Malappuram
ധ്രുവനെയും കുടുംബത്തെയും കണ്ടെത്തിയില്ല; പ്രാര്‍ഥനയോടെ മലപ്പുറം

മലപ്പുറം: കോട്ടക്കുന്നിലെ മണ്ണിടിച്ചിലില്‍ കാണാതായ ഒന്നര വയസുകാരന്‍ ധ്രുവനെയും അമ്മയെയും അമ്മൂമ്മയെയും ഉടന്‍ കണ്ടെത്തണേയെന്ന പ്രാര്‍ഥനയോടെ മലപ്പുറം. വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് മലപ്പുറം നഗരത്തെ നടുക്കിയ ആ വാര്‍ത്തയെത്തിയത്.
കോട്ടക്കുന്ന് പാര്‍ക്ക് താഴെ നടപാതക്ക് മുകളില്‍ നിന്ന് മണ്ണിടിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മണ്ണിനടിയില്‍പ്പെടുകയായിരുന്നു. ഇതില്‍ രണ്ട് സ്ത്രീകളും ഒരു പിഞ്ചു കുഞ്ഞുമാണെന്ന് അറിഞ്ഞതോടെ ആദ്യം സ്ഥലത്തെത്തിയ നാട്ടുകാരും അഗ്നിരക്ഷാസേനയും ഇവരെ കണ്ടെത്തുന്നതിനായി തീവ്ര ശ്രമം ആരംഭിച്ചു. വിവരം അറിഞ്ഞ് നഗരത്തിലെയും സമീപ പ്രദേശത്തിലേയും ആളുകള്‍ പ്രദേശത്തേക്ക് കുതിച്ചെത്തി. കുടുംബത്തെ രക്ഷിക്കാനാവശ്യമായ വാഹനമടക്കം എല്ലാ അടിസ്ഥാന സൗകര്യങ്ങള്‍ ജനങ്ങള്‍ ഒരുക്കിയിരുന്നു.
ദേശീയ ദുരന്ത നിവാരണ സേനയുടെ സേവനവും സ്ഥലത്തെത്തിയിരുന്നു. പ്രതികൂലമായ കാലാവസ്ഥയും ഇതുവഴിയുള്ള വെള്ളത്തിന്റെ ഒഴുക്കും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. വെള്ളിയാഴ്ച ഏറെ വൈകിയും കണ്ടെത്താനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും രക്ഷാപ്രവര്‍ത്തകരുടെ ജീവന് ഭീഷണി കണക്കിലെടുത്ത് ഇന്നലെത്തേക്ക് മാറ്റുകയായിരുന്നു. ഇന്നലെ തിരച്ചില്‍ പുനരാരംഭിച്ചെങ്കിലും പ്രദേശത്ത് വീണ്ടും മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് തിരച്ചില്‍ താഴെ ഭാഗത്തേക്ക് മാറ്റി. മണ്ണ് മാന്തി യന്ത്രമുപയോഗിച്ച് ഏറെ വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും കുഞ്ഞിനെയോ, കുടുംബത്തെയോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.