Connect with us

Cover Story

ക്യാമറ കണ്ട പ്രളയം

Published

|

Last Updated

തകഴി ശിവശങ്കരപ്പിള്ളയുടെ “വെള്ളപ്പൊക്കത്തിൽ” എന്ന കഥ കുട്ടനാടിന്റെ പ്രളയം വായനക്കാരിലേക്ക് പകർന്നതായിരുന്നു. എല്ലാ മഴക്കാലത്തും വെള്ളത്തിലാകുന്ന മേഖലയാണ് കുട്ടനാട്. എന്നാൽ, കഴിഞ്ഞ വർഷത്തെ മഹാപ്രളയം കുട്ടനാടിനെയും കീഴ്‌മേൽ മറിച്ചു. ഏതവസ്ഥയിലൂടെയാണ് അന്ന് കുട്ടനാട് കടന്നുപോയതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ആ ദുരിതപർവം അനുഭവിക്കാൻ അവസരമൊരുക്കുകയാണ് തന്റെ ക്യാമറക്കണ്ണിലൂടെ കാജൽ ദത്ത്. ചായക്കൂട്ടുകളെ പ്രണയിച്ച് മഴച്ചിത്രങ്ങൾ പകർത്തുന്ന പെൺകുട്ടി- ഇതാണ് കാജൽ ദത്ത്. പ്രളയകാല ജീവിതം മറവിയിലേക്ക് മുങ്ങാതിരിക്കാൻ കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള സ്‌കൂളുകളിലും കോളജുകളിലും പ്രദർശനം നടത്തുകയാണ് യുവഫോട്ടോഗ്രാഫറും പെയിന്ററുമായ ആലപ്പുഴ ചേർത്തല സ്വദേശിനി കാജൽ ദത്ത്.

കുട്ടനാടിന്റെ
പ്രളയ നേർക്കാഴ്ച

2018 ആഗസ്റ്റിലാണ് കേരളം മഹാപ്രളയത്തെ അഭിമുഖീകരിച്ചത്. എന്നാൽ, അതിന് മുമ്പ് ജൂലൈയിലുണ്ടായ ആദ്യപ്രളയത്തിൽ തന്നെ കുട്ടനാട് ദുരിതത്തിലായിരുന്നു. ഈ സമയത്ത് കാജൽ ദത്ത് മട്ടാഞ്ചേരിയിലുള്ള ജൂതത്തെരുവിൽ പ്രവർത്തിക്കുന്ന തന്റെ കൈറ്റ് മേക്കർ സ്റ്റുഡിയോയിലായിരുന്നു. കുട്ടനാട് പ്രളയക്കയത്തിൽ ആണെന്നറിഞ്ഞ കാജൽ ദത്ത് അവരെ സഹായിക്കുന്നതിനാണ് അവിടേക്ക് പോയത്. കൂടെ കരുതിയത് തന്റെ ഇഷ്ടപ്പെട്ട ഡിജിറ്റൽ ക്യാമറയും. കുട്ടനാടൻ ജനതയെ സഹായിക്കുന്നതിനൊപ്പം അവരുടെ ദുരിതങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കണമെന്ന അതിയായ ആഗ്രഹവുമുണ്ടായിരുന്നു. പെയിന്റിംഗിലൂടെ ആവിഷ്‌കരിക്കാമെന്ന് ആദ്യം വിചാരിച്ചു. എന്നാൽ, പ്രളയത്തിന്റെ തീവ്രത ഒരു ചെറിയ ക്യാൻവാസിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന തോന്നൽ ക്യാമറയെന്ന വലിയ ഫ്രെയിമിലേക്ക് എത്തിക്കുകയായിരുന്നു. വെള്ളം പൊങ്ങിയതോടെ കുട്ടനാട്ടിലെ കർഷകരും നിർധനരുമായ ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്തുടങ്ങിയിരുന്നു. വെള്ളം കയറാതിരുന്ന പാടവരമ്പിലും മറ്റുമാണ് കുട്ടനാടൻ ജനതക്ക് ക്യാമ്പുകൾ ക്രമീകരിച്ചതുപോലും. കുട്ടനാടിന്റെ ദുരിതം ജൂലൈയിലെ ആദ്യപ്രളയം മുതലുള്ള ദൃശ്യങ്ങൾ കാജൽ തന്റെ kajaldetharts എന്ന ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെ പ്രചരിപ്പിച്ചു തുടങ്ങിയിരുന്നു. 2500ലധികം പ്രളയ ചിത്രങ്ങളാണ് കാജലിന്റെ ക്യാമറയിൽ പതിഞ്ഞത്. ആ യാത്രയിൽ ഒരായുസ്സ് മുഴുവൻ സമ്പാദിച്ച സ്വത്തുകൾ ഉപേക്ഷിച്ച് പാടവരമ്പത്ത് ക്യാമ്പ് ചെയ്ത നിസ്സഹായതയുടെ തീവ്രത കാണിക്കുന്ന മനുഷ്യമുഖങ്ങളെയും ഒറ്റപ്പെട്ടുപോയ മൃഗങ്ങളെയും കാജലിന്റെ ക്യാമറ ഫോക്കസ് ചെയ്തു. തന്നെ വൈകാരികമായി ആകർഷിച്ച ദുരിതാനുഭവങ്ങളെല്ലാം ക്യാമറക്കണ്ണിലൂടെ പകർത്തിയെടുത്തു കാജൽ, അതിന്റെ ജീവസ്സ് നഷ്ടപ്പെടാതെ.

