Kerala
കെ എം ബഷീറിന്റെ മരണം; ശക്തമായ നടപടി വേണം :കാന്തപുരം

കോഴിക്കോട്: സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവിയും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ കെ എം ബഷീറിന്റെ അപകട മരണത്തില്‍ ശക്തമായ അന്വേഷണം നടത്തണമെന്നും കുറ്റവാളിക്ക് തക്കശിക്ഷ നല്‍കണമെന്നും സിറാജ് ദിനപത്രം ചെയര്‍മാനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു.
അമിത വേഗത്തില്‍ മദ്യപിച്ചു അപകടത്തിന് കാരണമായ വാഹനമോടിച്ചത് ശ്രീരാം വെങ്കിട്ടരാമനാണ് എന്ന് ദൃസാക്ഷികളെല്ലാം മൊഴി നല്‍കിയ സാഹചര്യത്തില്‍ പ്രതിയെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാന്‍ പോലീസ് അമാന്തിക്കരുത്. സിറാജ് ദിനപത്രത്തിന്റെ നെടുംതൂണായിരുന്നു, മര്‍കസില്‍ തന്റെ ശിഷ്യന്‍ കൂടിയായിരുന്ന കെ എം ബഷീര്‍. 2006തിരുവനന്തപുരം ബ്യൂറോ ചീഫായത് മുതല്‍ സത്യസന്ധവും ജനോപകാരപ്രദവുമായ നിരവധി സ്റ്റോറികള്‍ അദ്ദേഹം തയ്യാറാക്കി. മികച്ച നിയമസഭാ റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം വരെ നേടിയ കെ എം ബഷീറിന്റ മരണം സിറാജിനും സുന്നി പ്രസ്ഥാനത്തിനും കനത്ത നഷ്ടമാണെന്നും അദ്ദേഹം അറിയിച്ചു.