അതിശക്തരുടെ ആശുപത്രിനാടകങ്ങൾ !

Posted on: August 4, 2019 8:23 pm | Last updated: August 5, 2019 at 8:27 pm

 

കടുത്ത നിരാശയാണ് തോന്നുന്നത്. ശ്രീറാം വെങ്കിട്ടരാമൻ കെ.എം.ബഷീറിനെ കാറിടിച്ചുകൊന്ന കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യത ഏറുകയാണ്. കൊലയാളിക്കുവേണ്ടി എല്ലാ സംവിധാനങ്ങളും ഒരുമുന്നണിയായി നിന്നു. ബഷീറിൻറെ കുഴിമാടത്തിലെ ചൂടാറുംമുമ്പ് ആ കുറ്റകൃത്യത്തിൻറെ തെളിവുകൾ ഇല്ലാതാവുന്നു. ശ്രീറാമിൻറെ രക്തത്തിൽ മദ്യത്തിൻറെ സാന്നിദ്ധ്യം കണ്ടെത്താനായില്ല എന്നാണ് പുറത്തുവരാനിരിക്കുന്ന ലാബ് റിപ്പോർട്ടെന്നാണ് വിവരം.

രക്തപരിശോധന ഒമ്പതുമണിക്കൂർ താമസിപ്പിച്ച്, മെഡിക്കൽ ബിരുദധാരിയും അധികാരിയും സ്വാധീനശേഷിയുള്ളവനും സമ്പന്നനും ഉന്നതകുലജാതനുമായ, കൂടുതൽ തുല്യനായ കുറ്റവാളിക്ക് പരിശോധനാഫലം അട്ടിമറിക്കാനുള്ള എല്ലാ സാഹചര്യവും ഉദ്യോഗസ്ഥ ദുഷ്‌പ്രഭുക്കൾ ഉണ്ടാക്കിക്കൊടുത്തു. സങ്കടകരമായ നീതിനിഷേധം!

രക്തപരിശോധനാഫലം അട്ടിമറിച്ചതുകൊണ്ട് നേരും നെറിവും നടപ്പാകാതിരിക്കരുത്. മുഖ്യമന്ത്രിയുടെ ഇന്നലത്തേയും ഇന്നത്തേയും വാക്കുകൾ വിശ്വാസത്തിലെടുക്കണമെങ്കിൽ ബഷീറിൻറെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേകസംഘത്തെ നിയോഗിക്കണം. കുറ്റം ചെയ്തവരേയും തെളിവ് നശിപ്പിച്ചവരേയും കൃത്യവിലോപവും അലംഭാവവും പക്ഷപാതവും കാട്ടിയവരേയും നിയമത്തിന് മുന്നിലെത്തിച്ച് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കണം.

എല്ലാമായ ഒരാൾ പൊടുന്നനെ ഇല്ലാതായതിൻറെ മരവിപ്പുമാറാത്ത ഒരു കുടുംബമുണ്ട്, അയാളുടെ കുഞ്ഞുമക്കളുണ്ട്, സ്തബ്ധരായിപ്പോയ, അയാളുടെ ബന്ധുക്കളുണ്ട്, സുഹൃത്തുക്കളുണ്ട്, സഹപ്രവർത്തകരുണ്ട്. ബഷീറിനൊപ്പം ഇല്ലാതായ അയാളുടെ നൂറായിരം സ്വപ്നങ്ങളുണ്ട്. ഒരുമരണം ശരിക്കും എത്രയോ ചെറുമരണങ്ങളാണ്.. അങ്ങനെ ചിതറിപ്പോയവരുടെ കൺമുമ്പിലാണ് ഈ അതിശക്തരുടെ ആശുപത്രിനാടകങ്ങൾ! ബഷീറിന് നീതി വേണം സർ…

മരിച്ചവർക്ക് നീതി വേണമെന്നുപറയുന്നത് ഒരു കറുത്ത തമാശയാണ്. ജീവൻ തിരികെക്കൊടുക്കാൻ ആകാത്തിടത്തോളം അയാളോട് ചേർന്നുനിന്ന ഒന്നിനും ഇനി നീതി നൽകാനാകില്ല. പക്ഷേ മരിച്ചുപോയവരെ ഇങ്ങനെ അപമാനിക്കരുത്. ഈ നാട് നിർവചിച്ചിട്ടുള്ള സ്വാഭാവികനീതി പേരിനെങ്കിലും പുലരണം.