Connect with us

Kerala

ശ്രീറാം വെങ്കിട്ടരാമനെ തുറുങ്കിലടക്കണം; കോഴിക്കോട് നഗരത്തില്‍ പ്രതിഷേധ ജ്വാല

Published

|

Last Updated

കോഴിക്കോട്: കെ എം ബഷീറിന്റെ ഘാതകന്‍ ശ്രീരാം വെങ്കിട്ടരാമന് വേണ്ടി ഓശാന പാടുന്ന പോലീസിനെതിരെ കോഴിക്കോട് നഗരത്തില്‍ പ്രതിഷേധ ജ്വാല. പത്ര പ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധമിരമ്പി. ബഷീറിനെ കൊലപ്പെടുത്തിയ ഐ എ എസുകാരനെ തുറുങ്കിലടക്കണമെന്നും പ്രതിക്ക് നിയമത്തിന് മുന്നില്‍ നിന്ന് രക്ഷപ്പെടാന്‍ വഴിയൊരുക്കിയ ഐ എ എസ്-ഐ പി എസ് ലോബിക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്നും മാധ്യമ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

ബഷീര്‍ മണ്‍മറയുകയും കുടുംബം അനാഥമാവുകയും ചെയ്തപ്പോള്‍ നിയമ ലംഘനം നടത്തിയ ഐ എ എസ് ഓഫീസര്‍ ആശുപത്രിയില്‍ സുഖശീതളിമയില്‍ കഴിയുന്ന അവസ്ഥയാണുള്ളതെന്ന് മാര്‍ച്ചിനെ അഭിവാന്ദ്യം ചെയ്ത കെ യു ഡബ്ല്യു ജെ സംസ്ഥാന ജനറല്‍ സെക്രട്ടറി സി നാരായണന്‍ പറഞ്ഞു. വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. ബഷീറിന്റെ ഘാതകനെ രക്ഷിക്കാന്‍ തുടക്കം മുതല്‍ ശ്രമം നടന്നുവരികയാണ്. എഫ് ഐ ആര്‍ തയാറാക്കിയതു മുതല്‍ ഈ വീഴ്ച പ്രകടമാണ്. നിലവിലെ എഫ് ഐ ആര്‍ റദ്ദാക്കണമെന്നും നാരായണന്‍ ആവശ്യപ്പെട്ടു. പ്രതിയെ രക്ഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥ തലത്തില്‍ രക്ഷാദൗത്യം തന്നെ നടന്നിട്ടുണ്ട്.

ബഷീറിന് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെ യു ഡബ്ല്യു ജെയുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രക്ഷോഭം ശക്തമാക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ പറഞ്ഞു. പണവും സ്വാധീനവുമുള്ളവന് എന്തുമാകാമെന്ന സ്ഥിതി പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് മാര്‍ച്ചിനെ അഭിവാദ്യം ചെയ്തുകൊണ്ട് സംസാരിച്ച സിറാജ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് ടി കെ അബ്ദുല്‍ ഗഫൂര്‍ അഭിപ്രായപ്പെട്ടു.
യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡഡന്റ് സോഫിയ ബിന്ദ്, ജില്ലാ പ്രസിഡന്റ് കെ പ്രേംനാഥ്, ജനറല്‍ സെക്രട്ടറി പി വിപുല്‍നാഥ് പ്രസംഗിച്ചു. പ്രസ് ക്ലബ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ പോലീസ് തടഞ്ഞു.

സിറാജ് കുടുംബാംഗങ്ങളുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ച് സിറാജ് ഡയറക്ടര്‍ ബോര്‍ഡ് അംഗം മജീദ് കക്കാട് ഉദ്ഘാടനം ചെയ്തു. ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ നീതി ലഭ്യമാക്കണമെന്നും സംഭവത്തിലെ ദുരൂഹതയും നിഗൂഢതയും പുറത്തെത്തിക്കണമെന്നും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

സംഭവത്തില്‍ ആസൂത്രിതമായ നീക്കങ്ങളാണ് നടന്നതെന്നും കേരളീയ സമൂഹത്തിനിത് നാണക്കേടാണെന്നും മജീദ് കക്കാട് അഭിപ്രായപ്പെട്ടു. സാഹചര്യത്തെളിവുകളും ദൃക്സാക്ഷി മൊഴികളുമൊന്നും പരിഗണിക്കാതെ പോലീസും ഐ എ എസ് ലോബിയും കള്ളക്കളിയിലാണ്. ഐ എ എസുകാരനെ നിലക്കു നിര്‍ത്താന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കടക്കം തെരുവിലിറങ്ങേണ്ട സാഹചര്യം ഒട്ടും ഭൂഷണമല്ലെന്ന് അദ്ദേഹം പറഞ്ഞു. ബശീറിന്റെ ഘാതകര്‍ക്ക് തക്ക ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് നിതാന്ത ജാഗ്രത പുലര്‍ത്തുന്ന മാധ്യമ സമൂഹത്തിന്റെ ഇടപെടല്‍ ശ്ലാഘനീയമാണ്.

സിറാജ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് ടി കെ അബ്ദുല്‍ ഗഫൂര്‍, പി ആര്‍ ഒ. ടി കെ സി മുഹമ്മദ്, ജി അബൂബക്കര്‍ മാസ്റ്റര്‍, സലീം അണ്ടോണ, അഫ്സല്‍ മാസ്റ്റര്‍ കൊളാരി, മുനീര്‍ സഅദി പൂലോട്, കലാം മാവൂര്‍, മുഹമ്മദലി കിനാലൂര്‍, കായലം അലവി സഖാഫി, അബ്ദുല്‍ ഹകീം മുസ്ലിയാര്‍, സയ്യിദ് മുല്ലക്കോയ തങ്ങള്‍, സിദ്ദീഖ് അസ്ഹരി, ഹാമിദലി സഖാഫി പാലാഴി പ്രസംഗിച്ചു. വൈകുന്നേരം മര്‍കസ് കോംപ്ലക്സ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് പോലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു.

---- facebook comment plugin here -----

Latest