Editorial
കൈകോര്‍ക്കാം

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തില്‍ നിന്ന് കേരളം കരകയറും മുമ്പേ, കൃത്യം ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഈ ജനത മറ്റൊരു ദുരന്തത്തിലേക്ക് എടുത്തെറിയപ്പെടുകയാണ്. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്യുന്നത്. ഈ ജില്ലകള്‍ മലവെള്ളപ്പാച്ചിലിലും ഉരുള്‍പൊട്ടലിലും വിറങ്ങലിച്ച് നില്‍ക്കുകയാണ്. 47 പേര്‍ മരിച്ചുവെന്നാണ് ഏറ്റവും പുതിയ വിവരം. വയനാട്ടില്‍ നിരവധി ഇടങ്ങളില്‍ ഉരുള്‍പൊട്ടി. മലപ്പുറത്തെ നിലമ്പൂരില്‍ ഭൂദാനത്ത് മല അപ്പാടെ ഇടിഞ്ഞ് നിരവധി പേരെ കാണാതായിരിക്കുന്നു. മൊത്തം 25 ഇടങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായെന്നാണ് ഔദ്യോഗിക കണക്ക്. നിരവധി പട്ടണങ്ങള്‍ പൂര്‍ണമായി വെള്ളത്തിനടിയിലാണ്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുന്നുണ്ടെങ്കിലും നിലക്കാതെ പെയ്യുന്ന മഴ ഈ ശ്രമങ്ങളെ ദുഷ്‌കരമാക്കുകയാണ്. കണ്ണൂരും സ്ഥിതി ഗുരുതരമാണ്. പാലക്കാട്ടും ഇടുക്കിയിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നു. സംസ്ഥാനത്ത് മൊത്തം 738 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 15,748 കുടുംബങ്ങളില്‍ നിന്നായി 64,013 പേരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ദുരിതാശ്വാസ ക്യാമ്പിലുള്ളത്. വലിയ അണക്കെട്ടുകള്‍ നിറഞ്ഞിട്ടില്ലെന്നത് ആശ്വാസകരമാണ്. കോഴിക്കോട്ട് കക്കയം, പെരുവണ്ണാമൂഴി ഡാമുകള്‍ തുറന്നു കഴിഞ്ഞു. വയനാട്ടില്‍ ബാണാസുര സാഗറിന്റെ ഷട്ടറുകള്‍ തുറക്കേണ്ട സ്ഥിതിയുണ്ട്. ഇന്നത്തോടെ മഴയുടെ ശക്തി കുറയുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. എന്നാല്‍ 15ഓടെ വീണ്ടും ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ട്.
തിരുവനന്തപുരവും കൊല്ലവും ഒഴിച്ചുള്ള മുഴുവന്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ ഘട്ടത്തില്‍ സര്‍ക്കാറും ഔദ്യോഗിക വിദഗ്ധരും തരുന്ന നിര്‍ദേശങ്ങള്‍ അക്ഷരം പ്രതി പാലിക്കാന്‍ ജനങ്ങള്‍ തയ്യാറാകണം. താമസ സ്ഥലങ്ങളില്‍ നിന്ന് മാറണമെന്ന് നിര്‍ദേശം ലഭിച്ചവര്‍ അതില്‍ അമാന്തം കാണിക്കരുത്. കഴിഞ്ഞ തവണ ദുരന്തം ഭീകരമായതിന്റെ ഒരു കാരണം ഇത്തരം നിര്‍ദേശങ്ങള്‍ അവഗണിച്ച് ചിലര്‍ വീടുകളില്‍ കഴിഞ്ഞതായിരുന്നു. വൈകാരികമായ പ്രശ്‌നങ്ങളുണ്ടാകാം. വീടും മറ്റും വെള്ളത്തിന് വിട്ടുകൊടുത്ത് മറ്റൊരിടത്ത് മാറാന്‍ മനസ്സനുവദിക്കില്ല. കുറച്ച് കൂടി നോക്കാമെന്ന് ആത്മവിശ്വാസം തോന്നും. അപകടകരമാണ് ഈ തോന്നല്‍. ജീവന്‍ തന്നെയാണ് ഏറ്റവും വിലപിടിപ്പുള്ളത്.
