രാജ്യസഭയില്‍ വലിയ ബഹളം: പി ഡി പി എം പിമാരെ പുറത്താക്കി

Posted on: August 5, 2019 12:27 pm | Last updated: August 5, 2019 at 6:15 pm

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബില്ലവതരിപ്പിക്കുന്നതിനിടെ ഭരണഘടന കീറി പ്രതിഷേധിക്കാന്‍ ശ്രമിച്ച പി ഡി പി എം പിമാരെ പുറത്താക്കി. രാജ്യസഭാധ്യക്ഷന്‍ എം വെങ്കയ്യാ നായിഡുവാണ് തീരുമാനം കൈക്കൊണ്ടത്.
പി ഡി പി എം പി യാസ് സ്വന്തം വസ്ത്രങ്ങള്‍ വലിച്ചുകീറി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

ഫയാസിനു പുറമേ നാസിര്‍ അഹമ്മദിനോടും അധ്യക്ഷന്‍ പുറത്തുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും അതുണ്ടാകാത്തതിനാല്‍ മാര്‍ഷല്‍മാരെ ഉപയോഗിച്ച് ഉപരാഷ്ട്രപതി കൂടിയായ നായിഡു അവരെ നീക്കുകയായിരുന്നു.

ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ രാജ്യസഭയില്‍ വലിയ പ്രതിപക്ഷ എതിര്‍പ്പ് തുടരുകയാണ്. മുദ്രാവാക്യം മുഴക്കിയും നടുത്തളത്തിലിറങ്ങിയുമാണ് പ്രതിപക്ഷ പ്രതിഷേധം. കശ്മീരിലെ പ്രമുഖ നേതാക്കളെയെല്ലാം പ്രതിഷേധം ഭയന്ന് വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. ഉമര്‍ അബ്ദുല്ല, മെഹബൂബ മുഫ്തി, യൂസ്ഫ് തരിഗാമി എന്നിവരെല്ലാം വീട്ടുതടങ്കലിലാണ്. കാശ്മീരില് ഇന്നലെ അര്‍ധരാത്രി മുതല്‍ നിരോധനജ്ഞ നിലനില്‍ക്കുകയാണ്. ഇന്റര്‍നെറ്റ്, മൊബൈള്‍ സേവനങ്ങളും തടസ്സപ്പെടുത്തിട്ടുണ്ട്. കശ്മീര്‍ മുഴുവന്‍ സൈന്യത്തിന്റെയും പോലീസിന്റെയും നിയന്ത്രണത്തിലാണ്.