Ongoing News
എഫ് ഐ ആറിൽ അട്ടിമറി; മദ്യമില്ല, വാഹനമോടിച്ചയാളും

തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ വണ്ടിയിടിച്ച് കൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ഐ എ എസിനെയും സുഹൃത്ത് വഫാ ഫിറോസിനെയും രക്ഷിക്കാൻ എഫ് ഐ ആറിൽ നടത്തിയ അട്ടിമറിക്ക് ചുക്കാൻ പിടിച്ചത് മ്യൂസിയം പോലീസ്. കേസിൽ പ്രതിയായ കൊലയാളിക്ക് രക്ഷപ്പെടാനുള്ള പഴുതൊരുക്കി എഫ് ഐ ആർ രേഖപ്പെടുത്തിയത് മ്യൂസിയം പോലീസ് സ്റ്റേഷനിലെ ക്രമസമാധാന പാലന എസ് ഐ ഹരിലാലിന്റെ നേതൃത്വത്തിലാണ്. ഈ സാഹചര്യത്തിൽ കൊലയാളികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കി വഴിവിട്ട നീക്കങ്ങൾ നടത്തിയ മ്യൂസിയം എസ് ഐ, സി ഐ എന്നിവർക്കെതിരെ നടപടിയെടുക്കണമമെന്നും പുതിയ എഫ് ഐ ആർ രേഖപ്പെടുത്തണമെന്നും വിവിധ കോണുകളിൽ ആവശ്യമുയർന്നിട്ടുണ്ട്.
നിയമങ്ങൾ അട്ടിമറിച്ചും കൊലയാളിക്ക് തെളിവ് നശിപ്പിക്കാൻ അവസരം നൽകിയ മ്യൂസിയം പോലീസ് ഉദ്യോഗസ്ഥർ ഗുരുതര വീഴ്ചയാണ് വരുത്തിയതെന്നും വീഴ്ച വരുത്തിയ പോലീസുകാർ തന്നെ കേസിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് മാറ്റി നിർത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ബഷീറിന്റെ അപകട വിവരമറിഞ്ഞെത്തിയ സഹപ്രവർത്തകരെ തന്ത്രപൂർവം കബളിപ്പിച്ച മ്യൂസിയം പോലീസ് ബഷീറിന്റെ സുഹൃത്തുക്കളെത്തുന്നതിന് മുമ്പ് തന്നെ പ്രതിയായ ശ്രീറാമിനെയും പെൺ സുഹൃത്ത് വഫാ ഫിറോസിനെയും പറഞ്ഞുവിടുകയായിരുന്നു. സ്റ്റേഷൻ ചുമതലയുള്ള സി ഐ സുനിലിന്റെ പിന്തുണയോടെയാണ് എസ് ഐ ഹരിലാൽ ശ്രീറാം വെങ്കിട്ടരാമിന് രക്ഷപ്പെടാനുള്ള പഴുതുകളൊരുക്കി എഫ് ഐ ആർ തയ്യാറാക്കിയത്. സ്റ്റേഷൻ ചുമതലയുണ്ടായിരുന്ന സി ഐ സുനിൽ സംഭവത്തിന് ശേഷം സ്റ്റേഷനിൽ നിന്ന് മുങ്ങിയിരുന്നു. പിന്നീട് രാവിലെയാണ് സ്റ്റേഷനിൽ തിരിച്ചെത്തിയത്. എഫ് ഐ ആറിൽ രേഖപ്പെടുത്തിയ 304 എ വകുപ്പ് ഉൾപ്പെടെ പ്രഥമ വിവര റിപ്പോർട്ടിലെ പ്രതിക്കനുകൂലമായ ഘടകങ്ങളെല്ലാം മ്യൂസിയം പോലീസിന്റെ ഇടപെടലുകളാണ് വ്യക്തമാക്കുന്നത്. മ്യൂസിയം പോലീസ് സ്റ്റേഷന്റെ 100 മീറ്റർ പരിധിയിൽ നടന്ന സംഭവം പോലീസ് അറിഞ്ഞത് 7.11 നാണെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. എന്നാൽ ഇതിന് മുമ്പ് പ്രതികളെ രക്ഷപ്പെടാൻ അനുവദിച്ച പോലീസ് പ്രതിയെ പരിശോധനക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതും റിപ്പോർട്ടിൽ മറച്ചുവെച്ചിരിക്കുകയാണ്. പെൺസുഹൃത്തിനെ യൂബർ ടാക്‌സി വിളിച്ച് രക്ഷപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരുടെ എതിർപ്പിനെ തുടർന്ന് രാത്രി മൂന്ന് മണിക്ക് വിളിച്ചുവരുത്തി വൈദ്യപരിശോധനക്ക് വിധേയമാക്കിയിരുന്നു. “രാവിലെ ഏഴ് മണിക്ക് പോലീസ് അറിഞ്ഞ കേസിൽ അതിന് നാല് മണിക്കൂർ മുമ്പ് വൈദ്യ പരിശോധന നടത്തിയിരുന്നുവെന്നത് കൗതുകകരമാണ്”.
