Kerala
ബഷീറിനെ കാറിടിച്ച് കൊന്ന കേസിലെ പോലീസ് നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി ജനയുഗം

കോഴിക്കോട്: സിറാജ് തിരുവനന്തപുരം യൂണിറ്റ് മേധാവി കെ എം ബഷീറിനെ സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ കാറിടിച്ച് കൊന്ന കേസില്‍ പോലീസ് സ്വീകരിച്ച നിലപാടിനെതിരെ കടുത്ത വിമര്‍ശനവുായി ഭരണത്തിനലുള്ള സി പി ഐയുടെ മുഖപത്രമായ ജനയുഗം.
പോലീസ് തുടര്‍ച്ചയായി സര്‍ക്കാറിന് നാണക്കേടുണ്ടാക്കുന്നു. എല്‍ ഡി എഫിന്റെ പോലീസ് നയം ഇതല്ല. അടിയന്തിര ഇടപടെല്‍ നടത്തിയ പോലീസിനെ തിരുത്തണംസ് നയത്തില്‍ തിരുത്തല്‍ വേണമെന്നും ജനയുഗത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു.
മാധ്യമപ്രവര്‍ത്തകന്റെ മരണത്തില്‍ പ്രതിയെ രക്ഷിക്കാന്‍ പോലീസ് ചൂണ്ടിക്കാട്ടുന്നു. നെടുങ്കണ്ടം കസ്റ്റഡിമരണവും കൊച്ചിയില്‍ സി പി ഐ പ്രര്‍ത്തകര്‍ക്ക് നേരെ നടന്ന ലാത്തിചാര്‍ജും ാണക്കേടുണ്ടാക്കിയെന്നും മുഖപ്രസംഗത്തിലുണ്ട്.
“ശനിയാഴ്ച പുലര്‍ച്ചെയാണ് കെ എം ബഷീര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓാടിച്ച കാറിടിച്ച് മരിക്കുന്നത്. ദൃക്‌സാക്ഷികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസ് സംഭവത്തിന്റെ ഗൗരവാവസ്ഥ മയപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ ആദ്യം തന്നെ ആരംഭിച്ചു.
പരസ്പര വിരുദ്ധമായ പോലീസിന്റെ വിശദീകരണങ്ങളും നിലപാടുകളും പരിശോധിച്ചാല്‍തന്നെ എന്തൊക്കെയോ കള്ളക്കളികള്‍ക്ക് പോലീസ് ശ്രമിച്ചുവെന്ന് വ്യക്തമാകും. സര്‍ക്കാറിന്റെ ശക്തമായ ഇടപെടലുകളും മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയും രൂക്ഷമായ പ്രതികരണങ്ങളും ഉണ്ടായി എന്നതുകൊണ്ടുമാത്രമാണ് ഇപ്പോഴത്തെ നടപടികളെങ്കിലും ഉണ്ടായതെന്നും മുഖപ്രസംഗത്തിലുണ്ട്.
വാഹനത്തിലുണ്ടായിരുന്ന വഫ ഫിറോസ് എന്ന സഹയാത്രികയെ വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷമാണ് ശ്രീറാം വെങ്കിട്ടരാമനാണ് വാഹനമോടിച്ചതെന്ന് പൊലീസ് സമ്മതിച്ചത്. അതിന് മുമ്പ് തന്നെ നഗരത്തിലെ സ്വകാര്യ പഞ്ചനക്ഷത്ര ആശുപത്രിയില്‍ ചികിത്സ തേടുന്നതിനും പോലീസ് അനുവദിച്ചു. റിമാന്‍ഡ് ചെയ്യപ്പെട്ടതിന് ശേഷവും അവിടെ പോലീസ് സുരക്ഷയിലുള്ള സുഖചികിത്സയാണെന്ന് മാധ്യമങ്ങള്‍ കണ്ടെത്തിയപ്പോഴാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി അവിടെ നിന്ന് മാറ്റുന്നതിന് പോലീസ് തയ്യാറായത്.
പ്രഥമ വിവര റിപ്പോര്‍ട്ടിലും ബോധപൂര്‍വമായ പിശകുകള്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. മ്യൂസിയം പോലീസ് സ്റ്റേഷനില്‍ നിന്ന് നടന്നായാല്‍ പോലും അഞ്ചുമിനിട്ടിനകം എത്താവുന്ന അപകടം അറിഞ്ഞത് രാവിലെ മാത്രമെന്ന കള്ളം റിപ്പോര്‍ട്ടിലുണ്ടെന്നത് ഗൗരവതരമാണ്.
സംഭവസ്ഥലത്തുണ്ടായിരുന്ന ദൃക്‌സാക്ഷി അത്യാഹിത സഹായ നമ്പറില്‍ വിളിച്ചാണ് പൊലീസ് സ്ഥലത്തെത്തിയത്. അതിന് വ്യക്തമായരേഖകളുണ്ടാകും. എന്നിട്ടും രാവിലെ മറ്റൊരു വ്യക്തിയുടെ പരാതി ലഭിച്ചാണ് വിവരമറിഞ്ഞതെന്ന പച്ചക്കള്ളമെഴുതിവച്ചതും ദുരൂഹതയുടെയും ഗൂഢാലോചനയുടെയും ആഴമാണ് വ്യക്തമാക്കുന്നതെന്നും മുഖപ്രസംഗം പറയുന്നു.