പിതാവിന്റെ ചാരത്ത് മണ്ണോട് ചേർന്ന്…

Posted on: August 4, 2019 5:58 am | Last updated: August 5, 2019 at 8:05 pm
ഒരു നോക്കു കാണാൻ: കെ എം ബഷീറിന്റെ മയ്യിത്ത് തിരൂർ വാണിയന്നൂരിലെ വസതിയിൽ കൊണ്ടുവന്നപ്പോൾ

കോഴിക്കോട്: ജനലക്ഷങ്ങളുടെ സ്‌നേഹവായ്‌പേറ്റുവാങ്ങി കെ എം ബഷീറിന് പിതാവും സൂഫിവര്യനുമായ വടകര മമ്മദാജി തങ്ങളുടെ ചാരത്ത് അന്ത്യനിദ്ര. തിരുവന്തപുരം പ്രസ് ക്ലബ്ബിലും പിന്നീട് തിരൂർ വാണിയന്നൂരിലെ വീട്ടിലും സിറാജ് കോഴിക്കോട് ഹെഡ് ഓഫീസിലും പൊതുദർശനത്തിന് വെച്ച മയ്യിത്ത് വൻജനാവലിയുടെ സാന്നിധ്യത്തിൽ വടകര ചെറുവണ്ണൂരിലെ മലയിൽ മഖാമിൽ ഇന്നലെ പുലർച്ചെ 5.30 ഓടെ ഖബറടക്കി.

ബഷീറിനെ അവസാനമായി ഒരു നോക്ക് കാണാൻ തിരുവനന്തപുരത്തും തിരൂരിലെ വസതിയിലും സിറാജ് ഓഫീസിലും ചെറുവണ്ണൂരിലും സമൂഹത്തിന്റെ നാനാതുറകളിലുള്ള പതിനായിരങ്ങളാണ് എത്തിച്ചേർന്നത്. പ്രാസ്ഥാനിക പ്രവർത്തകരും പൊതുജനങ്ങളും ബഷീറിന്റെ സൗഹൃദ വലയത്തിൽപെട്ട മാധ്യമസംഘവും ഉൾപ്പെടെയുള്ളവർ അന്ത്യകർമങ്ങളിൽ പങ്കാളികളായി. തിരുവനന്തപുരത്ത് നിന്ന് രാത്രി പത്തരമണിയോടെയാണ് മയ്യിത്ത് വാണിയന്നൂരിലെ വസതിയിലെത്തിച്ചത്. പുതുതായി പണി കഴിപ്പിച്ച വീട്ടിലേക്ക് ചേതനയറ്റ് ബഷീർ എത്തിയപ്പോൾ കണ്ടുനിന്നവരിൽ ദു:ഖം അണപൊട്ടി. ബഷീറിന്റെ രണ്ട് കുരുന്നുകളെയും ഭാര്യയെയുമോർത്ത് അവർ വേദന പങ്കുവെച്ചു. ഒരു മണിക്കൂറോളമാണ് മയ്യത്ത് പൊതുദർശനത്തിന് വെച്ചത്.

വാണിയന്നൂരിലെ ശാദുലി ഹാളിൽ നടന്ന മയ്യിത്ത് നിസ്കാരത്തിന് സയ്യിദ് ഹബീബ് കോയ തങ്ങൾ ചെരക്കാപറന്പ് നേതൃത്വം നൽകുന്നു