ഫോട്ടോ പ്രദർശനം
വിദ്യാർഥികൾക്കിടയിൽ

ക്യാമറയിൽ പകർത്തിയ ചിത്രങ്ങളിലൂടെ കുട്ടനാടിന്റെ പ്രളയദുരിത കാഴ്ചകൾ ജനങ്ങളിലേക്ക് എത്തിക്കണമെന്ന ആഗ്രഹമായിരുന്നു കാജലിന്. ഏതെങ്കിലും ഗ്യാലറിയിൽ നടത്തുന്ന പതിവ് ഫോട്ടോ പ്രദർശനങ്ങളോട് കാജലിന് താത്പര്യമില്ലായിരുന്നു. കാണാൻ അധികമാരും എത്താത്തതുതന്നെ കാരണം. ആ ചിന്തയിൽ നിന്ന് ഉരുത്തിരിഞ്ഞ ആശയമാണ് വിദ്യാലയങ്ങൾ.

വരും തലമുറയിൽ പ്രളയത്തിന്റെ തീവ്രത എത്തിച്ച് ഒരു ബോധവത്കരണം- അതും കാജലിന്റെ തീരുമാനത്തിൽ ഉണ്ടായിരുന്നു. തുടർന്ന് കാജൽ കേരളത്തിലെ വിവിധ കോളജുകളെയും സ്‌കൂളുകളെയും ബന്ധപ്പെട്ടു. ഇന്ന് കേരളത്തിലെ പല വിദ്യാലയങ്ങളും കാജലിനെ ആദ്യം പരിചയപ്പെടുന്നത്, “കുട്ടനാടിന്റെ പ്രളയ പശ്ചാത്തലങ്ങളുടെ ഫോട്ടോ പ്രദർശനം നടത്താമോ” എന്ന് ചോദിച്ച് സമീപിക്കുന്ന പെൺകുട്ടിയായിട്ടാകും. കുട്ടനാട്ടിലെ പ്രളയത്തെ മാത്രം കേന്ദ്രീകരിച്ചുള്ള ഫോേട്ടാ പ്രദർശനത്തിലൂടെ ആ മേഖലയുടെ പാരിസ്ഥിതിക പ്രത്യേകത കൂടി കാജൽ പറയാൻ ശ്രമിക്കുന്നുണ്ട്. പമ്പ, അച്ചൻകോവിലാർ, മണിമലയാർ, വേമ്പനാട്ട് കായൽ, കായംകുളം കായൽ എന്നിവയുടെ സംഗമ ഭൂമിക കൂടിയാണ് കുട്ടനാട്. അതുകൊണ്ടുതന്നെ പ്രളയം ഏറ്റവും കൂടുതൽ ബാധിക്കുകയും കുട്ടനാടിനെയാണ്. മഴയൊന്ന് അറിഞ്ഞുപെയ്താൽ വെള്ളത്തിൽ മുങ്ങുന്ന നാട്.
കുട്ടനാട്ടിലെ ജനങ്ങൾക്ക് വെള്ളപ്പൊക്കം പുത്തരിയല്ല.

