Kerala
ഒടുവില്‍ പോലീസിനും സമ്മതിക്കേണ്ടി വന്നു; വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍തന്നെ

തിരുവനന്തപുരം: ഒളിച്ചുകളികള്‍ക്കും കള്ളക്കളികള്‍ക്കുമൊടുവില്‍ കെഎം ബഷീറിന്റെ മരണത്തിനിടയാക്കിയ കാര്‍ ഓടിച്ചത് സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ട രാമന്‍തന്നെയെന്ന് പോലീസിന് സമ്മതിക്കേണ്ടി വന്നു. ശ്രീറാമിനെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം തന്നെയാണ് അപകടം വരുത്തിയ കാര്‍ ഓടിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തിയതായി ഡി സി പി മാധ്യമങ്ങളോട് പറഞ്ഞു. പരിശോധനക്കായി ശ്രീറാമിന്റെ രക്ത സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും ഡി സി പി പറഞ്ഞു. അന്വേഷണത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റയും മാധ്യമങ്ങളോട് പറഞ്ഞു.
ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാമ്പിള്‍ എടുത്തത്. അപകടം നടന്ന് പത്ത് മണിക്കൂറോളം വൈകിയാണ് രക്ത സാമ്പിള്‍ പരിശോധനക്കെടുത്തത് എന്നത് പോലീസിന്റെ വലിയ വീഴ്ചയായി വേണം കരുതാന്‍. സമയം വൈകുന്തോറും ശരീരത്തില്‍ മദ്യത്തിന്റെ അളവ് കുറയുമെന്നത് പ്രതിക്ക് രക്ഷപ്പെടാനുള്ള സാഹചര്യമൊരുക്കുമെന്ന ആശങ്ക നിലവിലുണ്ട്. അതേസമയം അപകടത്തില്‍പ്പെട്ട വാഹനങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഫോറന്‍സിക് പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്. കാറില്‍ ശ്രീറാം വെങ്കിട്ടരാമനൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസ് ശ്രീറാമാണ് വാഹനമോടിച്ചതെന്ന് മൊഴി നല്‍കിയിട്ടുണ്ട്.