സ്ഥാനമാനങ്ങള്‍ തടസ്സമല്ല; നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടി: മുഖ്യമന്ത്രി

Posted on: August 4, 2019 10:51 am | Last updated: August 4, 2019 at 3:03 pm

തൃശൂര്‍: നിയമ ലംഘകര്‍ എത്ര ഉന്നത പദവിയിലുള്ളവരായാലും കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിയുടെ സ്ഥാനമാനങ്ങളൊന്നും നടപടിക്കു തടസ്സമാകില്ല. നീതിയുടെയും നിയമത്തിന്റെയും മുന്നില്‍ എല്ലാവരും സമന്മാരാണ്. തൃശൂര്‍ പോലീസ് അക്കാദമിയില്‍ നടന്ന വനിതാ ബറ്റാലിയന്‍ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു പ്രസംഗിക്കവെയാണ് മുഖ്യമന്ത്രി നിലപാട് ആവര്‍ത്തിച്ചു വ്യക്തമാക്കിയത്.

ചിലരുടെ പെരുമാറ്റങ്ങളും പ്രവര്‍ത്തനങ്ങളും പോലീസിന്റെ നേട്ടങ്ങളെ കുറച്ചു കാണിക്കാന്‍ ഇടയാക്കുന്നുണ്ട്. മൂന്നാം മുറയും ലോക്കപ്പ് മര്‍ദനവുമൊന്നും സര്‍ക്കാര്‍ അനുവദിക്കില്ല. സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീര്‍ അപകടത്തില്‍ കൊല്ലപ്പെടാനിടയായതുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. മരണത്തിന് ഉത്തരവാദികളായ ആരും നിയമത്തിനു മുന്നില്‍ നിന്ന് രക്ഷപ്പെടില്ല. അതിനു വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.