Kerala
പ്രളയം, ഉരുള്‍പൊട്ടല്‍; നാലു ദിവസത്തിനിടെ സംസ്ഥാനത്ത് തകര്‍ന്നത് 3052 വീടുകള്‍

തിരുവനന്തപുരം: കനത്ത മഴ വിതച്ച പ്രളയത്തിലും ഉരുള്‍പൊട്ടലിലും നാലു ദിവസത്തിനിടെ സംസ്ഥാനത്ത് തകര്‍ന്നത് 3052 വീടുകള്‍. ഇതില്‍ 265 വീടുകള്‍ പൂര്‍ണമായും 2,787 എണ്ണം ഭാഗികമായും തകര്‍ന്നു. രണ്ടര ലക്ഷത്തിലേറെ പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയത്. മലപ്പുറം ജില്ലയിലാണ് പേമാരിയും ഉരുള്‍പൊട്ടലും ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. 65 വീടുകളാണ് മലപ്പുറത്ത് മാത്രം തകര്‍ന്നത്. കവളപ്പാറയിലെ കണക്കുകള്‍ പൂര്‍ണമായി ലഭിക്കുന്നതോടെ ഇത് വര്‍ധിക്കും.
ഇടുക്കിയില്‍ 62 വീടുകള്‍ പൂര്‍ണമായും 314 വീടുകള്‍ ഭാഗികമായും തകര്‍ന്നു. പാലക്കാട് ജില്ലയില്‍ 53 വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ കണക്കു പ്രകാരം വയനാട്ടില്‍ 30 വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. പുത്തുമലയിലെ പാടികളുടെ എണ്ണത്തിന്റെ കൃത്യമായ കണക്കു പുറത്തു വരുമ്പോള്‍ തകര്‍ന്ന വീടുകളുടെ എണ്ണം ഉയരും. ആലപ്പുഴയില്‍ 410 വീടുകള്‍ ഭാഗികമായി നശിച്ചു.