Kozhikode
കക്കയം പവര്‍ഹൗസ്: 300 കോടിയുടെ നഷ്ടം

ബാലുശ്ശേരി: വെള്ളിയാഴ്ച വൈകീട്ടോടെ കക്കയം പവര്‍ഹൗസിലുണ്ടായ മലയിടിച്ചിലിനെ തുടര്‍ന്ന് മുന്നൂറു കോടി രൂപയുടെ നഷ്ടമുണ്ടായതായി പുരുഷന്‍ കടലുണ്ടി എം എല്‍ എ അറിയിച്ചു. മലബാറിലെ പ്രധാന വൈദ്യുതി ഉത്പാദന കേന്ദ്രമായ കക്കയം പവര്‍ഹൗസില്‍ ആറ് ജനറേറ്ററുകളാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ഇതില്‍ മൂന്നെണ്ണമാണ് പൂര്‍ണമായും തകരാറിലായത്.
പവര്‍ഹൗസിന് പിറകുവശത്തെ കക്കയം വാലിയിലുണ്ടായ മലയിടിച്ചിലില്‍ പാറക്കല്ലുകളും മണ്ണും ചെളിയും പവര്‍ഹൗസിനകത്തേക്ക് കുത്തിയൊലിച്ചെത്തുകയായിരുന്നു. 50 മെഗാവാട്ടിന്റെ രണ്ടും 25 മെഗാവാട്ടിന്റെ മൂന്നും എക്സ്റ്റന്‍ഷന്‍ പദ്ധതി വഴിയുള്ള 50 മെഗാവാട്ടിന്റെ ഒന്നും ജനറേറ്ററുകളാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. മണ്ണും ചെളിയും നിറഞ്ഞ് മൂന്ന് ജനറേറ്ററുകള്‍ തകരാറിലായതോടെയാണ് മുഴുവന്‍ ഉത്പാദനവും നിര്‍ത്തിവെക്കാന്‍ കെ എസ് ഇ ബി തീരുമാനിച്ചത്.
രാവിലെ മുതല്‍ തന്നെ മണ്ണും ചെളിയും നീക്കം ചെയ്യുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ടങ്കിലും പൂര്‍ണമായിട്ടില്ല. മലയിടിച്ചിലുണ്ടായ ഭൂമിയും പവര്‍ഹൗസും ജനറേറ്ററുകളും എം എല്‍ എ സന്ദര്‍ശിച്ചു. പവര്‍ഹൗസ് സുരക്ഷയോടെ സംരക്ഷിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അറ്റകുറ്റപണികള്‍ക്കായി വകുപ്പ് തല ഇടപെടല്‍ നടത്തുമെന്നും എം എല്‍ എ അറിയിച്ചു. കെ എസ് ഇ ബി അസി. എന്‍ജിനീയര്‍മാരും ഉദ്യോഗസ്ഥരും എം എല്‍ എയെ അനുഗമിച്ചു.