കഴിഞ്ഞ പ്രളയത്തെ നാം ഒരു പരിധി വരെയെങ്കിലും അതിജീവിച്ചത് നിരുപാധികമായ ഒരുമയോടെയായിരുന്നു. ഒറ്റക്കെട്ടായി നാം രംഗത്തിറങ്ങി. മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ രക്ഷാ സേനകളായി. മാധ്യമങ്ങള്‍ ഏറ്റവും ഫലപ്രദമായി വിവരങ്ങള്‍ കൈമാറി. സാമൂഹിക മാധ്യമങ്ങള്‍ രക്ഷാ പ്രവര്‍ത്തനത്തെ ഏകോപിപ്പിക്കാനുള്ള ഉപാധിയായി. അതേ കൂട്ടായ്മ, അതേ മാനവികത ഉണരേണ്ട ഘട്ടമാണിപ്പോള്‍. ഭീതി വിതക്കുകയല്ല. ശാന്തമായി പരിഹാരം തേടുകയാണ് വേണ്ടത്. തെറ്റായ വിവരങ്ങള്‍ ആരും പ്രചരിപ്പിക്കരുത്. പ്രളയ ദുരന്തം അനുഭവിക്കാത്ത മുഴുവന്‍ പേരും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ രക്ഷാ ദൗത്യത്തില്‍ പങ്കു ചേരണം. അത്തരം മഹാമാതൃകകളുടെ ചിത്രങ്ങള്‍ ദുരന്തമുഖത്ത് എമ്പാടുമുണ്ട്. സൈന്യത്തിന്റെയും പോലീസിന്റെയും അഗ്‌നിശമന സേനയടക്കമുള്ള ഔദ്യോഗിക സംവിധാനങ്ങളുടെയും വലംകൈയായി സന്നദ്ധ പ്രവര്‍ത്തകരുമുണ്ട്. അത് പകരുന്ന ആശ്വാസം ചെറുതല്ല. എസ് വൈ എസ് സാന്ത്വനം വളണ്ടിയര്‍മാര്‍ ഈ രംഗത്ത് സ്തുത്യര്‍ഹമായ സേവനമാണ് ചെയ്യുന്നത്. ദുരന്തമുഖങ്ങളില്‍ പ്രാര്‍ഥനാപൂര്‍വം, നിശ്ചയദാര്‍ഢ്യത്തോടെ അവര്‍ കര്‍മ നിരതരാകുന്നു.
ഈ ഘട്ടത്തില്‍ നാം ഗൗരവപൂര്‍വം കണക്കിലെടുക്കേണ്ട ചില വസ്തുതകളുണ്ട്. നമ്മുടെ നാട് സന്തുലിത കാലാവസ്ഥയുള്ള ഒന്നാണെന്ന അഹങ്കാരം അസ്തമിച്ചിരിക്കുന്നു. കടുത്ത വേനലിന്റെയും കനത്ത മഴയുടെയും താളവട്ടങ്ങളിലേക്ക് നാം പതിച്ചിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ അര്‍ഥമെന്തെന്ന് ഇപ്പോള്‍ നമുക്കറിയാം. നിരന്തരമായി പെയ്യുന്ന മഴ താങ്ങാനുള്ള ശേഷിയില്ലാത്തവിധം പരിസ്ഥിതി ലോലമാണ് കേരളമെന്ന് ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു. ആ തിരിച്ചറിവില്‍ നിന്നു കൊണ്ടായിരിക്കണം നമ്മുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, വികസന കാഴ്ചപ്പാടുകള്‍. ഹരിത കേരളമെന്നൊക്കെ പാടുകയും പറയുകയും ചെയ്യുമ്പോള്‍ തന്നെ നിര്‍ബാധം കുന്നിടിച്ചും വയല്‍ നികത്തിയും പുതിയ ക്വാറികള്‍ കണ്ടെത്തിയും “വികസന”ക്കുതിപ്പ് നടത്തുകയാണ്. പരിസ്ഥിതിയെ കുറിച്ചുള്ള ഉത്കണ്ഠകളെ ഒന്നാകെ പരിസ്ഥിതി തീവ്രവാദമായി അടയാളപ്പെടുത്തുന്നത് ആത്മഹത്യാപരമായിരിക്കും.
ദുരന്തമുണ്ടായിക്കഴിഞ്ഞ് മാത്രമുണരുന്ന സംവിധാനങ്ങളാണ് നമുക്കുള്ളതെന്ന സത്യം ഭീതിജനകമാണ്. കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങള്‍ പോലും കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കുന്നതില്‍ കാര്യക്ഷമമല്ല. അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ഏറ്റവും ആധുനികമായ സംവിധാനങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ മെല്ലെപ്പോക്ക് തന്നെയാണ് ഇപ്പോഴുമുള്ളത്. ഈ സ്ഥിതി മാറണം. സമഗ്രവും സ്ഥിരവുമായ ദുരന്ത നിവാരണ സംവിധാനം സംസ്ഥാനത്ത് വികസിപ്പിക്കണം. എല്ലാത്തിനും മീതേ, ദൈവ നിശ്ചയമാണ് നടപ്പാകുന്നതെന്ന എളിമയിലേക്ക് മനുഷ്യന്‍ ഉണരേണ്ടിയിരിക്കുന്നു. ഉള്ളുരുകിയ പ്രാര്‍ഥനയില്‍ പരിഹാരമുണ്ട്.