National
ബീഫും പന്നി മാംസവും വിതരണം ചെയ്യാന്‍ നിര്‍ബന്ധിക്കുന്നു; പ്രതിഷേധവുമായി സൊമാട്ടോ ജീവനക്കാര്‍

കൊല്‍ക്കത്ത: ബീഫും പന്നി മാംസവും വിതരണം ചെയ്യാന്‍ സമ്മര്‍ദം ചെലുത്തുന്നതില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല സമരത്തിനൊരുങ്ങി കൊല്‍ക്കത്തയിലെ വെബ് ആന്‍ഡ് ആപ്പ് ഭക്ഷണ വിതരണ കേന്ദ്രമായ സൊമാട്ടോയിലെ ജീവനക്കാര്‍. കമ്പനിയുടെ അടിച്ചേല്‍പ്പിക്കല്‍ നയത്തിനെതിരെ ജീവനക്കാര്‍ ഇന്ന് തെരുവിലിറങ്ങി പ്രതിഷേധിച്ചു. ബീഫ് വിതരണത്തിന് കൊണ്ടുപോകുന്നതില്‍ ഹിന്ദു ഏജന്റുമാരും പന്നിയിറച്ചിയടങ്ങിയ ഭക്ഷണ പാക്കറ്റ് വിതരണം ചെയ്യുന്നതില്‍ മുസ്‌ലിം ഏജന്റുമാരും അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായി സമരക്കാര്‍ വ്യക്തമാക്കി.
തങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കാതെയും ഇംഗിതം പരിഗണിക്കാതെയും ബീഫും പന്നിയിറച്ചിയും വിതരണം ചെയ്യാന്‍ കമ്പനിയുടമകള്‍ നിര്‍ബന്ധിക്കുകയാണ്. ഒരു സാഹചര്യത്തിലും ഈ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യാന്‍ തങ്ങള്‍ ഒരുക്കമല്ല-സൊമാട്ടോയിലെ ജീവനക്കാരനായ മോസിന്‍ അക്തര്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.
മതപരമായ വികാരങ്ങള്‍ പരിഗണിക്കാതെയാണ് കമ്പനിയുടെ ഇടപെടലെന്ന് മറ്റൊരു ജീവനക്കാരനും കുറ്റപ്പെടുത്തി.
തനിക്ക് ഉച്ചഭക്ഷണം കൊണ്ടുവന്നയാള്‍ ഹിന്ദു മതക്കാരനല്ലെന്നതിനാല്‍ മധ്യപ്രദേശിലെ ഒരു സൊമാട്ടോ ഉപഭോക്താവ് കഴിഞ്ഞാഴ്ച തന്റെ ഓര്‍ഡര്‍ റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്ന് മതപരമായ അസഹിഷ്ണുത സംബന്ധിച്ച് ദേശവ്യാപകമായ ചര്‍ച്ചകള്‍ നടന്നിരുന്നു. 2017ല്‍ രാജ്യത്താകെ ഗോവധം നിരോധിച്ചു കൊണ്ട് ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടത് വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.