വീടിനോട് ചേർന്നുള്ള ശാദുലി ഹാളിൽ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് സയ്യിദ് ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ് നേതൃത്വം നൽകി. പ്രാർഥനക്ക് സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ നേതൃത്വം നൽകി. സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, മന്ത്രി ഡോ. കെ ടി ജലീൽ, വി അബ്ദുർറഹ്‌മാൻ എം എൽ എ, സി മമ്മുട്ടി, അബ്ദുർറഹ്‌മാൻ രണ്ടത്താണി, തിരൂർ നഗരസഭാ ചെയർമാൻ കെ ബാവ എന്നിവർക്ക് പുറമെ വണ്ടൂർ അബ്ദുർറഹ്‌മാൻ ഫൈസി, എൻ അലി അബ്ദുല്ല, മജീദ് കക്കാട്, പി എൻ മുസ്തഫ കോഡൂർ, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ടി കെ അബ്ദുൽ ഗഫൂർ തുടങ്ങി കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് ജെ എം, എസ് എസ് എഫ്, ജില്ലാ നേതാക്കളും സിറാജ് കുടുംബാംഗങ്ങളും സംബന്ധിച്ചു. തുടർന്ന് 12.45നാണ് സിറാജ് പത്രത്തിന്റെ കോഴിക്കോട് ഹെഡ് ഓഫീസിൽ മയ്യിത്ത് എത്തിച്ചത്. വിവിധ മാധ്യമസ്ഥാപനങ്ങളിലെ ജീവനക്കാർ സന്നിഹിതരായിരുന്നു. മന്ത്രി എ കെ ശശീന്ദ്രന് പുറമെ പി ആർ ഡി ഡെപ്യൂട്ടി ഡയറക്ടർ ഖാദർ പാലാഴി, പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ, സെക്രട്ടറി സി നാരായണൻ, പി ടി നാസർ, രാജീവ് ശങ്കരൻ, മധുസൂദനൻ കർത്ത, പി അഹമ്മദ് ശരീഫ് തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. ഇവിടെ നടന്ന മയ്യത്ത് നിസ്‌കാരത്തിന് പി കെ എം അബ്ദുർറഹ്‌മാൻ സഖാഫി നേതൃത്വം നൽകി.

തുർന്ന് 2.30 ഓടെയാണ് ചെറുവണ്ണൂർ മലയിൽ മഖാമിൽ മയ്യിത്തെത്തിച്ചത്. സുബ്ഹി നിസ്‌കാരത്തിന് ശേഷം നടന്ന മയ്യിത്ത് നിസ്‌കാരത്തിന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി നേതൃത്വം നൽകി. തിരുവനന്തപുരത്തു നിന്നും മറ്റു ജില്ലകളിൽ നിന്നുമുള്ള പത്രപ്രവർത്തക യൂനിയൻ ഭാവാഹികളുൾപ്പെടെയുള്ള മാധ്യമപ്രവർത്തകർ മയ്യത്തിന് അകമ്പടിയായി ഇവിടെയെത്തിയിരുന്നു. സയ്യിദ് യഹ്‌യൽ ബുഖാരി തങ്ങൾ, വി പി എം ഫൈസി വില്ല്യാപ്പള്ളി, ചിയ്യൂർ മുഹമ്മദ് മുസ്‌ലിയാർ, ചിയ്യൂർ അബ്ദുർറഹ്‌മാൻ ദാരിമി, റഷീദ് മുസ്‌ലിയാർ ആയഞ്ചേരി,യു കെ അബ്ദുൽ മജീദ് മുസ്‌ലിയാർ, മുനീർ സഖാഫി ഓർക്കാട്ടേരി, മൂസ ദാരിമി, അഫ്‌സൽ കോളാരി തുടങ്ങിയവർ സംബന്ധിച്ചു.

മന്ത്രിമാരായ ടി പി രാമകൃഷ്ണൻ, കടന്നപ്പള്ളി രാമചന്ദ്രൻ, എ കെ ശശീന്ദ്രൻ, കെ മുരളീധരൻ എം പി, സി കെ നാണു എം എൽ എ, സി കെ റാശിദ് ബുഖാരി, പി എസ് ശ്രീധരൻ പിള്ള, സി പി അസീസ് മാസ്റ്റർ തുടങ്ങിയവർ ഇന്നലെ ചെറുവണ്ണൂരിലെ വസതി സന്ദർശിച്ചു.