കുട്ടികൾ മുതൽ പ്രായമായവർ വരെ എല്ലാ മഴക്കാലത്തെയും വെള്ളപ്പൊക്കത്തിന്റെ ഓർമകൾ മനസ്സിലിട്ടാണ് അടുത്ത വെള്ളപ്പൊക്കത്തെ അഭിമുഖീകരിക്കുന്നത്. എന്നാൽ, അത് പ്രളയമായപ്പോൾ, കേരളത്തിൽ മുഴുവൻ പടർന്നുപിടിച്ചപ്പോൾ കുട്ടനാട് നിശ്ചലമായി. മറുകര തേടി അഭയം പ്രാപിക്കാൻ പറ്റാതെ കുട്ടനാടൻ ജനത ഒറ്റപ്പെട്ടു. നദികൾ കൈയേറിയതിന്റെ പരിണിതഫലമാണ് നമ്മൾ അനുഭവിച്ച പ്രളയമെന്ന് കാജൽ പറയുന്നു. നദീതീരത്ത് കെട്ടിടങ്ങളും റോഡുകളും നിർമിച്ച് സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തി. അങ്ങനെ പ്രകൃതിക്ക് പ്രശ്നങ്ങൾ സൃഷ്ടിച്ചത് പ്രളയത്തിന് ഒരു കാരണമായി. കുട്ടനാടിനെ സംബന്ധിച്ചിടത്തോളം ഒരുപാട് ബണ്ടുകളും റോഡുകളും ഉയർന്നതാണ് വെള്ളപ്പൊക്കത്തിലേക്ക് നയിച്ചത്. പണ്ട് കുട്ടനാടിന്റെ പ്രധാന യാത്രാമാർഗങ്ങൾ വള്ളങ്ങളായിരുന്നു. എന്നാൽ, ഇപ്പോൾ തോടുകൾക്കും മറ്റും കുറുകെ അവയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തി നിർമിച്ച അശാസ്ത്രീയ ബണ്ടുകളും മറ്റും പ്രളയത്തിലേക്ക് നയിക്കുകയായിരുന്നു. 20 അടി പൊക്കമുള്ള ഒരു തെങ്ങിന്റെ തലപ്പൊക്കം വരെ വെള്ളം കയറി ആ തെങ്ങിനെ ഇപ്പോൾ മുക്കിക്കളയും എന്ന രീതിയിൽ നിൽക്കുന്ന ചിത്രം കാജൽ ഫ്രെയിമിലാക്കി. ആ ഒരു ചിത്രം കൊണ്ടുതന്നെ മനസ്സിലാകും പ്രളയത്തിന്റെ വ്യാപ്തി എത്രമാത്രമായിരുന്നു കുട്ടനാട്ടിലെന്ന്.

