Kerala
ശ്രീറാമിന് സുഖവാസ ചികിത്സയൊരുക്കാന്‍ മത്സരിച്ച് പോലീസും സ്വകാര്യ ആശുപത്രിയും; കള്ളക്കളി പൊളിച്ചെറിഞ്ഞ് മജിസ്‌ട്രേറ്റ്

തിരുവനന്തപുരം:മദ്യലഹരിയില്‍ കെ എം ബഷീറിനെ കാറിടിച്ച് കൊന്ന കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന പോലീസ് ശ്രീറാമിന് സ്വകാര്യ ആശുപത്രിയില്‍ സുഖവാസം തുടരാനുള്ള സഹായമാണ് ഇന്നും ചെയ്തുകൊണ്ടിരുന്നത്. ഗുരുതര ആരോഗ്യപ്രശ്‌നമുള്ളവരെ കൊണ്ടുപോകുന്ന ആത്യാധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സില്‍ ദേഹം പുതപ്പിട്ട് മൂടിയും മുഖംമറുച്ചുമാണ് വഞ്ചിയൂര്‍ മജിസ്‌ട്രേറ്റിന്റെ വീട്ടിന് മുന്നിലെത്തിച്ചത്. എന്നാല്‍ രേഖകള്‍ പരിശോധിച്ച മജിസ്‌ട്രേറ്റ് ശ്രീറാമിന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും സ്വകാര്യ ആശുപത്രിയില്‍ കഴിയേണ്ടതില്ലെന്നും നിരീക്ഷിച്ചു. ഇതിന് പിന്നാലെ ശ്രീറാമിനെ ജില്ലാ ജയിലിലേക്ക് മാറ്റാന്‍ ഉത്തരവിടുകയും ചെയ്തു. ഇതോടെ ശ്രീറാമിന് പഞ്ചനക്ഷത്ര സൗകര്യ ചികിത്സയൊരുക്കാന്‍ സ്വകാര്യ ആശുപത്രിയും പോലീസും ചേര്‍ന്ന് നടത്തിയ കള്ളക്കളികള്‍ പൊളിഞ്ഞു.
സ്‌ട്രെക്ചറില്‍ കിടത്തിയാണ് കിംസ് ആശുപത്രിയില്‍നിന്നും ആംബുലന്‍സിലേക്ക് മാറ്റിയത്. ദേഹം മുഴുവന്‍ തുണികൊണ്ട് മൂടുകയും ചെയ്തിരുന്നു. എന്നാല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് വന്നതോടെ നാടകം പൊളിയുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ ശ്രീറാം വെങ്കിട്ടരാമന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് കിംസ് ആശുപത്രിയില്‍ സുഖവാസ ചികിത്സ തേടിയത്.