്കും പ്രാർഥനക്കും വിചാരപ്പെടലിനും പറ്റിയ അവസരമാണിത്. വിശാലമായ കടലും റബ്ബിന്റെ ഖുദ്‌റത്തും മനുഷ്യന്റെ ദുർബലതയുമൊക്കെ നന്നായി മനസ്സിലാക്കാം. കടൽ ശാന്തമാണെങ്കലും മനസ്സ് ഭീതിതമാണ്. എന്തും എപ്പോഴും സംഭവിച്ചേക്കാം. എട്ട് ദിവസം കഴിഞ്ഞ് ജിദ്ദയിലെത്തി. കാര്യമായ പരിശോധനകളൊന്നും പോർട്ടിലില്ല. പിന്നെ മക്കയിലേക്ക്. ചുറ്റും മരുഭൂമി. അധികം കെട്ടിടങ്ങളില്ല. പച്ചപ്പും കുറവ്. പക്ഷെ, പൊതുസൗകര്യങ്ങൾക്ക് പഞ്ഞമില്ല. പ്രതികൂല കാലാവസ്ഥ ആരും സാരമാക്കാറില്ല. പുണ്യസ്ഥലങ്ങൾ മനസ്സിലാക്കി അടുത്ത് ചെല്ലാനും മനമുരുകി പ്രാർഥിക്കാനും സാധിക്കും. ഹജറിലും ഹിജ്‌റിലും ബാബിലും മീസാബിലുമൊക്കെ ആരാധനകൾക്ക് സൗകര്യമുണ്ട്.
മറക്കാതെ ആ പ്രാർഥന
1971ൽ റമസാൻ മാസം ഹജ്ജിനിറങ്ങിയതാണ് കൽത്തറ ജുമാ മസ്ജിദ് സെക്രട്ടറി കൂടിയായ പി ഡി അബ്ദുർറഹമാൻ കുട്ടി മാസ്റ്റർ. സംഭവ ബഹുലമായ ഓർമകളാണ് അദ്ദേഹത്തിനുള്ളത്. കപ്പൽ യാത്ര ഹാജിയെ മാനസികമായി പരുവപ്പെടുത്തും. പത്ത് ദിവസത്തെ കപ്പൽ സഞ്ചാരം ഹജ്ജിന്റെ ബോധനം കൂടിയാണ്. ജീവിതം പഠിക്കാനും റബ്ബിലേക്ക് അടുക്കാനുമുള്ള അവസരം. സഊദിയ്യ കപ്പലിലായിരുന്നു യാത്ര. പൊതുവെ ശാന്തം. പെട്ടെന്നാണ് അത് സംഭവിച്ചത്. സമയം അർധ രാത്രി. കപ്പൽ അപകടത്തിലേക്കാണെന്ന ആദ്യ സൈറൺ. മുന്ന് സൈറൺ മുഴങ്ങിയാൽ പിന്നെ കടലിലേക്ക് ചാടണം. കാറ്റും കോളും അതിശക്തമാകുന്നു. രണ്ടാം സൈറണും മുഴങ്ങി. ആൾക്കാർ വെപ്രാളത്തിൽ പരിസരം മറന്നിരിക്കുന്നു. മൂന്നാമത്തേത് കൂടി മുഴങ്ങിയാൽ ആയിരത്തോളം വരുന്ന ഹാജിമാരുടെ യാത്ര ഇവിടെ അവസാനിക്കും, കൂടെ ജീവിത യാത്രയും. ഇനി റബ്ബ് മാത്രമാണ് തുണ. കൂട്ടക്കരച്ചിലിന്റെ ആരവം. അപ്പോഴാണ് നാട്ടുകാരനും സഹയാത്രികനുമായ പി പി അബൂബക്കർ കുട്ടി മുസ്‌ലിയാർ അത്യുച്ചത്തിൽ ഹൃദയം പൊട്ടി പ്രാർഥിച്ചത്. ഹാജിമാരൊന്നായി ആമീൻ പറഞ്ഞു. പിന്നെ കേട്ടത് കാറ്റ് വഴിമാറിയ വാർത്തയാണ്. ജഗനിയന്താവിന് നന്ദി. മാസ്റ്റർ പറഞ്ഞുനിർത്തുമ്പോൾ മുഖത്ത് ആ നടുക്കം എഴുതിവെച്ചിരുന്നു. ഒരു വ്യക്തി റബ്ബിനെയോർത്ത് പാകപ്പെടാൻ ഇനിയെന്ത് വേണം?
