Articles
വനം സംരക്ഷണ നീതിയുടെ അടിവേര്
 
		
      																					
              
              
            1980 മുതല്‍ ഇന്ത്യയിലുടനീളമുള്ള സംരക്ഷിത പ്രദേശങ്ങളും വന്യജീവി സങ്കേതങ്ങളും സന്ദര്‍ശിക്കാനും അവയെ കുറിച്ച് പഠിക്കാനും അവിടെ പ്രവര്‍ത്തിക്കാനും ഭാഗ്യം ലഭിച്ചിട്ടുണ്ട്. പരിസ്ഥിതിയെയും ഇന്ത്യന്‍ വന്യജീവികളെ സംരക്ഷിക്കുന്നതിനെയും സംബന്ധിച്ച് 1980കളുടെ അവസാനം തന്നെ വിവിധ തട്ടിലുള്ള അനുവാചകരോട് പറയാനും എഴുതാനും തുടങ്ങി. വലിയ ജനസംഖ്യ, വികസന വെല്ലുവിളികള്‍ എന്നിവക്കിടയില്‍ വൈവിധ്യപൂര്‍ണമായ വന്യജീവി സമ്പത്ത് സംരക്ഷണം ഇന്ത്യ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് വിദേശികള്‍ പലപ്പോഴും ചോദിക്കാറുണ്ട്. പ്രകൃതിയോട് പ്രാദേശിക സമൂഹങ്ങള്‍ക്കുള്ള ആദരവും സഹിഷ്ണുതയും സര്‍ക്കാറിന്റെയും മറ്റ് ഏജന്‍സികളുടെയും പരിരക്ഷണ ശ്രമങ്ങളുടെ സുസ്ഥിര വിജയത്തിന് പ്രധാനമാണെന്ന് എനിക്ക് സുതരാം വ്യക്തമാണ്. പ്രാദേശിക സമൂഹങ്ങള്‍ ഏറെക്കാലം പരിപാലിക്കുന്ന ശുദ്ധ സസ്യങ്ങളുടെയും മറ്റും അവസ്ഥ തന്നെ ഇതിന് മികച്ച ഉദാഹരണമാണ്.
ആദിവാസി സമൂഹങ്ങള്‍ 150 വര്‍ഷത്തിലേറെയായി സഹിക്കുന്ന ചരിത്രപരമായ അനീതികളെ അഭിമുഖീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള സാമൂഹിക നിയമനിര്‍മാണമായിരുന്നു വനാവകാശ നിയമം. കൃഷി ചെയ്യുന്നതും താമസിക്കുന്നതുമായ ഭൂമിയില്‍ വ്യക്തിഗത അവകാശം നല്‍കുന്നതായിരുന്നു ഈ നിയമം. വിവിധ തരത്തിലുള്ള സാമൂഹിക വനാവകാശങ്ങളിലൂടെ വിവിധ വിഭവങ്ങള്‍ ലഭ്യമാക്കുന്നതുമാണ് നിയമം. ആദിവാസികളുടെ സംരക്ഷണം, ശാക്തീകരണം, പരിരക്ഷണം, പരമ്പരാഗതമായി സംരക്ഷിക്കുന്നതും സുസ്ഥിര ഉപയോഗത്തിന് സൂക്ഷിക്കുന്നതുമായ സാമൂഹിക വനവിഭവങ്ങളെ കൈകാര്യം ചെയ്യല്‍ തുടങ്ങിയവയെയും ശാക്തീകരിക്കുന്നു നിയമം. സംരക്ഷിത മേഖലകളില്‍ നിര്‍ണായക വന്യജീവി സങ്കേതങ്ങള്‍ നിര്‍മിക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.
