ദുരന്തനിവാരണം: ദുഷ്പ്രചരണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ താല്‍പര്യം

Posted on: August 10, 2019 11:52 pm | Last updated: August 10, 2019 at 11:54 pm

കേരളം നേരിടുന്ന പ്രളയദുരിതത്തില്‍ സഹായവുമായി ജനങ്ങളൊന്നാകെ രംഗത്തിറങ്ങുമ്പോള്‍ ബോധപൂര്‍വമായ പ്രചരണവുമായി ചില ദുഷ്ടശക്തികള്‍ പ്രവര്‍ത്തിക്കുകയാണ്.

ദുരിതാശ്വാസസഹായം ചെയ്യാന്‍ പാടില്ല എന്ന ക്രൂരമായ പ്രസ്താവനകളുമായി സോഷ്യല്‍ മീഡയയില്‍ ഒരു വിഭാഗം ആളുകളിപ്പോള്‍ പ്രവര്‍ത്തിക്കുകയാണ്‌. ഇതിനുപിന്നില്‍ രാഷ്ട്രീയ താല്‍പര്യമാണ്.

ദുരന്തനിവാരണത്തില്‍ എല്ലാവരും ഒന്നിച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്. സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് എല്ലായിടത്തും ആവശ്യമായ സംവിധാനം ഒരുക്കിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യാന്‍ മഹാമനസ്‌കരായവര്‍ രംഗത്തുവരുമ്പോള്‍ ഇത്തരം സംഭാവനകള്‍ പാടില്ല എന്ന തരത്തിലുള്ള പരസ്യ പ്രസ്താവനകളാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നത്. ഇത് രാഷ്ടീയ ദുഷ്ടലാക്കാണ്.

കഴിഞ്ഞ പ്രളയത്തില്‍ ആര്‍എസ്എസ് ഇത്തരത്തില്‍ പ്രചരണം നടത്തി മുഴുവന്‍ ഫണ്ടും സേവാ ഭാരതിക്ക് നല്‍കണമെന്നാവശ്യപ്പെട്ടു. എന്നാല്‍ അവര്‍ പിരിച്ചെടുത്ത തുക എന്ത് ചെയ്‌തെന്ന് പോലും ആർക്കും അറിയില്ല.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള തുക ഒരു നയാപൈസപോലും മറ്റ് വഴിയ്ക്ക് ചെലവാക്കപ്പെടില്ല. സുതാര്യമായ ഒരു സംവിധാനമാണ് അത്. അതുമായി സഹകരിക്കേണ്ടതില്ല എന്നുപറയുന്നത് ദുരിതാശ്വാസ ഫണ്ട് പോലും തട്ടിയെടുക്കാന്‍ ശ്രമിക്കുന്നവരുടെ ആസൂത്രിത നീക്കമാണ്.

ഇത്തരം വ്യാജ പ്രചരണങ്ങളില്‍ ജനങ്ങള്‍ പെട്ടുപോകരുത്. സഹായം നല്‍കാന്‍ പല വിദേശ രാജ്യങ്ങളിലേയും മലയാളികള്‍ സന്നദ്ധരായിട്ടുണ്ട്. എന്നാല്‍ ഒരു വിഭാഗം ഇതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. ഇത്തരക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ ശ്രമിക്കണം. ദുരന്തസമത്ത് പോലും ഇത്തരം പ്രവര്‍ത്തനം നടത്തുന്നവരെ ഒറ്റപ്പെടുത്തണം.

കോടിയേരി ബാലകൃഷ്ണൻ