പുലർച്ചെ നാലര മണിക്ക് പരാതിക്കാരനായ സൈഫുദ്ദീൻ ഹാജിയിൽ നിന്ന് മൊഴിയെടുത്ത പോലീസ് സമയം 7.17 നാണ് രേഖപ്പെടുത്തിയത്. മൊഴിയിൽ അമിത വേഗത, മദ്യപിച്ച് വാഹനമോടിക്കുക, ഓടിച്ചയാളുടെ പേര് എന്നിവയെല്ലാം നൽകിയിരുന്നെങ്കിലും ഇവയൊന്നും എഫ് ഐ ആറിലില്ല. അന്വേഷിച്ചെത്തിയ സുഹൃത്തുക്കൾക്ക് റാം, സിവിൽ സർവീസ്, കവടിയാർ എന്നും, വഫാ ഫിറോസ്, മരപ്പാലം, പട്ടം എന്നുമാണ് ഇരുവരുടെയും വിലാസമായി കാണിച്ചുകൊടുത്തത്. എന്നാൽ എഫ് ഐ ആറിൽ പ്രതികളുടെ വിലാസം സംബന്ധിച്ച് വിവരമില്ല എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബഷീറിനെ ഇടിച്ചുകൊന്ന വാഹനം ഓടിച്ചിരുന്ന ആളുടെ പേരും റിപ്പോർട്ടിലില്ല. മാത്രമല്ല ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമം 279, 304 എ എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. 279ാം വകുപ്പ് പ്രകാരം അമിത വേഗതയിൽ അപകടമാം വിധം വാഹനമോടിച്ചതിനും 304 എ പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യക്കുമാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വാഹനമോടിച്ചത് ആരാണ് എന്നതിന് അറിയില്ല എന്നാണ് എഫ് ഐ ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ശ്രീറാമിനെ സംരക്ഷിക്കുന്നതിനായി മദ്യപിച്ചു വാഹനമോടിച്ചുവെന്ന പരാമർശവും എഫ് ഐ ആറിലില്ല.
പ്രതികൾക്ക് ജാമ്യം ലഭിക്കുന്ന തരത്തിലാണ് എഫ് ഐ ആർ തയാറാക്കിയിരിക്കുന്നത്. എഫ് ഐ ആറിൽ പ്രകടമാകുന്നത് പോലീസിന്റെ മനഃപൂർവമായ തിരിമറിയാണ്. കാറോടിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമനെ സർക്കാർ ആശുപത്രിയിൽ കൊണ്ടു പോയി വൈദ്യപരിശോധനക്ക് വിധേയമാക്കുന്നതിന് പകരം സ്വകാര്യ ആശുപത്രയിലേക്ക് വിടുകയും മാധ്യമ പ്രവർത്തകരോട് കളവ് പറയുകയുമായിരുന്നു. വെങ്കിട്ടരാമനാണ് കാർ ഓടിച്ചിരുന്നതെന്നും മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നും സാക്ഷിമൊഴികൾ ഉണ്ടായിട്ടും അവയൊന്നും എഫ് ഐ ആറിൽ രേഖപ്പെടുത്താൻ പോലീസ് തയ്യാറായിട്ടില്ല. സാക്ഷിമൊഴികൾ പരിഗണിക്കാതെ തയ്യാറാക്കിയ എഫ് ഐ ആറിൽ പ്രകടമാകുന്നത് പോലീസിന്റെ കടുത്ത വീഴ്ചയാണ്.