മക്കയിലും മദീനയിലും കാര്യങ്ങൾക്ക് പ്രയാസമുണ്ടായില്ല. ത്വവാഫിലൊക്കെ തിരക്കുണ്ടെങ്കിലും തെറ്റാതെ തൃപ്തമായ രൂപത്തിൽ ആരാധനകൾ ചെയ്യാൻ സൗകര്യം കിട്ടി. ഹജ്ജിന് വന്ന സയ്യിദ് അബ്ദുർറഹമാൻ ബാഫഖി തങ്ങൾ അന്തരിച്ചത് ആ വർഷമാണ്. അദ്ദേഹത്തിന്റെ മയ്യിത് നിസ്‌കാരത്തിലും പ്രാർഥനാ സദസ്സിലും പങ്കുകൊണ്ടു. ജന്നതുൽ മുഅല്ലയിലാണ് അദ്ദേഹത്തിന്റെ ഖബറിടം. മദീനയിൽ തിരുറൗളയിലും മസ്ജിദുന്നബവിയിലെ പുണ്യസ്ഥാനങ്ങളിലുമെല്ലാം പ്രവേശിക്കാനും ആരാധനകൾ ചെയ്യാനും ഒരു തടസ്സവുമില്ല. ദാഹവും മോഹവും തീരില്ലെങ്കിലും ഇത്തിരി ശമനം ലഭിക്കുവോളം തിരുറൗളയിൽ നിന്ന് ദുആ ചെയ്യാൻ സൗകര്യമുണ്ട്. അപ്പോഴൊരു രംഗത്തിന് സാക്ഷിയായി. ഒരു മലയാളി ഏറെ നേരം വികാരഭരിതനായി പ്രാർഥിക്കുന്നു. പെട്ടെന്ന് അദ്ദേഹം മറിഞ്ഞുവീണു, ലോകൈക രക്ഷിതാവിലേക്ക് യാത്രയായി. മായാത്ത ആ രംഗം കൺമുന്നിലിന്നുമുണ്ട്.
1966 നവംബറിൽ റമസാൻ 29ന് ഹജ്ജ് യാത്രക്കിറങ്ങിയ വലിയപറമ്പ് എളേറ്റിൽ സ്വദേശി മുഹമ്മദ് മുസ്‌ലിയാർ ചില അനുഭവങ്ങൾ ഓർത്തെടുക്കുന്നു. ആ വർഷത്തെ ചെറിയ പെരുന്നാൾ തീവണ്ടിയിലായിരുന്നു. ചെറുപ്പത്തിലേ മനസ്സിൽ കതിരിട്ട പൂതിയായിരുന്നു വിശുദ്ധ ഹജ്ജ് യാത്ര. പാണക്കാട് പൂക്കോയ തങ്ങളുടെയും ആലുവ അബൂബക്കർ മുസ്‌ലിയാരുടെയും പ്രാർഥനയും ആശീർവാദവും യാത്രക്ക് തുണയായി. രണ്ടായിരം രൂപയാണ് അന്നത്തെ ചെലവ്. ബോംബെയിൽ നിന്ന് ഇസ്‌ലാമിയ്യ കപ്പലിലായിരുന്നു യാത്ര. അന്ന് നറുക്കെടുപ്പ് സമ്പ്രദായം നിലവിൽ വന്നിരുന്നു. പത്ത് ദിവസമെടുത്തു ബോംബെയിൽ നിന്ന് ജിദ്ദയിലെത്താൻ. അങ്ങോട്ടുള്ള യാത്രയിൽ പ്രയാസമുണ്ടായില്ലെങ്കിലും മടക്കയാത്രയിൽ ഭീതിത രംഗങ്ങൾക്ക് സാക്ഷിയായി. പുറംകടലിലെ പരിഭ്രാന്തി പറഞ്ഞറിയിക്കാവതല്ല. ആയിരത്തോളം ജീവനുകൾ കൂട്ടമായി വെപ്രാളപ്പെട്ടാലുള്ള അവസ്ഥ ചിന്തിക്കാവുന്നതാണ്. റബ്ബിന്റെ തുണയാൽ കുഴപ്പങ്ങളില്ലാതെ കര പിടിച്ചു. എങ്കിലും, ഭയം ഇന്നും ബാക്കിയുണ്ട്.
