Kerala
കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ് പ്രത്യേക സംഘം അന്വേഷിക്കും; വീഴ്ച വരുത്തിയ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂനിറ്റ് മേധാവിയായിരുന്ന കെ എം ബഷീറിനെ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയില്‍ കാറിടിച്ച് കൊലപ്പെടുത്തിയ കേസ് പ്രത്യേക സംഘം അന്വേഷിക്കും. എ ഡി ജി പി ഷേഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. ഇതുസംബന്ധിച്ച് ഡി ജി പി ഉത്തരവിറക്കി.
കന്റോണ്‍മെന്റ് എസിപിയുടെ നേതൃത്വത്തില്‍ ലോക്കല്‍ പോലീസാണ് ഇതുവരെ കേസ് അന്വേഷിച്ചിരുന്നത്. പോലീസും ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് പുതിയ അന്വേഷണ സംഘം. വാഹനാപകടത്തില്‍ കുറ്റക്കാരനായ ശ്രീറാം വെങ്കിട്ടരാമനെ കേസില്‍ നിന്ന് രക്ഷിക്കാന്‍ പൊലീസ് ശക്തമായി ഇടപെട്ടിരുന്നു. പൊലീസിനെതിരായി ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ഉള്‍പ്പടെ ഈ സംഘം അന്വേഷിക്കും.
അതേ സമയം അന്വേഷണത്തില്‍ വീഴ്ച വരുത്തിയ മ്യൂസിയം സ്റ്റേഷനിലെ ക്രൈം എസ്‌ഐ ജയപ്രകാശിനെ സസ്‌പെന്‍ഡ് ചെയ്തു. കേസ് അന്വേഷണത്തില്‍ എസ്‌ഐ വീഴ്ചവരുത്തിയെന്ന് സ്‌പെഷല്‍ബ്രാഞ്ച് കണ്ടെത്തിയിരുന്നു.
സ്റ്റേഷന്‍ രേഖകളില്‍ അപകട വിവരം രേഖപ്പെടുത്തിയിട്ടുംം ശ്രീറാമിനെതിരെ എസ്‌ഐ ആദ്യം കേസെടുത്തിരുന്നില്ല. നാല് മണിക്കൂര്‍ വൈകിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതിന് പുറമെ ശ്രീറാം മദ്യപിച്ചോയെന്ന പരിശോധനയും നടത്തിയില്ല.