നിയമ വെല്ലുവിളികള്‍
അഞ്ചിലേറെ വനം സംരക്ഷണ സംഘടനകള്‍ 2008ല്‍ വനാവകാശ നിയമത്തിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തത് ദൗര്‍ഭാഗ്യകരമാണ്. വിവിധ ഹൈക്കോടതികളില്‍ നിന്നുള്ള മറ്റുള്ള കേസുകളും ഇതിലേക്ക് ചേര്‍ത്തു. ഇപ്പോഴെല്ലാം സംയുക്തമായാണ് വാദം കേള്‍ക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 13നുള്ള സുപ്രീം കോടതിയുടെ ഉത്തരവ് കാരണം (ഫെബ്രുവരി 28ന് ഉത്തരവ് തത്കാലം മരവിപ്പിച്ചെങ്കിലും) വനാവകാശ നിയമം ഇപ്പോള്‍ സംസ്ഥാന സര്‍ക്കാറുകള്‍ നടപ്പാക്കുന്നത് മന്ദഗതിയിലാണ്. “ഭൂമി” എന്നത് സംസ്ഥാന വിഷയമായതിനാല്‍ വനാവകാശ നിയമം പാസ്സാക്കാന്‍ പാര്‍ലിമെന്റിന് അര്‍ഹതയില്ലെന്നതാണ് പരാതിക്കാരുടെ പ്രധാന വാദം. സൂക്ഷ്മാര്‍ഥത്തില്‍ ഈ വാദം അംഗീകരിച്ചാല്‍ തന്നെ, വന്യജീവി സംരക്ഷണ നിയമവും വനം നിയമവുമായി ബന്ധപ്പെട്ട എല്ലാം (ഇന്ത്യന്‍ വനം നിയമം, വനം സംരക്ഷണ നിയമം) റദ്ദാക്കേണ്ടി വരും. കാരണം, ഇവയെല്ലാം “ഭൂമി” എന്ന സങ്കേതത്തിന്റെ അടിസ്ഥാനത്തിലാണ് നിയമ നിര്‍മാണം നടത്തിയത്.
സുപ്രീം കോടതിയുടെ ഫെബ്രുവരി 13ലെ ഉത്തരവ് പ്രകാരം ലക്ഷക്കണക്കിന് ആദിവാസികള്‍ കാടിറങ്ങേണ്ടി വരും. വനാവകാശ നിയമത്തിന്റെ കീഴിലുള്ള അവരുടെ അവകാശങ്ങളെല്ലാം നഷ്ടപ്പെടുകയും ചെയ്യും. വനാവകാശം തങ്ങള്‍ നടപ്പാക്കുന്നത് അപൂര്‍ണവും വീഴ്ചകളുമുള്ളതാണെന്നും വിവിധ സംസ്ഥാന സര്‍ക്കാറുകള്‍ സുപ്രീം കോടതിയില്‍ തുറന്നു സമ്മതിച്ചത് ഈയടുത്ത് മാധ്യമ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അവകാശവാദങ്ങള്‍ തള്ളുമ്പോള്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളാന്‍ സാധിക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാറുകള്‍ പറയുന്നു. നിയമവുമായി ബന്ധപ്പെട്ട മൊത്തം വെല്ലുവിളിയുടെ മെച്ചപ്പെട്ടതല്ലാത്ത പ്രകൃതം വളരെ വ്യക്തമാകുന്നുണ്ട്.
