നദിക്ക് കുറുകെ കയറിൽ ജീവനുമായി ഗർഭിണിയും കുഞ്ഞും

Posted on: August 10, 2019 2:40 pm | Last updated: August 11, 2019 at 12:41 am


പാലക്കാട്: കനത്ത മഴയെ തുടർന്ന് ഒറ്റപ്പെട്ട അട്ടപ്പാടി അഗളിയിൽ ഭവാനിപ്പുഴയുടെ തീരത്ത് പട്ടിമാളം തുരുത്തിൽ കുടുങ്ങിയ ഗർഭിണിയെയും പിഞ്ചുകുഞ്ഞിനെയും അതിസാഹസികമായി രക്ഷപ്പെടുത്തി. ഭവാനിപ്പുഴയുടെ കുത്തൊഴുക്കിന് മീതെ രണ്ട് കയറുകളുടെയും ലൈഫ് ജാക്കറ്റിന്റെയും ഉറപ്പിൽ എട്ട് മാസം ഗർഭിണിയായ ലാവണ്യയെയും 11 മാസമുള്ള പിഞ്ചുകുഞ്ഞിനെയുമാണ് മറുകര എത്തിച്ചത്.
ഇന്നലെ പകൽ 12 മണിയോടെയാണ് അട്ടപ്പാടി പട്ടിമാളം ഊരിലെ കോനാർ തുരുത്തിൽ നിന്ന് ആറ് പേരെ റോപ്പ് മാർഗം ഭവാനിപ്പുഴയുടെ മറുകരയെത്തിച്ചത്. ആദ്യം 60കാരിയായ പഴനിയമ്മയെ കരക്കെത്തിച്ചു.

തുടർന്ന് അവരുടെ ഭർത്താവ് ശെൽവരാജ് ശേഷം മകൻ മുരുകേശനെയും ഒന്നര വയസ്സ് പ്രായമുള്ള കുഞ്ഞിനെയും രക്ഷിച്ചു. കുഞ്ഞിനെ നെഞ്ചോട് ചേർത്തുവച്ച് തോർത്തുകൊണ്ട് കെട്ടിയാണ് രക്ഷപ്പെടുത്തിയത്. തുടർന്നാണ് ശ്വാസം അടക്കിപ്പിടിച്ചിരുന്ന കാഴ്ച. ശാരീരിക മാനസിക ആരോഗ്യം കണക്കിലെടുത്ത് എല്ലാവിധ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചാണ് ലാവണ്യയെ രക്ഷിക്കാനുള്ള ദൗത്യം അഗ്‌നിശമന സേന ആരംഭിച്ചത്.

ഇക്കരെയുള്ള മോളെയും കുടുംബത്തെയും മാത്രം നോക്കി റോപ്പിലൂടെ യുവതി മറുകര താണ്ടുകയായിരുന്നു. അവസാനമായി ജോലിക്കാരൻ പൊന്നനും സുരക്ഷിതമായി തീരമണഞ്ഞപ്പോൾ നാട്ടുകാർ കൈയടിച്ചാണ് വരവേറ്റത്. നാൻ നല്ലായിറുക്ക്, കടവുൾക്ക് നൻട്രി സൊൽട്രേൻ ഇതായിരുന്നു ലാവണ്യയുടെ പ്രതികരണം. ലാവണ്യയെ ഉടനെ വൈദ്യപരിശോധനക്ക് വിധേയമാക്കി. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.