Connect with us

Kerala

പരീക്ഷയില്‍ ക്രമക്കേട്: എസ്എഫ്‌ഐ നേതാക്കള്‍ക്ക് പിഎസ്‌സിയുടെ ആജീവനാന്ത വിലക്ക്; മൂവരേയും റാങ്ക് പട്ടികയില്‍നിന്നും നീക്കി

Published

|

Last Updated

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജിലെ വധശ്രമ കേസില്‍ പ്രതികളായ എസ്എഫ്‌ഐ നേതാക്കളെ പിഎസ്‌സി റാങ്ക് പട്ടികയില്‍ നിന്നും പുറത്താക്കി. യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ നേതാക്കളും അഖില്‍ വധശ്രമക്കേസ് പ്രതികളുമായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരെയാണ് പിഎസ്‌സിയുടെ കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ നിന്നും നീക്കീയത്. ഇവര്‍ മൂന്ന് പേരും സാങ്കേതികമായി പരീക്ഷ തട്ടിപ്പ് നടത്തിയെന്ന് പിഎസ്‌സി സ്ഥിരീകരിക്കുന്നു.

പിഎസ്‌സി വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് എസ്എഫ്‌ഐ നേതാക്കള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടാക്കാമെന്ന സംശയം ബലപ്പെടുത്തുന്നതെന്ന് ഇതു സംബന്ധിച്ച അറിയിപ്പില്‍ പറയുന്നു. പരീക്ഷസമയത്ത് ഇവര്‍ മൂന്ന് പേരും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായാണ് സൂചന. പരീക്ഷയുടെ ഉത്തരങ്ങള്‍ ഇവര്‍ക്ക് എസ്എംഎസായി ലഭിച്ചുവെന്നാണ് നിഗമനം.

പിഎസ്‌സി ചോദ്യപേപ്പര്‍ ചോര്‍ത്തിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത് എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. പോലീസിന്റെ സൈബര്‍ വിഭാഗവുമായി സഹകരിച്ചാണ് പിഎസ്‌സി വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തിയത്. മൊബൈല്‍ ഫോണ്‍ സ്മാര്‍ട്ട് വാച്ചുമായി കണക്ട് ചെയ്ത് തട്ടിപ്പ് നടത്തിയിരിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.

പരീക്ഷക്കിടെ മൂന്ന് പേരുടെ മൊബൈല്‍ ഫോണുകളിലേക്കും നിരവധി തവണ എസ്എംഎസുകള്‍ വന്നുവെന്നും ഇതേക്കുറിച്ച് കേസെടുത്ത് വിശദമായി അന്വേഷിക്കാനും പിഎസ്‌സി ശുപാര്‍ശ ചെയ്യുന്നു. പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ നിന്നും നീക്കിയത് കൂടാതെ മൂവരേയും ആജീവനാന്ത കാലത്തേക്ക് പിഎസ്‌സി പരീക്ഷ എഴുതുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്.