ബ്ലൂ സീരീസും
സ്‌കെച്ച് ബുക്ക് ടൂറും

വ്യത്യസ്തമായ ചില ആശയങ്ങളും കാജലിന്റെ പക്കലുമുണ്ട്. അതാണ് ബ്ലൂ സീരീസ് സ്‌കെച്ചും സ്‌കെച്ച് ബുക്ക് ടൂറും. 2016ലാണ് ബ്ലു സീരീസ് എന്ന പുതിയ ചിത്രരചനാ രീതി കാജൽ ദത്ത് സ്വീകരിച്ചത്. തന്റെ ജീവിതവുമായി ബന്ധപ്പെട്ട ആളുകളെ ബന്ധപ്പെടുത്തി നീലനിറം മാത്രം ഉപയോഗിച്ച് വരച്ച ചിത്രങ്ങളാണ് ബ്ലൂ സീരീസിൽ ഉൾപ്പെടുന്നത്. സുഹൃത്തുക്കൾ, വ്യക്തികൾ തുടങ്ങി ജീവിതത്തിന്റെ ഭാഗമാണെന്ന് തോന്നിയവരെ നീലനിറത്തിലുള്ള ജലച്ചായത്തിലൂടെ ചിത്രീകരിച്ചു. നീല എന്ന ഒറ്റ നിറം കൊണ്ടാണ് ആ ചിത്രങ്ങൾ ചെയ്തത്. ആ നിറത്തിന് വലിയ പ്രത്യേകതയുണ്ട്. അതിന്റെ സുതാര്യത ആകാശം പോലെ അനന്തവും കടൽപോലെ ആഴവുമുള്ളതാണ്. ദൈവികതയുടെയും ശാന്തതയുടെയും നിറവുമായതുകൊണ്ടാണ് അത് മാത്രം ഉപയോഗിച്ചുള്ള ചിത്രരചനയിലേക്ക് തിരിഞ്ഞത്. ഒരു ചായപ്പലകയിൽ എത്ര നിറങ്ങൾ ചാലിച്ച് വച്ചാലും പല നിറങ്ങൾ കലർത്തി ചിത്രങ്ങൾ വരക്കുന്നതിനേക്കാൾ ആകർഷണം നീല എന്ന ഒറ്റനിറത്തിന്റെ രചനയിലൂടെ ലഭിക്കും.

ബ്ലൂ സീരീസ് ചിത്രങ്ങൾ മിക്കവരും ഇഷ്ടപ്പെട്ടിരുന്നു. ഇവ ഉൾപ്പെടുത്തി പെയിന്റിംഗ് പ്രദർശനം നടത്തണമെന്നും കാജലിന് ആഗ്രഹമുണ്ട്. ചിത്രം വരക്കുന്ന ഏതാനും വിദ്യാർഥികളെ ഉൾപ്പെടുത്തി വൺഡേ ടൂർ ആണ് സെക്ച്ച് ബുക്ക് ടൂർ. കാഴ്ചകൾ കണ്ട് വെറുതെ മടങ്ങിവരാനൊന്നും ഈ യാത്രയിൽ പറ്റില്ല. മറിച്ച് കൈയിൽ കരുതിയ സ്‌കെച്ച് ബുക്കിൽ യാത്രയിൽ കാണുന്ന വസ്തുക്കളുടെ ഛായാചിത്രം പേനകൊണ്ട് വരക്കണം. ഫോണിൽ യാത്രാപടങ്ങൾ എടുക്കുന്നതുപോലെയാണ് ഒരു സ്‌കെച്ച് ബുക്ക് കൈയിൽ കരുതി വരക്കുന്നതും.

കല എന്നത് പ്രയാസമേറിയ മേഖലയാണെന്ന ബോധ്യം കാജലിനുണ്ട്. കാരണം നമ്മുടെ സമൂഹം ഗ്യാലറിയിൽ പോകുകയോ പെയിന്റിംഗുകൾ വാങ്ങുകയോ ചെയ്യാത്ത, കല ജീവിതത്തിന്റെ ഭാഗമല്ലാത്ത ജനതയാണ്. വീട്ടിലേക്കായി പെയിന്റിംഗുകൾ വാങ്ങുന്ന രീതിപോലുമില്ല. വരുമാനം നേടുക, എക്സിബിഷനുകൾ നടത്തുക തുടങ്ങി ഈ മേഖലയിലെ അതിജീവനം പ്രയാസമാണ്. ആ അവസ്ഥയിലൂടെയാണ് കാജലും കടന്നുപേകുന്നത്.

