ഐ എ എസുകാര്‍ ദൈവമല്ല, മദ്യപിച്ച് വണ്ടിയോടിക്കുന്ന ശ്രീറാമിനെ പോലുള്ള മണ്ടന്മാര്‍ വേറെയുമുണ്ട്: സുധാകരന്‍

Posted on: August 4, 2019 2:44 pm | Last updated: August 4, 2019 at 4:20 pm

ആലപ്പുഴ: രാത്രിയില്‍ മദ്യപിച്ച് വണ്ടിയോടിക്കുന്ന ശ്രീറാം വെങ്കിട്ടരാമനെ പോലുള്ള മണ്ടന്മാര്‍ സംസ്ഥാനത്ത് വേറെയുമുണ്ടെന്ന് മന്ത്രി ജി സുധാകരന്‍. ഐ എ എസുകാര്‍ ദൈവമൊന്നുമല്ല. അവരും മനുഷ്യര്‍ തന്നെയാണ്. ഐ എ എസ് കിട്ടിയെന്ന് കരുതി ആരും നന്നായെന്നു വരില്ല. അതൊരു പരീക്ഷ മാത്രമാണെന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു.

സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് സിറാജിന്റെ തിരുവനന്തപുരം യൂനിറ്റ് മേധാവി കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവെ പരാമര്‍ശിക്കവെയാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. ശനിയാഴ്ച പുലര്‍ച്ചെയാണ് 150 കിലോമീറ്റര്‍ വേഗതയില്‍ വന്ന കാറിടിച്ച് ബഷീര്‍ മരിച്ചത്. ഒരുമണിയോടടുത്ത് തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് സമീപത്തായിരുന്നു അപകടം.