നെടുമ്പാശ്ശേരി സാധാരണ നിലയില്‍; വിമാനം പറന്ന് തുടങ്ങി

Posted on: August 11, 2019 6:36 am | Last updated: August 11, 2019 at 3:05 pm

കൊച്ചി: പ്രളയത്തെ തുടര്‍ന്ന് വെള്ളം കയറിയതിനാല്‍ അടച്ചിട്ടിരുന്ന നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് ഉച്ചയോടെ സാധാരണ നിലയിലായി. പമ്പിംഗ് ഉപയോഗിച്ച് വിമാനത്താവളത്തിലെ വെള്ളം വറ്റിച്ചാണ് പ്രവര്‍ത്തന സജ്ജമാക്കിയത്. ആദ്യ വിമാനം ഉച്ചയോടെ പറന്നുയര്‍ന്നു.

റൺവേയിലും ടാക്‌സി ബേയിലും വെള്ളം കയറിയത് മൂലം അടിഞ്ഞ് കൂടിയ ചെളിയും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്തു. പെരിയാറിലെ ജലനിരപ്പും മഴയുടെ ശക്തിയും കുറഞ്ഞ സാഹചര്യത്തിലാണ് ഇന്ന് തന്നെ പ്രവർത്തനം പുനരാരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കുന്നത്. ലാൻഡിംഗും ടേക്ക് ഓഫും അടക്കം 60 അഭ്യന്തര സർവീസുകളും 27 അന്താരാഷ്ട്ര സർവീസുകളും ഇന്ന് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഇന്ന് മുതൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം ആരംഭിക്കുമെന്ന് അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് വിമാന കമ്പനികൾ ടിക്കറ്റ് വിൽപ്പനയും ആരംഭിച്ചു.

പെരിയാറിൽ ജലനിരപ്പ് ഉയർന്ന് റൺവേയിൽ വെള്ളം കയറിയതിനെ തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം
വെള്ളിയാഴ്ച രാത്രി ഒന്പതോടെ നിർത്തിവെക്കുകയായിരുന്നു. പെട്ടെന്ന് വിമാനത്താവളം അടച്ചിടാൻ തീരുമാനിച്ചതോടെ എട്ട് എയർ ക്രാഫ്റ്റുകൾ ടാക്‌സി ബേയിൽ കുടുങ്ങിയിരുന്നു ഇതിൽ ആറ് വിമാനങ്ങൾ ഇന്നലെ ഇവിടെ നിന്ന് യാത്രയായി. ബാക്കിയുള്ള രണ്ട് വിമാനങ്ങൾ ഇന്ന് യാത്രക്കാരുമായി സർവീസ് നടത്താൻ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

വിമാനത്താവളത്തിന്റെ ഒരു ഭാഗത്ത് നൂറ് മീറ്റർ നീളത്തിൽ മതിൽ ഇടിഞ്ഞ് വീണത് റൺവേയിൽ നിന്ന് വെള്ളം എളുപ്പത്തിൽ ഇറങ്ങുന്നതിന് സഹായകരമായി. വിമാനത്താവളം തുറക്കുന്നത് സംബന്ധിച്ച് ഇന്ന് രാവിലെ പ്രത്യേക സമിതി യോഗം ചേരും. ഉച്ചക്ക് 12 മണിയോടെ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. അന്താരാഷ്ട്ര ടെർമിനലിൽ നിന്ന് ദിനംപ്രതി 88 ലാൻഡിംഗും 88 ടേക്ക് ഓഫും ആഭ്യന്തര ടെർമിനലിൽ നിന്ന് 150ലാൻഡിംഗും 150 ടേക്ക് ഓഫും നടക്കുന്നുണ്ട്.