പ്രദർശനങ്ങൾ നടത്തി കൂടുതൽ ആളുകളിലേക്ക് കലയെ ബന്ധിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. മട്ടാഞ്ചേരിയിലെ ജൂതത്തെരുവിൽ കൈറ്റ് മേക്കർ സ്റ്റുഡിയോ എന്ന പേരിൽ കാജൽ ദത്തിന് ആർട് ഷോപ്പ് ഉണ്ട്. പകൽ സമയത്ത് അവിടെ വരകളുമായി കൂടും. വിദേശികൾ ഷോപ്പ് സന്ദർശിക്കുകയും പെയിന്റിംഗുകൾ വാങ്ങുകയും ചെയ്യുന്നുണ്ട്. എല്ലാ കുട്ടികൾക്കും ചിത്രം വരക്കാനുള്ള താത്പര്യം മാത്രമാണ് കുട്ടിക്കാലത്ത് കാജലിനും ഉണ്ടായിരുന്നത്. ജീവിതത്തിന്റെ ഭാഗമാക്കുമ്പോൾ അതിനുള്ള പാഷനും ഉണ്ടാകേണ്ടതുണ്ട്. കല സമൂഹത്തിൽ ഇടപെടേണ്ടുന്ന ഒന്നാണെന്നാണ് കാജൽ ദത്തിന്റെ ഭാഷ്യം. അതാണ് കുട്ടനാട്ടിലെ പ്രളയയാത്രയും.

ക്യാൻവാസിൽ നിന്ന്
ഫ്രെയിമിലേക്ക്

ഫോട്ടോഗ്രഫി കടലുപോലെ വിശാലമാണെന്നാണ് കാജൽ ദത്ത് പറയുന്നത്. അതുകൊണ്ടുതന്നെ പഠിക്കാൻ കാജലിന് സാധിച്ചിട്ടില്ല. ഫോട്ടോഗ്രഫിയിലെ അടിസ്ഥാനഘടകങ്ങൾ മാത്രമാണ് കാജൽ പഠിച്ചത്. ആരെയും പിന്തുടർന്നുള്ള ശൈലി കാജൽ ഫോട്ടോഗ്രഫിയിൽ സ്വീകരിച്ചിട്ടില്ല. ക്യാൻവാസിൽ ഉൾക്കൊള്ളാതെ വരുമ്പോൾ അതിനെ പ്രതിഫലിപ്പിക്കാൻ മറ്റൊരു മാധ്യമം ആവശ്യമായി വരും.

അതുകൊണ്ടാണ് ഫോട്ടോഗ്രഫിയും ഒരു മിനുട്ട് വീഡിയോകളും പ്രയോജനപ്പെടുത്തുന്നത്. നമുക്ക് പറയാനുള്ള വിഷയത്തെ പ്രദർശിപ്പിക്കാൻ ഏതാണോ നല്ല മാധ്യമം അത് തിരഞ്ഞെടുക്കണം. പ്രളയം വന്ന സമയത്ത് വരക്കുന്നതിനേക്കാൾ നല്ലത് ചിത്രം പകർത്തുക എന്ന ചിന്തയാണ് ഫോട്ടോയെടുക്കാൻ കാജലിനെ പ്രേരിപ്പിച്ചത്. ഫോട്ടോഗ്രാഫർ ആയതുകൊണ്ടല്ല. താൻ എടുക്കുന്ന ഫോട്ടോകൾക്ക് പ്രത്യേകതയുണ്ടെങ്കിൽ അത് താൻ ഒരു ചിത്രകാരി ആയതുകൊണ്ടാണെന്ന് കാജൽ പറയുന്നു. ഏത് സാഹചര്യത്തിലാണ് ഫോട്ടോകൾ എടുത്തത് എന്ന് വിശദീകരിക്കുന്ന കുറിപ്പുകളും കാജൽ നൽകുന്നു.

ചേർത്തലയിലെ വിവിധ സ്‌കൂളുകളിൽ പ്ലസ് ടു വരെ വിദ്യാഭ്യാസം നേടിയ കാജൽ എസ് എൻ കോളജിൽ നിന്നാണ് ഡിഗ്രി പൂർത്തിയാക്കിയത്. മഹാരാജാസിൽ നിന്ന് ബിരുദാനന്തര ബിരുദവും. മഹാരാജാസ് കാലത്താണ് കല പഠിക്കണമെന്ന ആഗ്രഹമുണ്ടായത്. അങ്ങനെയാണ് പി ജിക്ക് ശേഷം ആർ എൽ വി കോളജിൽ നിന്ന് ഫൈൻ ആർട്സ് പൂർത്തിയാക്കിയത്.

 

രേണുക ഷാജി
• renukamanjakavil@gmail.com

---- facebook comment plugin here -----

Latest