National
കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ ഗുലാം നബി ആസാദിനെ ശ്രീനഗറില്‍ തടഞ്ഞു

ശ്രീനഗര്‍: കശ്മീരിലേക്ക് പുറപ്പെട്ട കോണ്‍ഗ്രസ് എം പിയും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദിനെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞു. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം അനുച്ഛേദം കേന്ദ്രം റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിനെ പിന്തുടര്‍ന്നാണ് ആസാദ് താഴ് വരയില്‍ സന്ദര്‍ശനത്തിനെത്തിയത്. ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗുലാം അഹമ്മദ് മിര്‍റും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പണം നല്‍കി ആര്‍ക്കും ആരെയും വിലക്കെടുക്കാമെന്നതാണ് അവസ്ഥയെന്ന്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കശ്മീരിലെ ഷോപിയാനില്‍ ജനങ്ങളുമായി സംവദിച്ചതിനെ പരാമര്‍ശിക്കവെ ആസാദ് പറഞ്ഞിരുന്നു. പാക്കിസ്ഥാന്‍ ആഗോള വേദികളില്‍ ഉന്നയിക്കുന്നതിന് സമാനമായ പ്രസ്താവനയാണിതെന്നും ആസാദ് മാപ്പ് പറയണമെന്നും ബി ജെ പി ആവശ്യപ്പെട്ടു. ബുധനാഴ്ച താഴ്‌വരയിലെത്തിയ ഡോവല്‍ അടച്ചിട്ട കടകളുടെ മുന്‍വശത്തുള്ള ഫുട്പാത്തിലിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെയും പ്രദേശത്തുകാരോട് സംസാരിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഗുലാം നബി ആസാദിന്റെ പരാമര്‍ശം നിര്‍ഭാഗ്യകരമാണെന്ന് ബി ജെ പി ദേശീയ വക്താവ് ഷാനവാസ് ഹുസൈന്‍ പറഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കശ്മീര്‍ സന്ദര്‍ശിച്ച് പ്രദേശത്തെ ജനങ്ങളോടൊപ്പം ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് പണം നല്‍കി വശപ്പെടുത്തിയാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഇത് പാക് ജനതയുടെ ഭാഷ്യമാണ്. കോണ്‍ഗ്രസിനെ പോലുള്ള ഒരു വലിയ രാഷ്ട്രീയ കക്ഷിയില്‍ നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ല. പരാമര്‍ശത്തെ ശക്തമായി അപലപിക്കുന്നു. പ്രസ്താവന നടത്തിയ ആസാദ് മാപ്പു പറയണം- ഒരു വാര്‍ത്താ ചാനലിനോടു സംസാരിക്കവെ ഷാനവാസ് ഹുസൈന്‍ പറഞ്ഞു.