ഭൂമി വിതരണ നിയമനിര്‍മാണമായി വനാവകാശ നിയമം പരക്കെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, ആ വിമര്‍ശനം ശരിയല്ല. ഇക്കാര്യം വനാവകാശ നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ട്. പട്ടിക ഗോത്രമോ പരമ്പരാഗതമായി കാട്ടില്‍ താമസിക്കുന്ന മറ്റുള്ളവരോ ആയ വിഭാഗങ്ങള്‍ക്ക് മാത്രമേ വ്യക്തിഗത, സാമൂഹിക വനാവകാശം ഉയര്‍ത്താന്‍ അര്‍ഹതയുള്ളൂ. ഇത്തരക്കാര്‍ അവകാശവാദം ഉന്നയിക്കുകയും അധികൃതര്‍ അത് പരിശോധിക്കുകയും ചെയ്യും. തുടര്‍ന്നാണ് തള്ളുകയോ സ്വീകരിക്കുകയോ ചെയ്യുക. തള്ളിയ കേസുകള്‍ക്ക് അപ്പീല്‍ പ്രക്രിയയുണ്ടാകും. വനം വകുപ്പിന്റെ കര്‍ശന നിയന്ത്രണത്തില്‍ കാലാവധി, ലഭ്യതാ അവകാശം എന്നിവ സ്ഥിരീകരിക്കുക മാത്രമാണ് വനാവകാശ നിയമം ലക്ഷ്യമിടുന്നത്. ചരിത്രപരമായ അനീതി സംജാതമാക്കിയ നിലവിലെ വനം, സംരക്ഷണ നിയമത്തിന് കീഴിലുള്ള ആദ്യമേ നിലനില്‍ക്കുന്ന അവകാശങ്ങള്‍ സ്ഥാപിക്കുന്നത് യഥാര്‍ഥത്തില്‍ സംസ്ഥാനങ്ങളുടെ പരാജയമാണ്.
2005 ഡിസംബര്‍ 13ന് അവകാശത്തിലുണ്ടായിരുന്ന ഭൂമിയാണ് ആദിവാസിക്ക് വനാവകാശ നിയമ പ്രകാരം ലഭിക്കുക. ഭൂമിയുടെ വിസ്തൃതിക്കും പരിധിയുണ്ട്. മാത്രമല്ല, വ്യക്തിഗത അവകാശ പ്രകാരം ഭൂമിയുടെ വിസ്തൃതി നാല് ഹെക്ടര്‍ ആണ്. ഈ വ്യവസ്ഥകളെല്ലാം വിമര്‍ശകര്‍ പലപ്പോഴും അവഗണിക്കുകയോ മനഃപൂര്‍വം മൂടിവെക്കുകയോ ചെയ്യുന്നു.
അതേസമയം, ഇന്ത്യയിലുടനീളമുള്ള വനം സംരക്ഷണ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താനുള്ള കരുത്ത് വനാവകാശ നിയമത്തിനുണ്ട് എന്നതാണ് സവിശേഷത. ഭൂമിക്ക് മേലുള്ള ആദിവാസികളുടെ അവകാശം അംഗീകരിച്ചുകൊടുത്താണിത്. വനം സംരക്ഷണത്തില്‍ ഈ ഘടകം വിവിധ രാജ്യങ്ങളില്‍ വിജയിച്ചതാണ്. ഇക്കാര്യത്തില്‍ നിരവധി ഗവേഷണങ്ങളും പ്രവര്‍ത്തനങ്ങളും നടന്നിട്ടുണ്ട്. വനാധികാരവും സംരക്ഷണവും ജനാധിപത്യവത്കരിക്കുന്നതായിരുന്നു വനാവകാശ നിയമം. വിവിധ വ്യവസ്ഥകളിലൂടെ ഇതിനുള്ള അധികാരം പ്രാദേശിക സമൂഹത്തിനും ഗ്രാമ സഭകള്‍ക്കും നല്‍കി. വന നശീകരണ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ആദിവാസികളെയും ഗ്രാമസഭകളെയും ശക്തീകരിക്കുന്നത് കൂടിയായിരുന്നു വനാവകാശ നിയമം. നിയാംഗിരി കേസില്‍ ഇക്കാര്യം കണ്ടതാണ്. ആദിവാസികളോടുള്ള ദീനാനുകമ്പ മന്‍നിര്‍ത്തി വനാവകാശ നിയമം അക്ഷരാര്‍ഥത്തില്‍ നടപ്പാക്കുന്നത്, വനം സംരക്ഷണ നീതി കൈവരിക്കാനുള്ള ഇന്ത്യയുടെ അതിപ്രധാന ചുവടുവെപ്പാകുമെന്നതില്‍ സംശയമില്ല.
(മെറ്റാസ്ട്രിംഗ് ഫൗണ്ടേഷന്‍ 
സി ഇ ഒയാണ് ലേഖകന്‍)
വിവ: റബീക് മഹ്മൂദ് 

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