മക്കത്തുൽ മുകർറമയിലെ അനുഭവം ഏറെ ഹൃദ്യമായിരുന്നു. ത്വവാഫിലും സഅ്‌യിലും മറ്റിടങ്ങളിലും തിരക്കാണെങ്കിലും എല്ലാത്തിനും സാധിക്കും. സംതൃപ്തിയുമുണ്ടാകും. സംസം കിണർ അന്ന് മൂടിയിട്ടില്ല. പടവുകൾ വഴി അടുത്തുചെല്ലാം. കോരിയെടുത്ത വെള്ളം നേരിട്ടുവാങ്ങി കുടിക്കാം. വലിയ തിരക്കില്ലതാനും. അധികം വിസ്താരമില്ല, ആഴവുമില്ല; നോക്കാം. ചെറിയ വൃത്തത്തിൽ നിന്നൂറുന്ന ജലധാരയാണ് ജനകോടികൾ കാലാകാലമായി ശേഖരിക്കുന്നതും ഉറ്റവർക്കും മറ്റുമായി കൊണ്ടുപോകുന്നതും. ഭൂമിയിൽ നിന്നുള്ള ആ കിനിഞ്ഞിറങ്ങലിന് അവസാനമില്ല. സ്വാദിന് മാറ്റവുമില്ല. ഒരു റിയാൽ കൊടുത്താൽ പാറാവുകാരൻ ഒരു കുടം സംസം കോരിയെടുത്ത് തലയിലൊഴിച്ചുതരും. ഞാനങ്ങനെ ചെയ്തു- മാസ്റ്റർ പറഞ്ഞുനിർത്തി.
30 വർഷം മുമ്പ് അക്ബർ കപ്പലിൽ യാത്ര ചെയ്ത സ്വന്തം അനുഭവം ഇങ്ങനെ. കപ്പലിലൂടെയുള്ള ഹജ്ജ് യാത്ര അന്ന് അവസാനഘട്ടത്തിലാണ്. വിമാന യാത്ര ജനകീയമാകുന്ന കാലം. അക്ബറല്ലാതെ വേറെ കപ്പലില്ല. സി പി അബ്ദുൽ ഖാദിർ മുസ്‌ലിയാർ, സി എ പറമ്പക്കടവ് തുടങ്ങിയവർ സഹയാത്രക്കാരായുണ്ട്. 1989ലെ ഹജ്ജ് കഴിഞ്ഞുള്ള മടക്കയാത്ര. ജൂലൈ പകുതി കഴിഞ്ഞിരിക്കുന്നു.
മടക്കയാത്രയിൽ പൊതുവെ ഹാജിമാരിൽ ഉന്മേഷവും തമാശയുമൊക്കെയുണ്ടാകുക സ്വാഭാവികമാണ്. ജിദ്ദ വിട്ട് രണ്ട് ദിവസം കഴിഞ്ഞതോടെ എല്ലാ തമാശകളും നിലച്ചു. തുടർന്നുള്ള രണ്ട് ദിവസം ഭയാനകമായിരുന്നു. കടലിൽ കാറ്റും കോളുമാണ്. അറബിക്കടൽ ജൂലൈ മാസത്തെ പ്രകോപനം കൊട്ടിഘോഷിക്കുകയാണ്. രാത്രിയൊക്കെ ചുറ്റിലും ഭയം മാത്രം. അർധരാത്രി സൈറൺ വന്നു. ഒരുദിനം കൂടി പിന്നിട്ടു. ഭാഗ്യവശാൽ വലിയ കോലാഹളങ്ങളൊന്നുമില്ലാതെ കടൽ ശമിച്ചിരുന്നു. പക്ഷെ, പേടിച്ചരണ്ട രണ്ട് ദിവസങ്ങളാണ് കടന്നുപോയത്.
കപ്പലിലെ മരണം ഒരു അധ്യായം തന്നെയാണ്. മയ്യിത്ത് കടലിലേക്ക് താഴ്ത്തി മറിച്ചിടുന്ന രംഗം! ഞങ്ങളുടെ യാത്രയിൽ അങ്ങോട്ട് പോകും വഴി ബിഹാറി ഹാജി മരിച്ചു. അനൗൺസ് വന്നു, നിസ്‌കാരത്തിനായി ഡക്കിലേക്ക് പോയി. മൈതാനത്തെന്ന പോലെയാണ് നിസ്‌കാരം നടന്നത്. ശേഷം നാവിക ഉദ്യോഗസ്ഥർ തയ്യാറാക്കിയ പലകയിൽ മയ്യിത്ത് കിടത്തി. പലകക്കടിയിൽ ചെറിയ ഭാരക്കട്ടയുണ്ട്. വലിയ കപ്പിയുപയോഗിച്ച് മയ്യിത്ത് താഴേക്കിറക്കുന്നു. ജലോപരിതലത്തെത്തുമ്പോൾ കൊളുത്ത് വലിക്കുന്നതോടെ തെന്നിമാറ്റുന്ന മയ്യിത്ത് ആഴത്തിലേക്ക് മറിഞ്ഞു മറഞ്ഞുപോകുന്നത് വല്ലാത്തൊരു രംഗമാണ്. അത് നേരിട്ട് അനുഭവിക്കാനായി, ജീവിതമുടനീളം ഓർക്കാനും.
മുഹ്താജ് കൽത്തറ
.